"ട്രംപിനെയും രാജ്യത്തെയും വെറുക്കുന്നു"; ദക്ഷിണാഫ്രിക്കൻ അംബാസഡർ ഇബ്രാഹിം റസൂലിനെ പുറത്താക്കി യുഎസ്

അമേരിക്കയെയും ഡൊണാൾഡ് ട്രംപിനെയും വെറുക്കുന്ന, വംശീയവാദിയായ രാഷ്ട്രീയക്കാരനെന്നാണ് വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോ ഇബ്രാഹിം റസൂലിനെ വിശേഷിപ്പിച്ചത്.
"ട്രംപിനെയും രാജ്യത്തെയും വെറുക്കുന്നു"; ദക്ഷിണാഫ്രിക്കൻ അംബാസഡർ ഇബ്രാഹിം റസൂലിനെ പുറത്താക്കി യുഎസ്
Published on

ദക്ഷിണാഫ്രിക്കൻ അംബാസഡർ ഇബ്രാഹിം റസൂലിനെ പുറത്താക്കി യുഎസ്. ഇബ്രാഹിം റസൂൽ രാജ്യത്തെയും പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെയും വെറുക്കുന്നുവെന്നാണ് വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോയുടെ ആരോപണം. മാർക്കോ റൂബിയോ തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിക്കൊണ്ടുള്ള കുറിപ്പ് എക്സിൽ പങ്കുവെച്ചത്.

"ദക്ഷിണാഫ്രിക്കയുടെ അമേരിക്കൻ അംബാസഡറിനെ നമ്മുടെ മഹത്തായ രാജ്യത്തേക്ക് ഇനി സ്വാഗതം ചെയ്യുന്നില്ല," മാർക്കോ റൂബിയോ എക്‌സിൽ പോസ്റ്റ് ചെയ്തു. അമേരിക്കയെയും ഡൊണാൾഡ് ട്രംപിനെയും വെറുക്കുന്ന, വംശീയവാദിയായ രാഷ്ട്രീയക്കാരനെന്നാണ് മാർക്കോ റൂബിയോ ഇബ്രാഹിം റസൂലിനെ വിശേഷിപ്പിച്ചത്. തങ്ങൾക്ക് അദ്ദേഹവുമായി ചർച്ച ചെയ്യാൻ ഒന്നുമില്ലെന്നും അതിനാൽ ഇബ്രാഹിം റസൂലിനെ നോൺ ഗ്രാറ്റയായി (മാതൃരാജ്യത്തേക്ക് തിരിച്ചുവിളിക്കേണ്ട വ്യക്തി) കണക്കാക്കുന്നെന്നും റൂബിയോ എക്സിൽ കുറിച്ചു.


ഇബ്രാഹിം റസൂലിനെ എന്തിനാണ് പുറത്തിക്കായതെന്നതിൽ മാർക്ക് റൂബിയോയോ സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റോ കൃത്യമായ വിശദീകരണം ഇതുവരെ നൽകിയിട്ടില്ല. എന്നാൽ, കഴിഞ്ഞ ദിവസം ദക്ഷിണാഫ്രിക്കൻ തിങ്ക് ടാങ്ക് സംഘടിപ്പിച്ച വെബിനാറിന്റെ ഭാഗമായി റസൂൽ നടത്തിയ ഒരു പ്രസംഗമാണ് ഇതിന് പിന്നിലെ കാരണമെന്നാണ് സൂചന. പ്രസംഗത്തിൽ ട്രംപ് ഭരണകൂടം സ്വീകരിച്ച നടപടികൾ മൂലം, യുഎസിൽ വെള്ളക്കാർ ഭൂരിപക്ഷമാകുന്നുവെന്ന് ഇബ്രാഹിം റസൂൽ പരാമർശിച്ചിരുന്നു.

അതേസമയം യുഎസ് വളരെ അപൂർവമായാണ് ഒരു അംബാസഡറെ പുറത്താക്കുന്നത്. ദക്ഷിണാഫ്രിക്കയുടെ അംബാസഡറെ പുറത്താക്കിയത് ശ്രദ്ധയിൽപ്പെട്ടതായി ദക്ഷിണാഫ്രിക്കൻ പ്രസിഡൻസിയുടെ സോഷ്യൽ മീഡിയ പോസ്റ്റിൽ പറയുന്നു. ഈ വിഷയത്തിൽ നയതന്ത്ര മാന്യത നിലനിർത്താൻ യുഎസിനോട് അഭ്യർഥിച്ചതായും പോസ്റ്റിൽ വ്യക്തമാക്കി.

യുഎസും ദക്ഷിണാഫ്രിക്കയും തമ്മിൽ സംഘർഷങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിലാണ് ഈ നീക്കമെന്നതും ശ്രദ്ധേയമാണ്. ഫെബ്രുവരിയിൽ, വെളുത്ത വംശജരായ കർഷകരിൽ നിന്ന് ഭൂമി പിടിച്ചെടുക്കാൻ അനുവദിക്കുന്ന നിയമം ചൂണ്ടിക്കാട്ടി ട്രംപ് ദക്ഷിണാഫ്രിക്കയ്ക്കുള്ള യുഎസ് സഹായം മരവിപ്പിച്ചിരുന്നു . സുരക്ഷാ കാരണങ്ങളാൽ ദക്ഷിണാഫ്രിക്കയിൽ നിന്ന് യുഎസിലേക്ക് പലായനം ചെയ്യാൻ ആഗ്രഹിക്കുന്ന ഏതൊരു കർഷകനെയും ക്ഷണിക്കുന്നെന്നും, അവർക്ക് പൗരത്വം നൽകാനുള്ള ദ്രുത മാർഗം ഒരുക്കുമെന്നും ട്രംപ് തന്റെ ട്രൂത്ത് സോഷ്യൽ പ്ലാറ്റ്‌ഫോമിൽ കുറിച്ചിരുന്നു.

വർണവിവേചന വിരുദ്ധ പ്രചാരകനായായിരുന്നു ദക്ഷിണാഫ്രിക്കൻ അംബാസഡർ ഇബ്രാഹിം റസൂലിൻ്റെ തുടക്കം. വർണവിവേചനത്തിനെതിരായ പ്രവർത്തനങ്ങളുടെ പേരിൽ ഇദ്ദേഹം ജയിൽവാസം അനുഭവിക്കുകയും ചെയ്തിരുന്നു. പിന്നീട് ദക്ഷിണാഫ്രിക്കൻ പ്രസിഡൻ്റ് നെൽസൺ മണ്ടേലയുടെ പാർട്ടിയായ ആഫ്രിക്കൻ നാഷണൽ കോൺഗ്രസിൽ ചേരുകയും, രാജ്യത്തെ പ്രമുഖ രാഷ്ട്രീയ വ്യക്തിത്വമായി മാറുകയും ചെയ്തു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com