എന്നാൽ കേന്ദ്ര സർക്കാർ ശശി തരൂരിനെ ഏഴംഗ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്
ഓപ്പറേഷൻ സിന്ദൂർ ലോകരാജ്യങ്ങളോട് വിശദീകരിക്കാൻ വിദേശത്തേക്ക് അയയ്‌ക്കേണ്ട പ്രതിനിധി സംഘത്തിൽ കോൺഗ്രസ് നൽകിയവരുടെ ലിസ്റ്റിൽ ശശി തരൂർ ഇല്ല. കോൺഗ്രസ് അഖിലേന്ത്യ ജനറൽ സെക്രട്ടറി ജയറാം രമേശാണ് ഇക്കാര്യം പുറത്തുവിട്ടത്.
മുൻ കേന്ദ്ര കാബിനറ്റ് മന്ത്രിആനന്ദ് ശർമ, ഐഎൻസി എൽഎസ്എസിൻ്റെ ഡെപ്യൂട്ടി ലീഡർ ഗൗരവ് ഗൊഗോയ്, ഡോ. സയ്യിദ് നസീർ ഹുസൈൻ എംപി, രാജ ബ്രാർ, എംപി,എന്നിവരുടെ പേര് ഉൾപ്പെടുത്തിയാണ് കഴിഞ്ഞ ദിവസം ലോക്‌സഭാ പ്രതിപക്ഷ നേതാവ് പാർലമെൻ്ററികാര്യ മന്ത്രിക്ക് കത്തെഴുതിയതെന്നും ജയറാം രമേശ് അറിയിച്ചു.
എന്നാൽ കേന്ദ്ര സർക്കാർ ശശി തരൂരിനെ ഏഴംഗ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ശശി തരൂരിനെ കൂടാതെ ബിജെപി എംപി രവി ശങ്കർ പ്രസാദ്, ജെഡിയു എംപി സഞ്ജയ് കുമാർ ഝാ, ഡിഎംകെ എംപി കനിമൊഴി കരുണാനിധി, എൻസിപി എംപി സുപ്രിയ സുലെ, ബൈജയന്ത് പാണ്ഡ, ശിവസേന എംപി ശ്രീകാന്ത് ഷിൻഡെ, എന്നിവരാണ് പട്ടികയിലുള്ള മറ്റ് പ്രതിനിധികൾ.
പ്രതിനിധി സംഘം യുഎൻ സുരക്ഷാ കൗൺസിൽ അംഗങ്ങളെ സന്ദർശിക്കുമെന്ന് പാർലമെന്ററികാര്യ മന്ത്രാലയം അറിയിച്ചുവെന്ന് എൻഡിടിവി റിപ്പോർട്ട് ചെയ്തു. "ഭീകരതയ്‌ക്കെതിരെ ഒരു വിട്ടുവീഴ്ചയുമില്ല എന്ന രാജ്യത്തിന്റെ ശക്തമായ സന്ദേശം അവർ ലോകത്തിന് മുന്നിൽ എത്തിക്കും,"എന്ന് പാർലമെന്ററികാര്യ മന്ത്രാലയം പുറത്തുവിട്ട പ്രസ്താവനയിൽ പറയുന്നു. രാഷ്ട്രീയത്തിനപ്പുറം, ദേശീയ ഐക്യത്തിൻ്റെ ശക്തമായ പ്രതിഫലനമാണെന്ന് കേന്ദ്രമന്ത്രി കിരൺ റിജിജു പറഞ്ഞു.