
ഇന്ത്യ- കാനഡ സംഘർഷം മുറുകുന്നതിനിടെ കനത്ത നിലപാടുമായി ഇന്ത്യ. കഴിഞ്ഞ ദിവസം, ചില ഇന്ത്യൻ കോൺസുലർ ഉദ്യോഗസ്ഥർക്ക് അവർ ഓഡിയോ, വീഡിയോ നിരീക്ഷണത്തിലാണെന്ന് കനേഡിയൻ സർക്കാരിൽ നിന്ന് അറിയിപ്പ് ലഭിച്ചുവെന്നും, ഇത് നയതന്ത്ര കൺവെൻഷനുകളുടെ ലംഘനമാണ് എന്നും ഇന്ത്യ അറിയിച്ചു. കാനഡയുടെ ഭീഷണികളും പീഡനവും ന്യായീകരിക്കാൻ സാധിക്കില്ലെന്നും വാദിച്ച ഇന്ത്യ, കനേഡിയൻ സർക്കാരിനോട് പ്രതിഷേധം അറിയിച്ചു.
വിഷയത്തെ വിശദീകരിച്ച വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ, തങ്ങളുടെ ചില കോൺസുലർ ഉദ്യോഗസ്ഥർക്ക് അവർ ഓഡിയോ, വീഡിയോ നിരീക്ഷണത്തിന് കീഴിലാണെന്ന് കനേഡിയൻ ഗവൺമെൻ്റ് അടുത്തിടെ മുന്നറിയിപ്പ് നൽകിയതായി അറിയിച്ചു. ഇവരുടെ ആശയവിനിമയവും തടസപ്പെട്ടിട്ടുണ്ട്. ഈ നടപടികൾ പ്രസക്തമായ നയതന്ത്ര, കോൺസുലാർ കൺവെൻഷനുകളുടെ നഗ്നമായ ലംഘനമാണെന്ന് കരുതുന്നതിനാൽ കനേഡിയൻ സർക്കാരിനോട് ഔദ്യോഗികമായി പ്രതിഷേധമറിയിച്ചുവെന്നും രൺധീർ ജയ്‌സ്വാൾ കൂട്ടിച്ചേർത്തു.
കാനഡയിൽ തീവ്രവാദ- അക്രമ അന്തരീക്ഷത്തിൽ കഴിയുന്ന കോൺസുലർ ഉദ്യോഗസ്ഥർക്കെതിരായ ഈ നടപടി, സാങ്കേതിക കാരണങ്ങൾ നിരത്തിക്കൊണ്ട് കനേഡിയൻ ഗവൺമെൻ്റിന് ന്യായീകരിക്കാനാവില്ല. കനേഡിയൻ ഗവൺമെൻ്റിൻ്റെ ഈ നടപടി സ്ഥിതിഗതികൾ കൂടുതൽ വഷളാക്കുന്നവയാണെന്നും രൺധീർ ജയ്‌സ്വാൾ അറിയിച്ചു.
രാജ്യത്തെ ഖലിസ്ഥാൻ തീവ്രവാദികളെ ലക്ഷ്യംവെയ്ക്കാൻ ആഭ്യന്തര മന്ത്രി അമിത് ഷാ ഉത്തരവിട്ടുവെന്ന കനേഡിയൻ മന്ത്രിയുടെ അവകാശവാദങ്ങൾ കഴിഞ്ഞ ദിവസം ഇന്ത്യ തള്ളിയിരുന്നു. അസംബന്ധവും അടിസ്ഥാനരഹിതവുമായ ആരോപണമാണ് കാനഡ ഉന്നയിക്കുന്നതെന്നും, പ്രതിഷേധം രേഖപ്പെടുത്താൻ കനേഡിയൻ ഹൈക്കമ്മീഷൻ പ്രതിനിധിയെ നേരിട്ടു വിളിച്ച് വരുത്തിയതായും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
അതേസമയം, കാനഡ സൈബർ സുരക്ഷയിൽ ഇന്ത്യയെ ശത്രു രാഷ്ട്രങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തി. ദേശീയ സൈബർ ഭീഷണി 2025-26 റിപ്പോർട്ടിൽ സൈബർ എതിരാളിയെന്നാണ് ഇന്ത്യയെ ചൈന മുദ്രകുത്തിയത്. എന്നാൽ, അന്താരാഷ്ട്ര തലത്തിൽ ഇന്ത്യയെ ആക്രമിക്കാനും അപകീർത്തിപ്പെടുത്താനുമുള്ള മറ്റൊരു കനേഡിയൻ തന്ത്രമാണിതെന്ന് കേന്ദ്രം ഈ പ്രവർത്തിയെ വിശേഷിപ്പിച്ചു.