ഐബി ഉദ്യോഗസ്ഥ ഗർഭിണിയായത് സുകാന്തിൽ നിന്ന് തന്നെയെന്ന് ഡോക്ടറുടെ മൊഴിയും അന്വേഷണത്തിൽ ഏറെ നിർണായകമായി
തിരുവനന്തപുരത്ത് ഐബി ഉദ്യോഗസ്ഥയുടെ മരണത്തിൽ പ്രതിയുടെ റിമാൻഡ് റിപ്പോർട്ടിലെ വിവരങ്ങൾ പുറത്ത്. സുകാന്ത് സുരേഷ് ഐബി ഉദ്യോഗസ്ഥയെ വിവാഹ വാഗ്ദാനം നൽകി ലൈംഗികമായി ചൂഷണം ചെയ്തു. ഐബി ഉദ്യോഗസ്ഥ ഗർഭിണിയായത് സുകാന്തിൽ നിന്ന് തന്നെയെന്ന ഡോക്ടറുടെ മൊഴിയും അന്വേഷണത്തിൽ ഏറെ നിർണായകമായി.
ഉദ്യോഗസ്ഥയിൽ നിന്നും പലതവണ പണം കൈപ്പറ്റിയിരുന്നു. വിവാഹത്തിൽ നിന്ന് പിന്മാറിയതാണ് ആത്മഹത്യയ്ക്ക് കാരണമെന്നും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. ഐബി ഉദ്യോഗസ്ഥയുടെ ആറുമാസത്തെ ശമ്പളം സുകാന്തിൻ്റെ അക്കൗണ്ടിലേക്ക് പോയതിന് തെളിവ് ലഭിച്ചിട്ടുണ്ട്. ജയ്‌പൂരിൽ വച്ച് ഐഎഎസ് കോച്ചിങ്ങിന് പഠിക്കുന്ന സമയത്ത് മറ്റൊരു യുവതിയെയും വിവാഹ വാഗ്ദാനം നൽകി ലൈംഗികമായി ചൂഷണം ചെയ്തതിനും തെളിവ് ലഭിച്ചിട്ടുണ്ട്.
കൂടാതെ ട്രെയിനിങ്ങിൻ്റെ സമയത്ത് മറ്റൊരു യുവതിയെയും വിവാഹ വാഗ്ദാനം നൽകി ലൈംഗികമായി ഉപയോഗിച്ചുവെന്നും കണ്ടെത്തിയിട്ടുണ്ട്. പ്രതി അപ്പാർട്ട്മെൻ്റിലും തിരുവനന്തപുരത്തും ചെന്നൈയിലും യുവതികളെ എത്തിച്ചുവെന്നും ലൈംഗിക ചൂഷണത്തിന് ഇരയാക്കിയെന്നും റിപ്പോർട്ടിൽ പറയുന്നു. ഉദ്യോഗസ്ഥയുടെ മരണത്തിന് പിന്നാലെ സുകാന്തിന് ഒളിവിൽ പോകാനുള്ള സഹായം ചെയ്തു നൽകിയത് അമ്മാവൻ മോഹനനാണ്. ഇയാളാണ് ഒളിവിൽ പോകാൻ വാഹനം ഏർപ്പെടുത്തുകയും, ഫാം ഹൗസിൽ ഒളിവിൽ താമസിപ്പിച്ചുവെന്നും കണ്ടെത്തിയിട്ടുണ്ട്. ഇയാൾ കേസിൽ രണ്ടാം പ്രതിയാണ്. സുകാന്തിനെ റിമാൻഡ് ചെയ്തിരിക്കുകയാണ്.
ALSO READ: വാഹനത്തിന് മുന്നിലേക്ക് ചാടിയെന്ന് ആരോപണം; അട്ടപ്പാടിയിൽ ആദിവാസി യുവാവിനെ വിവസ്ത്രനാക്കി മർദിച്ചു
ഐബി ഉദ്യോഗസ്ഥയും പ്രതിയും തമ്മിലുള്ള ടെലിഗ്രം ചാറ്റ് വീണ്ടെടുക്കാൻ സാധിച്ചത് അന്വേഷണത്തിന് ഏറെ നിർണായകമായി. പ്രതി സുകാന്തിന്റെ ഞെട്ടിപ്പിക്കുന്ന സന്ദേശമാണ് പൊലീസിന് ഇതിലൂടെ ലഭിച്ചത്. സുകാന്ത് യുവതിയോട് ആത്മഹത്യ തീയതി മുൻകൂട്ടി ചോദിച്ചിരുന്നു. ഓഗസ്റ്റ് ഒമ്പതിന് മരിക്കുമെന്ന് യുവതി മറുപടി നല്‍കുകയും ചെയ്തു. ഫെബ്രുവരി ഒൻപതിനാണ് ഈ സംഭാഷണം നടന്നത്.'എനിക്ക് നിന്നെ വേണ്ടെ'ന്നും 'നീ ഒഴിഞ്ഞ് പോയെങ്കിൽ മാത്രമേ എനിക്കവളെ കല്യാണം കഴിക്കാൻ സാധിക്കൂ' എന്നും സുകാന്ത് ചാറ്റിൽ പറയുന്നുണ്ട്. 'നീ പോയി ചാകണം' എന്നും പ്രതി നിരന്തരം യുവതിയോട് പറഞ്ഞിരുന്നു. പിന്നാലെയാണ് ഓഗസ്റ്റ് 9ന് മരിക്കുമെന്ന് യുവതി മറുപടി നൽകിയത്. എന്നാൽ അതിന് മുൻപ് തന്നെ യുവതി മരിച്ചു. ഈ വിവരങ്ങളും റിമാൻഡ് റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.