1990 മുതൽ 2023 വരെയുള്ള കണക്കുകള്‍ അപഗ്രഥിച്ചാണ് ലാന്‍സെറ്റ് റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്
നിയമവും ശിക്ഷാനടപടികളും ബോധവത്കരണവുമൊക്കെ വര്‍ധിക്കുമ്പോഴും ലൈംഗികാതിക്രമങ്ങള്‍ വര്‍ധിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. പ്രായപൂര്‍ത്തിയാകും മുന്‍പേ ഇത്തരം അതിക്രമങ്ങള്‍ നേരിടേണ്ടിവരുന്നവരുടെ എണ്ണവും വര്‍ധിക്കുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ ആശങ്കയുണ്ടാക്കുന്നതാണ്. ആഗോളതലത്തില്‍, അഞ്ച് പെൺകുട്ടികളിൽ ഒരാളും, ഏഴ് ആൺകുട്ടികളിൽ ഒരാളും 18 വയസ് തികയുന്നതിന് മുമ്പ് ലൈംഗിക അതിക്രമം നേരിടുന്നുണ്ടെന്നാണ് ലാൻസെറ്റിന്റെ പുതിയ പഠന റിപ്പോര്‍ട്ട്.
1990 മുതൽ 2023 വരെയുള്ള കണക്കുകള്‍ അപഗ്രഥിച്ചാണ് ലാന്‍സെറ്റ് റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്. യുഎസിലെ വാഷിംഗ്ടൺ യൂണിവേഴ്സിറ്റിയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹെൽത്ത് മെട്രിക്സ് ആൻഡ് ഇവാലുവേഷൻ ഗവേഷകരാണ് പഠനം നടത്തിയത്. ഏതെങ്കിലും തരത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കേസുകളാണ് സംഘം പഠനത്തിന് വിധേയമാക്കിയത്.
ഗാര്‍ഹിക പീഡനങ്ങളും, ലൈംഗികാതിക്രമങ്ങളുമൊക്കെ പലപ്പോഴും റിപ്പോര്‍ട്ട് ചെയ്യപ്പെടാതെ പോകുന്നതിനാല്‍, യഥാര്‍ഥ കണക്ക് ഇതിലും അധികമായിരിക്കുമെന്ന സൂചനയോടെയാണ് പഠന റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്. പ്രായപൂര്‍ത്തിയാകാത്ത കുട്ടികൾക്കെതിരായ ലൈംഗിക അതിക്രമത്തിൻ്റെ വ്യാപനം കണക്കാക്കുമ്പോൾ, പെണ്‍കുട്ടികള്‍ക്കെതിരായ അതിക്രമങ്ങൾ ഏറ്റവും കൂടുതൽ ദക്ഷിണേഷ്യയിലാണെന്നും പഠന റിപ്പോർട്ട് പറയുന്നു.
ALSO READ: ജീവനെടുക്കുന്ന പേപ്പട്ടികളും, ഏശാത്ത വാക്സിനും; ഭീതിയോടെ നാട്
സർവേയിൽ പങ്കെടുത്ത എല്ലാ രാജ്യങ്ങളിലും പൊതുസ്ഥിതി പരിശോധിച്ചാൽ, പെൺകുട്ടികൾക്കെതിരായ ലൈംഗികാതിക്രമത്തിന്റെ 7% . 12 വയസ്സിന് മുമ്പും 41·6% 16 വയസ്സിന് മുമ്പും 67·3%. 18 വയസ്സ് ആകുമ്പോഴേക്കും ലൈംഗികാതിക്രമം നേരിട്ടുവെന്നാണ് പറയുന്നത്.
ആൺകുട്ടികളുടെ സ്ഥിതിയും ഇതിൽ നിന്നും വ്യത്യസ്തമല്ല. 14·2% പേർ 12 വയസ്സ് പ്രായമാകുമ്പോൾ ലൈംഗിക അതിക്രമത്തിന് ഇരയാകുന്നു, 47·6% പേർ 16 വയസ്സ് പ്രായമാകുമ്പോഴും, 71·9% പേർ 18 വയസ്സ് പ്രായമാകുമ്പോഴും ലൈംഗിക പീഡനത്തിന് ഇരയാകുന്നുവെന്നാണ് റിപ്പോർട്ടിൽ വ്യക്തമാക്കയിരിക്കുന്നത്. ലൈംഗിക അതിക്രമങ്ങൾ ആദ്യം റിപ്പോർട്ട് ചെയ്യുന്നത് ബാല്യത്തിലും കൗമാരത്തിലുമാണെന്നും റിപ്പോർട്ട് പറയുന്നു.
ഇന്ത്യയിലേക്ക് എത്തുമ്പോള്‍, 2023 ൽ ആഗോളതലത്തിൽ പെൺകുട്ടികളിൽ 18.9 ശതമാനവും, ആൺകുട്ടികളിൽ 14.8 ശതമാനവും പേർ "18 വയസിന് മുമ്പ് ലൈംഗിക അതിക്രമങ്ങൾ നേരിട്ടുവെന്നും റിപ്പോർട്ടിൽ പറയുന്നു. 1990-20323 കാലഘട്ടത്തിൽ ഇന്ത്യയിൽ ഇത്തരത്തിൽ ലൈംഗിക അതിക്രമങ്ങൾ നേരിട്ടവർ 30.8 ശതമാനം ആണെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.
കുട്ടികൾക്കെതിരായ ലൈംഗിക അതിക്രമങ്ങൾ ആഗോളതലത്തിൽ കുട്ടികളുടെ സുരക്ഷയും ക്ഷേമവും കുറയ്ക്കുന്ന ആരോഗ്യ- മനുഷ്യാവകാശ പ്രശ്നമാണ്. കൂടാതെ ലൈംഗിക അതിക്രമങ്ങൾ നേരിട്ടാൽ പിന്നെയുണ്ടാകുന്ന അനന്തരഫലങ്ങൾ ഒരാളുടെ ദീർഘകാല ശാരീരിക-മാനസിക ആരോഗ്യത്തെയും, വിദ്യാഭ്യാസത്തേയും അത് ബാധിക്കുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു.
ഇത്തരത്തിൽ ലൈംഗിക അതിക്രമത്തിൽ നിന്ന് രക്ഷപ്പെടുന്നവരെ അവരുടെ ജീവിതകാലം മുഴുവൻ പിന്തുണയ്ക്കുന്നതിനും ലൈംഗിക അതിക്രമമില്ലാത്ത ബാല്യങ്ങൾ സൃഷ്ടിക്കുന്നതിനും കൂടുതൽ സേവനങ്ങളും സംവിധാനങ്ങളും സ്ഥാപിക്കണമെന്നും ഗവേഷകർ ആവശ്യപ്പെടുന്നുണ്ട്.