കെപിസിസി അധ്യക്ഷ പദവി: പ്രവർത്തകരുടെ വികാരം മനസിലാക്കണം; രാഹുൽ മാങ്കൂട്ടത്തിലിന് പിന്തുണയുമായി ഷാഫി പറമ്പിൽ

യൂത്ത് കോൺഗ്രസ്‌ എല്ലാ കാലത്തും സ്വതന്ത്ര അഭിപ്രായം പറയാറുണ്ട്. അത് പാർട്ടിക്ക് നല്ലത് എന്ന സ്പിരിറ്റിൽ കോൺഗ്രസ് എടുക്കും
കെപിസിസി അധ്യക്ഷ പദവി: പ്രവർത്തകരുടെ വികാരം മനസിലാക്കണം; രാഹുൽ മാങ്കൂട്ടത്തിലിന് പിന്തുണയുമായി ഷാഫി പറമ്പിൽ
Published on


കെപിസിസി അധ്യക്ഷനെ സംബന്ധിച്ച അനിശ്ചിതത്വത്തിലെ രാഹുൽ മാങ്കൂട്ടത്തിലിനെ നിലപാടിനെ പിന്തുണച്ച് ഷാഫി പറമ്പിൽ എംപി. യൂത്ത് കോൺഗ്രസ്‌ എല്ലാ കാലത്തും സ്വതന്ത്ര അഭിപ്രായം പറയാറുണ്ട്. അത് പാർട്ടിക്ക് നല്ലത് എന്ന സ്പിരിറ്റിൽ കോൺഗ്രസ് എടുക്കും. അധ്യക്ഷപദവി പാർട്ടി ഉചിതമായ രീതിയിൽ ഉചിതമായ സമയത്ത് കൈക്കൊള്ളും. ഇക്കാര്യത്തിൽ പ്രവർത്തകരുടെ വികാരം മനസിലാക്കുമെന്ന് വിശ്വസിക്കുന്നുവെന്നും ഷാഫി പറമ്പിൽ പറഞ്ഞു.

നേതൃമാറ്റം സംബന്ധിച്ച തീരുമാനം ഉടൻ എടുക്കണം. നല്ലതെന്താണെന്ന് പാര്‍ട്ടിക്ക് അറിയാം. ഒരുപാട് അഭ്യൂഹങ്ങള്‍ക്ക് വഴിവെക്കരുത്. ഇക്കാര്യത്തിൽ സഭ ഇടപെട്ടു എന്ന പ്രചരണം തെറ്റാണെന്നും ഷാഫി പറമ്പിൽ പറഞ്ഞു. കോഴിക്കോട് മെഡിക്കൽ കോളേജിലെ പുക ഉയര്‍ന്ന കെട്ടിടം സന്ദര്‍ശിച്ചശേഷമായിരുന്നു അദ്ദേഹത്തിൻ്റെ പ്രതികരണം. സംഭവത്തിൽ ഗുരുതര വീഴ്ചയുണ്ടായിട്ടുണ്ട്. ഉത്തരവാദികളായവർക്കെതിരെ നടപടിയെടുക്കണം. മെഡിക്കൽ കോളേജിൽ പൂർണ സുരക്ഷ ഓഡിറ്റ് നടത്തണം. സ്വകാര്യ ആശുപത്രിയിലുള്ളവരുടെ ചികിത്സാ ചെലവ് സർക്കാർ വഹിക്കണമെന്നും ഷാഫി പറമ്പിൽ കൂട്ടിച്ചേർത്തു.

കെപിസിസി അധ്യക്ഷനെ സംബന്ധിച്ച അനിശ്ചിതത്വം പ്രവർത്തകരുടെ മനോവീര്യം തകർക്കുന്നതാണെന്നായിരുന്നു കഴിഞ്ഞദിവസം രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞത്. "മുതിർന്ന കോൺഗ്രസ് നേതാക്കൾ പക്വത കാണിക്കണം. യുവ നേതാക്കൾക്ക് ഒന്നും പറയാൻ ഇല്ലാഞ്ഞിട്ടല്ല. ആ വിമർശനം കൂടി താങ്ങാനുള്ള ശേഷി പാർട്ടിക്കില്ല. സാധാരണ പ്രവർത്തകരുടെ ആത്മവിശ്വാസം മുതിർന്ന നേതാക്കൾ തകർക്കരുത്. വരാൻ പോകുന്നത് അങ്കണവാടി തെരഞ്ഞടുപ്പ് അല്ല. തീരുമാനം ഉടൻ ഉണ്ടാകണമെന്നും യൂത്ത് കോൺഗ്രസിൻ്റെ വാട്സ്ആപ് ഗ്രൂപ്പിൽ രാഹുൽ വ്യക്തമാക്കിയിരുന്നു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com