2007 ജനുവരിയിൽ സിനിമ ചിത്രീകരണ സമയത്ത് ഹോട്ടൽ മുറിയിൽ വച്ച് ലൈംഗിക അതിക്രമം നടത്തിയെന്നാണ് നടിയുടെ പരാതി
ആലുവ സ്വദേശിനിയായ നടി നൽകിയ ലൈംഗിക പീഡനക്കേസിൽ നടനും സംവിധായകനുമായ ബാലചന്ദ്ര മേനോന്‍റെ ഇടക്കാല മുൻകൂർ ജാമ്യം നീട്ടി ഹൈക്കോടതി. ജാമ്യം നൽകുന്നതിനെ എതിർത്ത് റിപ്പോർട്ട് നൽകാൻ പ്രോസിക്യൂഷൻ കൂടുതൽ സമയം തേടിയതിനെ തുടർന്ന് ജസ്റ്റിസ് സി.എസ്. ഡയസ് ഹർജി പിന്നീട് പരിഗണിക്കാൻ മാറ്റുകയായിരുന്നു. അറസ്റ്റ് ചെയ്താൽ ഒരു ലക്ഷം രൂപയുടെ സ്വന്തവും രണ്ട് ജാമ്യക്കാരുടെയും ബോണ്ടിന്‍റെ അടിസ്ഥാനത്തിൽ ജാമ്യം അനുവദിക്കണമെന്ന ഇടക്കാല ഉത്തരവും അതുവരെ നീട്ടി. 2007ൽ ‘ദേ ഇങ്ങോട്ട് നോക്കിയേ’ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ ലൈംഗികാതിക്രമം നടത്തിയെന്ന നടിയുടെ പരാതിയിലാണ് തിരുവനന്തപുരം കന്‍റോണ്‍മെന്‍റ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്.
2007 ജനുവരിയിൽ സിനിമ ചിത്രീകരണ സമയത്ത് ഹോട്ടൽ മുറിയിൽ വച്ച് ലൈംഗിക അതിക്രമം നടത്തിയെന്നാണ് നടിയുടെ പരാതി. തിരുവനന്തപുരത്തെ ഹോട്ടലിൽ വച്ച് ഗ്രൂപ്പ് സെക്സിന് നിർബന്ധിച്ചുവെന്നും, മുറിയിൽ കയറി വന്ന് ലൈംഗിക അതിക്രമം നടത്തിയതായും നടി നല്‍കിയ പരാതിയില്‍ പറയുന്നു. പുറത്ത് പറഞ്ഞാൽ ചിത്രീകരിച്ച സിനിമാ രംഗങ്ങൾ ഒഴിവാക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും നടി ആരോപിച്ചു. ഭയപ്പെട്ടതുകൊണ്ടാണ് ഇതുവരെ പരാതി നൽകാതിരുന്നതെന്നുമാണ് നടിയുടെ വിശദീകരണം. 17 വർഷങ്ങൾക്ക് ശേഷം 2024 സെപ്റ്റംബറിൽ നടി പരാതി നൽകിയതടക്കം വിലയിരുത്തിയാണ് ജസ്റ്റിസ് സി.എസ്. ഡയസ് ബാലചന്ദ്ര മേനോന് മുൻകൂർ ജാമ്യം അനുവദിച്ചത്.
Also Read: ''ധാർമിക പ്രശ്നങ്ങൾ ഇല്ല''; രാജി വെക്കില്ലെന്ന് സജി ചെറിയാൻ
ആരോപണം അടിസ്ഥാനരഹിതമാണെന്നായിരുന്നു നടിയുടെ പരാതിയില്‍ ബാലചന്ദ്ര മേനോൻ്റെ ആദ്യ പ്രതികരണം. നേരത്തെ ആലുവ സ്വദേശിനിയായ ഈ നടിയും അഭിഭാഷകനും ബ്ലാക്മെയിൽ ചെയ്തെന്നാരോപിച്ച് ബാലചന്ദ്ര മേനോൻ സംസ്ഥാന പൊലീസ് മേധാവിക്കും മുഖ്യമന്ത്രിക്കും പരാതി നൽകിയിരുന്നു.
നടിയുടെ അഭിഭാഷകൻ മൂന്ന് തവണ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തി എന്നായിരുന്നു ബാലചന്ദ്ര മേനോൻ നൽകിയ പരാതി. പരാതി പ്രകാരം, സെപ്റ്റംബർ 13നാണ് ബാലചന്ദ്രമേനോന് ആദ്യ കോള്‍ വരുന്നത്. അഡ്വ. സന്ദീപ് എന്ന് സ്വയം പരിചയപ്പെടുത്തിയ വ്യക്തി നടനെതിരെ മൂന്ന് പീഡനക്കേസുകള്‍ വരുന്നതായി പറഞ്ഞു. അടുത്ത ദിവസം ആലുവയിലെ നടി ബാലചന്ദ്രന്‍റെ മേനോന്‍റെ ഫോട്ടോ "കമിങ് സൂണ്‍" എന്ന അടിക്കുറിപ്പോടെ സമൂഹ മാധ്യമത്തില്‍ പങ്കുവെച്ചുവെന്നും പരാതിയില്‍ പറയുന്നു.
Also Read: രുചിച്ച് നോക്കിയ ശേഷം ഐസ് പാക്കിങ്; നിർമാണ യൂണിറ്റ് അടച്ചു പൂട്ടി പൊലീസ്