വാക്സിന്‍ എടുത്തിട്ടും പേ വിഷബാധയേറ്റതും, മരണം സംഭവിച്ചതും ആശങ്കയ്ക്ക് വഴിവെക്കുന്നു
സംസ്ഥാനത്ത് ഒരു മാസത്തിനിടെ മൂന്ന് കുട്ടികളുടെ മരണമാണ് പേ വിഷബാധയേറ്റത് മൂലമാണെന്ന് സ്ഥിരീകരിച്ചത്. അവർ മൂന്നുപേരും പ്രതിരോധ വാക്സിൻ എടുത്തവരാണ് എന്നതും ശ്രദ്ധേയം. പ്രാഥമിക ചികിത്സയും, മൂന്ന് ഡോസ് പ്രതിരോധ വാക്‌സിനും നൽകിയിട്ടും കുട്ടികളെ രക്ഷിക്കാൻ ഒരു സംവിധാനത്തിനും സാധിച്ചില്ല.
150-ലധികം രാജ്യങ്ങളിലായി പ്രതിവർഷം 59,000ത്തോളം മനുഷ്യ മരണങ്ങൾക്ക് റാബിസ് കാരണമാകുന്നുണ്ട് എന്നാണ് ലോകാരോഗ്യ സംഘടന പുറത്തുവിടുന്ന കണക്ക്. ഇതിൽ 95% കേസുകളും ആഫ്രിക്കയിലും ഏഷ്യയിലുമാണ് സംഭവിക്കുന്നത്.ഇതിൽ പകുതിയോളം കേസുകളിലും ഇരയാക്കപ്പെടുന്നത് 15 വയസിൽ താഴെയുള്ള കുട്ടികളാണ്.
ഗ്രാമ പ്രദേശങ്ങളിലാണ് കൂടുതലായും തെരുവനാ യ ആക്രമണം റിപ്പോർട്ട് ചെയ്യുന്നതെന്നും ലോകാരോഗ്യ സംഘടനയുടെ റിപ്പോർട്ടിൽ പറയുന്നു.
2030 ആകുമ്പോഴെക്കും ആഗോള തലത്തിൽ നായ ആക്രമണത്തിലൂടെ ഉണ്ടാകുന്ന പേവിഷബാധയും മരണവും ഇല്ലാതാക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നു.
ALSO READ: VIDEO | മഴ, വെള്ളപ്പൊക്കം, ചൂട്, തണുപ്പ്...; പഠിപ്പ് മുടക്കുന്ന കാലാവസ്ഥ
കേരളത്തിലെ സ്ഥിതി പരിശോധിച്ചാൽ, 2025ൽ ഇതുവരെ പേവിഷ ബാധയേറ്റ് 12 പേർ മരിച്ചെന്നാണ് റിപ്പോർട്ട്. 2017 ൽ 1.36 ലക്ഷം പേർക്ക് തെരുവുനായ്ക്കളുടെ കടിയേറ്റപ്പോൾ 2021ൽ 2.21 ലക്ഷമായും 2024 ൽ 3.17 ലക്ഷമായും വർധിക്കുന്ന സ്ഥിതിയാണ് ഉണ്ടായിരുന്നത്. 2024ൽ കൂടുതൽ പേർക്ക് പട്ടിയുടെ കടിയേറ്റത് തിരുവനന്തപുരം ജില്ലയിലാണെന്നും റിപ്പോർട്ടിൽ പറയുന്നു.
പേവിഷ ബാധയിൽ നിന്നും മുക്തി നേടാൻ വാക്‌സികളും, മരുന്നുകളും, ഉൾപ്പെടെയുള്ള സാങ്കേതിക വിദ്യകൾ ഇപ്പോൾ ലഭ്യമാണ്. എന്നിട്ട് വാക്സിനെടുത്തിട്ട് പോലും, ആളുകളുടെ ജീവൻ രക്ഷിക്കാൻ സാധിക്കുന്നില്ല, എന്നതാണ് ആളുകളെ ആശങ്കയിലാക്കുന്നത്. വാക്സിനെടുത്തിട്ട് പോലും, മരണം സംഭവിക്കുന്നു, പിന്നെ എന്താണ് ഇത്തരം ആരോഗ്യസംവിധാനങ്ങൾ കൊണ്ട് ഉദ്ദേശിക്കുന്നത്, പേവിഷ ബാധയേറ്റവരുടെ ജീവൻ രക്ഷിക്കാൻ പറ്റാത്തത് എന്തുകൊണ്ടാണ്... ഇതൊക്കയാണ് ഇപ്പോൾ സമൂഹത്തിൽ ഉയർന്നു വരുന്ന പ്രധാന ചോദ്യങ്ങൾ.
