യൂത്ത് കോൺഗ്രസിൻ്റെ വാട്സ്ആപ് ഗ്രൂപ്പിലാണ് രാഹുൽ നിലപാട് വ്യക്തമാക്കിയത്
കെപിസിസി അധ്യക്ഷനെ സംബന്ധിച്ച അനിശ്ചിതത്വത്തിൽ പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ്. നിലവിലെ അനിശ്ചിതത്വം പ്രവർത്തകരുടെ മനോവീര്യം തകർക്കുന്നതാണ്. തീരുമാനം ഉടൻ ഉണ്ടാകണമെന്നും യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മങ്കൂട്ടത്തിൽ പറഞ്ഞു. യൂത്ത് കോൺഗ്രസിൻ്റെ വാട്സ്ആപ് ഗ്രൂപ്പിലാണ് രാഹുൽ നിലപാട് വ്യക്തമാക്കിയത്.
"മുതിർന്ന കോൺഗ്രസ് നേതാക്കൾ പക്വത കാണിക്കണം. യുവ നേതാക്കൾക്ക് ഒന്നും പറയാൻ ഇല്ലാഞ്ഞിട്ടല്ല. ആ വിമർശനം കൂടി താങ്ങാനുള്ള ശേഷി പാർട്ടിക്കില്ല. സാധാരണ പ്രവർത്തകരുടെ ആത്മവിശ്വാസം മുതിർന്ന നേതാക്കൾ തകർക്കരുത്. വരാൻ പോകുന്നത് അങ്കണവാടി തെരഞ്ഞടുപ്പ് അല്ല. സ്വന്തം മുഖം വാർത്തയിൽ വരാൻ മുതിർന്ന നേതാക്കൾ എന്തും വിളിച്ചു പറയരുത്. കെപിസിസി പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ അനിശ്ചിതത്വം നേതൃത്വം നീക്കണം. പത്തുവർഷമായി യുവ നേതാക്കൾ പാലിക്കുന്ന അച്ചടക്കം മുതിർന്ന നേതാക്കൾ കണ്ടുപഠിക്കണം," രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു
അതേസമയം, കെപിസിസി അധ്യക്ഷൻ കെ. സുധാകരൻ കോണ്‍ഗ്രസിലെ നേതൃമാറ്റത്തെ സംബന്ധിച്ച് പ്രതികരിച്ചില്ല. വിഷയത്തെപ്പറ്റി ചോദിച്ച മാധ്യമ പ്രവർത്തകരോട് "ഒന്നും പറയാനില്ല മക്കളെ" എന്നാണ് സുധാകരൻ പറഞ്ഞത്. "കടും ചായയും കുടിച്ചിട്ട് വീട്ടിൽ പോയി കിടന്ന് ഉറങ്ങിക്കോളൂ" എന്നും സുധാകരൻ മാധ്യമങ്ങളോട് പറഞ്ഞു.
കെപിസിസി അധ്യക്ഷനെ തെരഞ്ഞെടുക്കുന്നതിൽ ഹൈക്കമാന്‍ഡാണ് ഫൈനല്‍ അതോറിറ്റി എന്നാണ് കോൺഗ്രസ് നേതാക്കൾ പറയുന്നത്. അപ്പോഴും നിലവിൽ അധ്യക്ഷനെ മാറ്റേണ്ട ആവശ്യമില്ലെന്നാണ് കെ. സുധാകരനും കെ. മുരളീധരനും ആവർത്തിക്കുന്നത്.
നേതൃമാറ്റം ഇപ്പോള്‍ ആരും ആവശ്യപ്പെട്ടിട്ടില്ല. എല്ലാത്തിനും ഫൈനല്‍ അതോറിറ്റി ഹൈക്കമാന്‍ഡാണ്. ഇടയ്ക്കിടക്ക് മാറ്റുമോ ഇല്ലയോ എന്ന് വരുന്നത് തന്നെ മോശമാണ്. ഇത് പാര്‍ട്ടിയെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തും. മാറ്റം നല്ലതിനല്ല എന്നാണ് തൻ്റെ അഭിപ്രായം എന്നുമാണ് മുരളീധരൻ പറഞ്ഞത്.
അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറാന്‍ തന്നോടാരും പറഞ്ഞിട്ടില്ലെന്നാണ് കെ. സുധാകരനും പറയുന്നത്. മാറാന്‍ പറയാത്തിടത്തോളം കാലം മാറേണ്ട കാര്യമില്ല. ഡല്‍ഹിയില്‍ ചര്‍ച്ച ചെയ്തത് കേരളത്തിന്റെ രാഷ്ട്രീയവും, വരാന്‍ പോകുന്ന തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കാര്യങ്ങളാണെന്നും സുധാകരന്‍ പറഞ്ഞിരുന്നു.