ഇംപീച്ച് ചെയ്യപ്പെട്ട ദക്ഷിണകൊറിയന്‍ പ്രസിഡന്‍റിനെതിരെ കലാപക്കുറ്റം ചുമത്തി

രാജ്യത്ത് പട്ടാളനിയമം നടപ്പിലാക്കാനുള്ള പരാജയപ്പെട്ട ശ്രമത്തില്‍ കഴിഞ്ഞാഴ്ച യൂനിനെ അറസ്റ്റ് ചെയ്‌തിരുന്നു
ഇംപീച്ച് ചെയ്യപ്പെട്ട ദക്ഷിണകൊറിയന്‍ പ്രസിഡന്‍റിനെതിരെ കലാപക്കുറ്റം ചുമത്തി
Published on

ഇംപീച്ച് ചെയ്യപ്പെട്ട ദക്ഷിണകൊറിയന്‍ പ്രസിഡന്‍റ് യൂന്‍ സൂക് യോളിനെനെതിരെ കലാപകുറ്റം ചുമത്തി. രാജ്യത്ത് സൈനിക നിയമം നടപ്പിലാക്കാനുള്ള പരാജയപ്പെട്ട ശ്രമത്തില്‍ കഴിഞ്ഞാഴ്ച യൂനിനെ അറസ്റ്റ് ചെയ്തിരുന്നു. തുടർന്ന് ഔദ്യോഗികമായി തന്നെ യൂനിനെതിരെ കലാപത്തിന് നേതൃത്വം വഹിച്ചതായുള്ള വകുപ്പുകള്‍ ചുമത്താന്‍ അഴിമതി വിരുദ്ധ വിഭാഗമായ സിഐഒ ഉദ്യോഗസ്ഥർ ശുപാർശ ചെയ്തിരുന്നു. ദക്ഷിണകൊറിയയില്‍ പ്രസിഡന്‍റിന് ഇളവില്ലാത്ത ക്രിമിനല്‍ കുറ്റങ്ങളിലൊന്നാണ് കലാപശ്രമം. ജീവപര്യന്തം മുതല്‍ വധശിക്ഷയ്ക്ക് വരെ ശിക്ഷാർഹമായ വകുപ്പാണിത്.



ഉത്തര കൊറിയയോട് അനുഭാവം പുലർത്തുന്ന "രാജ്യവിരുദ്ധ" ശക്തികളിൽ നിന്ന് രാജ്യത്തെ സംരക്ഷിക്കാൻ താൻ സൈനിക നിയമം പ്രയോഗിക്കുകയാണെന്നായിരുന്നു യൂനിൻ്റെ പ്രഖ്യാപനം. ഇതിനു പിന്നാലെ എല്ലാ പാർലമെൻ്ററി പ്രവർത്തനങ്ങളും താൽക്കാലികമായി നിർത്തിവച്ചതായി സൈന്യം പ്രഖ്യാപിക്കുകയും മാധ്യമ സ്ഥാപനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്താൻ ശ്രമിക്കുകയും ചെയ്‌തിരുന്നു.

പ്രഖ്യാപനത്തിന് പിന്നാലെ പ്രതിപക്ഷ ഡെമോക്രാറ്റിക് പാർട്ടി നേതാവ് ലീ ജേ-മ്യുങ് ദേശീയ അസംബ്ലിയിൽ പ്രതിഷേധിക്കാൻ ജനങ്ങളോട് അഭ്യർഥിക്കുകയും ഉത്തരവ് റദ്ദാക്കാൻ ഉടൻ വോട്ടുചെയ്യാൻ തൻ്റെ സഹ നിയമനിർമാതാക്കളോട് ആവശ്യപ്പെടുകയും ചെയ്തു. യൂനിൻ്റെ പ്രഖ്യാപനം കഴിഞ്ഞ് രണ്ട് മണിക്കൂറിനുള്ളിൽ, ഒത്തുകൂടിയ 190 നിയമനിർമാതാക്കളും പ്രസിഡൻ്റിൻ്റെ പാർട്ടിയിൽ നിന്നുള്ള ചിലരും ഉൾപ്പെടെ സൈനിക നിയമം തടയാൻ ഏകകണ്ഠമായി വോട്ട് ചെയ്തു.

ഇതേതുടർന്ന് യൂനിനെ പാർലമെൻ്റ് ഇംപീച്ച് ചെയ്യുകയും ഡിസംബർ 14 ന് അദ്ദേഹത്തെ ചുമതലകളിൽ നിന്ന് സസ്പെൻഡ് ചെയ്യുകയും ചെയ്തു. സൈനികഭരണം അടിച്ചേൽപ്പിക്കാനുള്ള അദ്ദേഹത്തിൻ്റെ ശ്രമം രാജ്യത്തെ രാഷ്ട്രീയ പ്രതിസന്ധിയിലേക്ക് തള്ളിവിട്ടു. കൂടാതെ ദക്ഷിണ കൊറിയൻ ചരിത്രത്തിൽ കുറ്റകൃത്യം ചുമത്തപ്പെടുന്ന ആദ്യത്തെ സിറ്റിംഗ് പ്രസിഡൻ്റായി യൂന്‍ സൂക് യോൾ മാറി. യൂണിനെ പ്രസിഡൻ്റായി ഔദ്യോഗികമായി പിരിച്ചുവിടണോ അതോ അദ്ദേഹത്തെ പുനഃസ്ഥാപിക്കണോ എന്നതിനെക്കുറിച്ച് ഭരണഘടനാ കോടതി ചർച്ചകൾ ആരംഭിച്ചിട്ടുണ്ട്. യൂനിനെ സ്ഥാനത്തുനിന്നും നീക്കിയാൽ ദക്ഷിണ കൊറിയയിൽ 60 ദിവസത്തിനകം പ്രസിഡൻ്റ് തെരഞ്ഞെടുപ്പ് നടക്കും.


Related Stories

No stories found.
News Malayalam 24x7
newsmalayalam.com