മൃതദേഹം ലഭിക്കാതെ വിചാരണ, നിർണായകമായത് ശാസ്ത്രീയ പരിശോധന ഫലങ്ങൾ! ഷാബ ഷെരീഫ് വധക്കേസിൽ ശിക്ഷാവിധി ഇന്ന്

മൈസൂരു സ്വദേശിയും പാരമ്പര്യ വൈദ്യനുമായ ഷാബാ ഷെരീഫിനെ മൂലക്കുരുവിൻ്റെ ഒറ്റമൂലി രഹസ്യം ചേർത്തിയെടുക്കാൻ വേണ്ടി കൊലപ്പെടുത്തിയെന്നാണ് കേസ്
മൃതദേഹം ലഭിക്കാതെ വിചാരണ, നിർണായകമായത് ശാസ്ത്രീയ പരിശോധന ഫലങ്ങൾ! ഷാബ ഷെരീഫ് വധക്കേസിൽ ശിക്ഷാവിധി ഇന്ന്
Published on


പാരമ്പര്യ വൈദ്യൻ ഷാബ ഷെരീഫിനെ കൊലപ്പെടുത്തിയ കേസിൽ ശിക്ഷാവിധി ഇന്ന്. ഒരു വർഷത്തോളം നീണ്ട വിചാരണയ്‌ക്കൊടുവിലാണ് മഞ്ചേരി അഡീഷണൽ ജില്ലാ കോടതി വിധി പറയുന്നത്. മൃതദേഹമോ മൃതദേഹാവശിഷ്ടങ്ങളോ കണ്ടെത്താന്‍ കഴിയാത്ത കേസിൽ ശാസ്ത്രീയ പരിശോധന ഫലങ്ങളാണ് നിർണായകമായത്. കൊല്ലപ്പെട്ടയാളുടെ മൃതദേഹം ലഭിക്കാതെ വിചാരണ പൂർത്തിയാക്കിയ കേരളത്തിലെ അപൂർവ്വം കൊലക്കേസുകളിലൊന്നാണ് ഷാബ ഷെരീഫ് വധക്കേസ്.


മൈസൂരു സ്വദേശിയും പാരമ്പര്യ വൈദ്യനുമായ ഷാബാ ഷെരീഫിനെ മൂലക്കുരുവിൻ്റെ ഒറ്റമൂലി രഹസ്യം ചേർത്തിയെടുക്കാൻ വേണ്ടി കൊലപ്പെടുത്തിയെന്നാണ് കേസ്. 2019 ഓഗസ്റ്റില്‍ ഷാബാ ഷെരീഫിനെ മുഖ്യപ്രതി ഷൈബിൻ അഷ്റഫും സംഘവും മെെസുരുവില്‍ നിന്ന് തട്ടിക്കൊണ്ടുവന്ന് ഒന്നരവര്‍ഷത്തോളം ഷൈബിന്‍റെ നിലമ്പൂർ മുക്കട്ടയിലെ വീട്ടില്‍ തടവിലാക്കിയ ശേഷം 2020 ഒക്ടോബറിൽ കൊലപ്പെടുത്തി ചാലിയാറില്‍ ഒഴുക്കിയെന്നാണ് കേസ്. പുഴയില്‍ ഒഴുക്കിയ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്താന്‍ പൊലീസിനായില്ല.

എന്നാല്‍ സംസ്ഥാനത്ത് മറ്റൊരു കേസിലും നടത്താത്ത വിധം ശാസ്ത്രീയ പരിശോധനകളാണ് ഈ കേസിൽ നടത്തിയത്. ഈ പരിശോധന ഫലങ്ങളും സാക്ഷിമൊഴികളും കേസില്‍ നിർണായകമായി. മാപ്പുസാക്ഷിയായ കേസിലെ ഏഴാം പ്രതി നൗഷാദ് എന്ന മോനുവിൻ്റെ കുറ്റസമ്മതത്തോടെയാണ് ഷാബ ഷെരീഫ് വധം പുറംലോകം അറിഞ്ഞത്. ഒന്നരവർഷത്തോളം ഇരയെ ചങ്ങലക്കിട്ട് ക്രൂരപീഡനത്തിനിരയാക്കിയതിന്റെ നൗഷാദ് പകർത്തിയ ദൃശ്യങ്ങളും കേസിൽ സുപ്രധാന തെളിവായി. ഒപ്പം ഷൈബിൻ അഷ്റഫിന്‍റെ കാറിൽ നിന്ന് കണ്ടെത്തിയ തലമുടി, ഷാബാ ഷെരീഫിന്‍റേതാണെന്ന് ഡിഎൻഎ പരിശോധനയിൽ തെളിഞ്ഞതും വഴിത്തിരിവായി.


2024 ഫെബ്രുവരി 15ന് വിചാരണയാരംഭിച്ച കേസില്‍ ഷൈബിൻ അഷ്റഫും ഭാര്യയും ഉൾപ്പെടെ 15 പ്രതികളാണുള്ളത്. ഒളിവായിരുന്ന രണ്ട് പ്രതികളിൽ ഫാസിൽ എന്നയാള്‍ ഗോവയിൽ വെച്ച് മരിച്ചു. മറ്റൊരു പ്രതി ഷമീം ഇപ്പോഴും ഒളിവിലാണ്. വിചാരണയുടെ ഭാഗമായി എൺപത് സാക്ഷികളെ കോടതി വിസ്തരിച്ചിരുന്നു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com