ശിവസേന- എസ്പി പോര് മുറുകുന്നു; മഹാരാഷ്ട്രയില്‍ സമാജ്‌വാദി പാർട്ടി ബിജെപിയുടെ ബി ടീം എന്ന് ആദിത്യ താക്കറെ

മഹാരാഷ്ട്രയിലെ സഖ്യത്തില്‍ ഉലച്ചിലുണ്ടായാല്‍ അത് ദേശീയ തലത്തില്‍ ഇന്ത്യാ മുന്നണിയേയും ബാധിച്ചേക്കും
ശിവസേന- എസ്പി പോര് മുറുകുന്നു; മഹാരാഷ്ട്രയില്‍ സമാജ്‌വാദി പാർട്ടി ബിജെപിയുടെ ബി ടീം എന്ന് ആദിത്യ താക്കറെ
Published on

മഹാരാഷ്ട്രയിൽ സമാജ്‌വാദി പാർട്ടി ബിജെപിയുടെ ബി ടീം പോലെയാണ് പെരുമാറുന്നതെന്ന് ശിവസേന ഉദ്ധവ് വിഭാഗം നേതാവ് ആദിത്യ താക്കറെ. ബാബറി മസ്ജിദ് തകർച്ചയെ അഭിനന്ദിച്ചുകൊണ്ടുള്ള ഉദ്ധവ് താക്കറെയുടെ അനുയായിയുടെ സോഷ്യൽ മീഡിയ പോസ്റ്റിൻ്റെ പേരിൽ മഹാവികാസ് അഘാഡി സഖ്യം വിടുമെന്ന് എസ്പി സംസ്ഥാന ഘടകം പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് ആദിത്യയുടെ പരാമർശം.

"ചില സമയങ്ങളിൽ എസ്പിയുടെ സംസ്ഥാന ഘടകം ബിജെപിയുടെ ബി ടീമിനെപ്പോലെയാണ് പ്രവർത്തിക്കുന്നത്. (എസ്പി ദേശീയ തലവൻ) അഖിലേഷ് യാദവ്ജി (ബിജെപിക്കെതിരെ) പോരാട്ടത്തിലാണ് (ബിജെപിക്കെതിരെ). എന്നാൽ നിയമസഭ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ എസ്പി ആരെയാണ് സഹായിച്ചത് എന്നതിനെക്കുറിച്ച് എന്നേക്കൊണ്ട് പറയിപ്പിക്കരുത്", ആദിത്യ താക്കറെ പറഞ്ഞു.

ബാബറി മസ്ജിദ് തകർച്ചയുമായി ബന്ധപ്പെട്ട മിലിന്ദ് നർവേക്കറിന്‍റെ എക്സ് പോസ്റ്റിന്‍റെ പേരിലാണ് എസ്പി മഹാ വികാസ് അഘാഡി സഖ്യത്തില്‍ നിന്നും പിന്‍വാങ്ങിയത്. പോസ്റ്റിനെ വിമർശിച്ച് മഹാരാഷ്ട്ര എസ്പി തലവന്‍‌ അബു അസ്മി രംഗത്തെത്തിയിരുന്നു.

"മഹാ വികാസ് അഘാഡിയിലെ ആരെങ്കിലും ഇത്തരം ഭാഷ സംസാരിക്കുകയാണെങ്കിൽ, ബിജെപിയും അവരും തമ്മിലുള്ള വ്യത്യാസം എന്താണ്? ഞങ്ങൾ എന്തിന് അവരോടൊപ്പം നിൽക്കണം?" അസ്മി ചോദിച്ചു.

Also Read: 'ഡൽഹി ചലോ' മാർച്ചിൽ വീണ്ടും സംഘർഷം; കണ്ണീർ വാതക പ്രയോഗത്തിൽ 15 കർഷകർക്ക് പരുക്ക്

ശിവസേനയുടെ 'ഹിന്ദുത്വ' എല്ലാവരെയും ഉള്‍ക്കൊള്ളുന്നതാണെന്നായിരുന്നു ആദിത്യ താക്കറെയുടെ മറുപടി.  "ബിജെപി 'സബ്കാ സാത്ത്, സബ്കാ വികാസ്' (എല്ലാവർക്കും പുരോഗതി) എന്ന് സംസാരിക്കുന്നു. ഞങ്ങൾ അത് തെരുവില്‍ പ്രാവർത്തികമാക്കുന്നു. ഉദ്ധവ് താക്കറെ എല്ലാവരേയും ഒപ്പം കൂട്ടുന്നു, മഹാരാഷ്ട്രയിലെ ജനങ്ങൾ അത് കാണുന്നുണ്ട്", ആദിത്യ താക്കറെ പറഞ്ഞു.

അതേസമയം, മഹാ വികാസ് അഘാഡി വിടുന്ന കാര്യത്തില്‍ എസ്പിയുടെ ഭാഗത്ത് നിന്നും അന്തിമ തീരുമാനം വന്നിട്ടില്ല. അഖിലേഷ് യാദവുമായുള്ള ചർച്ചകള്‍ക്ക് ശേഷം മാത്രമേ സഖ്യത്തിനുള്ള പിന്തുണ പിന്‍വലിക്കുന്ന കാര്യത്തില്‍ തീരുമാനമുണ്ടാകൂ. മഹാരാഷ്ട്രയിലെ സഖ്യത്തില്‍ ഉലച്ചിലുണ്ടായാല്‍ അത് ദേശീയ തലത്തില്‍ ഇന്ത്യാ മുന്നണിയേയും ബാധിച്ചേക്കും. 

മഹാരാഷ്ട്ര നിയമസഭയിൽ എസ്പിക്ക് രണ്ട് എംഎൽഎമാരാണുള്ളത്. മുംബൈയിലെ മാൻഖുർദ്-ശിവാജിനഗറിനെ പ്രതിനിധീകരിക്കുന്ന അസ്മി, താനെ ജില്ലയിലെ ഭിവണ്ടി ഈസ്റ്റിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട റയീസ് ഷെയ്ഖ് എന്നിവരാണ് സഭയിലെ എസ്പി എംഎല്‍എമാർ. 12 സീറ്റുകളാണ് എസ്പി ആവശ്യപ്പെട്ടത്. എന്നാല്‍ ആറു സീറ്റുകള്‍ മാത്രമാണ് ലഭിച്ചത്. ഇതില്‍ രണ്ടിടത്ത് മാത്രമാണ് എംവിഎയുടെ പിന്തുണയോടെ എസ്പിക്ക് വിജയിക്കാന്‍ സാധിച്ചത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com