നായയുടെ കടിയേറ്റാൽ ശരീരത്തിലുണ്ടാകുന്ന മുറിവിൽ നിന്ന് വൈറസ് നാഡീകോശത്തിലേക്ക് പെട്ടെന്ന് കടക്കാനുള്ള സാധ്യത കൂടുതലാണ്. ഞരമ്പകളിലാണ് മുറിവേറ്റതെങ്കിൽ സ്ഥിതി സങ്കീർണമാകും.അത് പെട്ടെന്ന് തലച്ചോറിൽ എത്തും. നായയയുടെ കടിയേറ്റ് പേവിഷബാധ ഏൽക്കാതിരിക്കാൻ ചില മുൻകരുതലുകൾ സ്വീകരിക്കേണ്ടിയിരിക്കുന്നു. തെരുവനായയുടെ കടിയേറ്റാൽ ആദ്യം സോപ്പും വെള്ളവും ഉപയോഗിച്ച് മുറിവ് കഴുകുക എന്നതാണ് ആദ്യഘട്ടം. ഇത് പ്രധാനപ്പെട്ട ചികിത്സ കൂടിയാണെന്നാണ് ആഗോഗ്യ വിദഗ്ധർ പറയുന്നത്.
രണ്ടാമത്തെ ഘട്ടമായാണ് ഇമ്യൂണോ ഗ്ലോബുലിൻ മരുന്ന് കുത്തിവെപ്പിനെ കണക്കാക്കുന്നത്. ബാക്കിയുള്ള വൈറസുകളെ നീക്കം ചെയ്യുന്നതും പേവിഷബാധ ഏൽക്കാതെ 14 ദിവസത്തോളം പ്രതിരോധം തരുന്നത് ഈ കുത്തിവെപ്പാണ്.
റാബിസ് വാക്സിൻ കുത്തിവെപ്പ് എടുക്കുന്നതാണ് മൂന്നാമത്തെ ഘട്ടം. പേവിഷബാഘ ഉണ്ടാകുന്നത് പൂർണമായും പ്രതിരോധിക്കുക എന്നതാണ് റാബിസ് വാക്സിൻ കുത്തിവെപ്പ് എടുക്കുന്നതിൻ്റെ ലക്ഷ്യം. മുഖത്തും തലയിലും കടിയേറ്റാൽ പേവിഷബാധയ്ക്കുള്ള സാധ്യത കൂടുതലാണ്. മൂന്ന് ഡോസ് വാക്സിൻ മുൻകൂട്ടിയെടുക്കുന്നത് പേവിഷബാധയിൽ നിന്ന് ആജീവനാന്ത സംരക്ഷണം നൽകുന്നുവെന്നും ആരോഗ്യവിദഗ്ധർ അഭിപ്രായപ്പെടുന്നു.
തെരുവുനായ്ക്കൾ പെരുകുന്നത് നമ്മുടെ ശുചിത്വബോധത്തിൻ്റെ അലംഭാവത്തിലേക്കാണ് വിരൽചൂണ്ടുന്നത്. കുമിഞ്ഞു കൂടുന്ന മാലിന്യക്കൂമ്പാരത്തിന് ചുറ്റും ഭക്ഷണത്തിനായി ചുറ്റിത്തിരിയുന്ന നായ്ക്കൂട്ടങ്ങൾ പതിവ് കാഴ്ചയെന്നോളം മാറികഴിഞ്ഞു. നായക്കൂട്ടങ്ങൾക്ക് യാതൊരു ഉപദ്രവവും ഇല്ലാതെ നടന്നു പോകുമ്പോൾ കൂടിയും, അവ വഴിയാത്രക്കാർക്ക് നേരെ പാഞ്ഞടുക്കുന്നു. ഇത്തരം നായക്കൂട്ടങ്ങളെ നിയന്ത്രിക്കുന്നതിന് ആവശ്യമായ വന്ധ്യകരണ പ്രവർത്തനങ്ങൾ കൃത്യമായി നടത്താൻ വേണ്ട ഇടപെടലുകൾ സ്വീകരിക്കാത്തതും തെരുവുനായ ആക്രമണം കൂടുന്നതിന് ഇടയാക്കുന്നുണ്ട്.