"ആരോപണം ഉന്നയിക്കുന്നത് സിനിമാ സംവിധാനം അറിയാത്തവർ"; വനിതാ സംവിധായകരുടെ പ്രസ്താവനകൾ തള്ളി ഷാജി എൻ. കരുൺ

സിനിമകൾക്ക് സാമ്പത്തിക സഹായം ലഭ്യമാക്കാൻ ചെയർമാൻ കാലതാമസം വരുത്തിയെന്ന ആരോപണവുമായി നാല് വനിതാ സംവിധായകർ രംഗത്തെത്തിയിരുന്നു
"ആരോപണം ഉന്നയിക്കുന്നത് സിനിമാ സംവിധാനം അറിയാത്തവർ"; വനിതാ സംവിധായകരുടെ പ്രസ്താവനകൾ തള്ളി ഷാജി എൻ. കരുൺ
Published on

സിനിമാ സംവിധാനം അറിയാത്ത ആളുകളാണ് തനിക്കെതിരെ ആരോപണം ഉന്നയിക്കുന്നതെന്ന് കേരള സ്റ്റേറ്റ് ഫിലിം ഡെവലപ്മെൻ്റ് കോർപ്പറേഷൻ (കെഎസ്എഫ്‌ഡിസി) ചെയർമാൻ ഷാജി എൻ. കരുൺ. സിനിമകൾ നിർമിക്കാനുള്ള സാമ്പത്തിക സഹായം വൈകിപ്പിപ്പിച്ചെന്ന വനിതാ സംവിധായകരുടെ ആരോപണത്തിനായിരുന്നു ഷാജി എൻ. കരുൺ മറുപടി നൽകിയത്.

കേരള സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷൻ ചെയർമാൻ ഷാജി എൻ. കരുണിനെതിരെ നാല് വനിതാ സംവിധായകർ ആരോപണം ഉന്നയിച്ചിരുന്നു. സിനിമകൾക്ക് സാമ്പത്തിക സഹായം ലഭ്യമാക്കാൻ ചെയർമാൻ കാലതാമസം വരുത്തിയെന്നായിരുന്നു ആരോപണം. സിനിമകൾക്ക് തുക അനുവദിച്ചതിൽ തനിക്ക് പങ്കില്ലെന്നും, മറ്റു വകുപ്പുകളാണ് പണം അനുവദിക്കുന്നതെന്നും, താൻ അക്കാര്യത്തിൽ ഉപദേശങ്ങൾ നൽകുക മാത്രമാണ് ചെയ്യുന്നതെന്നും ഷാജി എൻ. കരുൺ പറഞ്ഞു.

ഒരു ഫുട്‌ബോൾ കളിയിലെ കോച്ചിനെ പോലെയാണ് കെഎസ്എഫ്‌ഡിസി ചെയർമാൻ. കോച്ചെന്ന നിലയിൽ ശരിയല്ലാത്ത കാര്യങ്ങൾ ചൂണ്ടിക്കാണിച്ചാൽ വേദനിച്ചുവെന്ന് ആരും പറയാറില്ല. ഒരു സിനിമയ്ക്ക് എത്ര ചിലവ് വരുമെന്ന് അറിയാം. അത് ലംഘിക്കപ്പെട്ടതിനാലാണ് ഇടപെട്ടത്. സിനിമ നിർമാണത്തെ കുറിച്ച് നന്നായി അറിയുന്നത് കൊണ്ടാണ് ഇത്തരം ഇടപെടലുകൾ നടത്തുന്നതെന്നും ഷാജി എൻ. കരുൺ പറഞ്ഞു.

സിനിമ ഉണ്ടാക്കൽ മാത്രമല്ല കെഎസ്എഫ്‌ഡിസി ചെയർമാൻ്റെ ചുമതലയെന്ന് പറഞ്ഞ ഷാജി എൻ. കരുൺ ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സിനിമാ മേഖലയിലെ എല്ലാ വിഷയങ്ങളും ചർച്ച ചെയ്യപ്പെടണമെന്നും കൂട്ടിച്ചേർത്തു. സിനിമ കോൺക്ലേവിൽ എല്ലാ വിഭാഗത്തിനും കാര്യങ്ങൾ പറയാനുള്ള വേദിയുണ്ടാകുമെന്നും ഷാജി എൻ. കരുൺ വ്യക്തമാക്കി. സർക്കാർ സംഘടിപ്പിക്കുന്ന സിനിമ കോൺക്ലേവിൻ്റെ ചുമതലക്കാരൻ കൂടിയാണ് അദ്ദേഹം.

അതേസമയം, സിനിമാ നയരൂപീകരണ സമിതിയില്‍ ചലച്ചിത്ര വികസന കോര്‍പറേഷന്‍ ചെയര്‍മാനും സംവിധായകനുമായ ഷാജി എന്‍. കരുണിനെ ഉള്‍പ്പെടുത്തിയതിനെതിരെ പ്രതികരണവുമായി സംവിധായിക ഇന്ദു ലക്ഷ്മി രംഗത്തെതിയിരുന്നു. ഷാജി എന്‍. കരുണിൻ്റെ മനുഷ്യത്വരഹിതവും സ്ത്രീവിരുദ്ധപരവുമായ നിലപാടുകള്‍ക്കെതിരെ നിരന്തരമായി സര്‍ക്കാരിന് നിരവധി പേര്‍ പരാതി നല്‍കിയിട്ടുള്ളതാണെന്നും ഇന്ദു ലക്ഷ്മി പറഞ്ഞു. ന്യൂസ് മലയാളത്തിനോടായിരുന്നു ഇന്ദുവിന്റെ പ്രതികരണം.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com