മുഖ്യമന്ത്രിയുടെ അനാരോഗ്യം മൂലമാണ് താൻ ഉദ്ഘാടനം ചെയ്തത്. വാർത്ത നൽകിയ മാധ്യമങ്ങൾക്ക് മാത്രമാണ് തർക്കമുള്ളതെന്നും മന്ത്രി അറിയിച്ചു
സ്മാർട്ട് റോഡ് ഉദ്‌ഘാടനവുമായി ബന്ധപ്പെട്ട് മന്ത്രിമാർക്കിടയിൽ തർക്കമെന്ന വാർത്ത നിഷേധിച്ച് മന്ത്രി വി. ശിവൻകുട്ടി. മന്ത്രിമാർ മുഖ്യമന്ത്രിക്ക് കത്ത് കൊടുത്തെന്നത് വ്യാജ പ്രചാരണമാണ്. ആ കത്ത് കാണിച്ചാൽ നന്നായിരുന്നു. മുഖ്യമന്ത്രിയുടെ അനാരോഗ്യം മൂലമാണ് താൻ ഉദ്ഘാടനം ചെയ്തത്. വാർത്ത നൽകിയ മാധ്യമങ്ങൾക്ക് മാത്രമാണ് തർക്കമുള്ളതെന്നും മന്ത്രി അറിയിച്ചു.
ALSO READ: കൃത്യസമയത്ത് എത്തിയിട്ടും, ഓൺലൈനായി ടിക്കറ്റ് ബുക്ക് ചെയ്ത യാത്രക്കാരെ കയറ്റാതെ KSRTC ബസ്!
മന്ത്രിമാർക്കിടയിൽ തർക്കമെന്ന വാർത്ത മന്ത്രി എം.ബി. രാജേഷ് കഴിഞ്ഞ ദിവസം നിഷേധിച്ചിരുന്നു. വസ്തുതാ വിരുദ്ധമായ വാർത്തയാണെന്നും അത്തരം വാർത്ത കൊടുക്കുന്നത് അന്യായമെന്നും മന്ത്രി അഭിപ്രായപ്പെട്ടു. തെരഞ്ഞെടുപ്പ് വർഷങ്ങളിൽ ഇത്തരം വാർത്തകൾ പ്രതീക്ഷിക്കുന്നുവെന്നും, മറ്റൊരു പരിപാടിയിൽ പങ്കെടുക്കേണ്ടതിനാലാണ് സ്മാർട്ട് റോഡ് ഉദ്‌ഘാടനത്തിന് എത്താത്തതെന്നുമായിരുന്നു മന്ത്രിയുടെ വിശദീകരണം. പൊതുമരാമത്ത് വകുപ്പിനെതിരെ താൻ മുഖ്യമന്ത്രിയെ കണ്ട് പരാതി കൊടുത്തു എന്നത് തീർത്തും വസ്തുതാവിരുദ്ധമായ വാർത്തയാണെന്നും എം.ബി. രാജേഷ് പ്രതികരിച്ചിരുന്നു.
സ്മാര്‍ട്ട് റോഡുകളുടെ ക്രെഡിറ്റിനെ ചൊല്ലി മന്ത്രിമാരായ മുഹമ്മദ് റിയാസും എം.ബി. രാജേഷും തമ്മില്‍ തര്‍ക്കമുണ്ട്, സ്മാര്‍ട്ട് സിറ്റി റോഡ് ഉദ്ഘാടനത്തില്‍ തദ്ദേശ വകുപ്പിനെ അവഗണിച്ചതില്‍ എം.ബി. രാജേഷ് പരാതി ഉന്നയിച്ചെന്നായിരുന്നു പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍. ഉദ്ഘാടനത്തിൽ നിന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വിട്ടുനിന്നത് ഇതു മൂലമാണെന്ന തരത്തിലുള്ള വാർത്തകളും പുറത്തുവന്നിരുന്നു. മെയ് 16 ന് മാനവീയത്താണ് സ്മാർട്ട് റോഡ് ഉദ്ഘാടന ചടങ്ങ് നടന്നത്.