പ്രതിസന്ധിയില്‍ ചെെനീസ് സമ്പദ്ഘടന; പ്രതിരോധിക്കാന്‍ പ്രത്യേക സാമ്പത്തിക പാക്കേജ്

ചെെനീസ് സാമ്പത്തിക വളർച്ചയുടെ തൂണായി ഒരു കാലത്ത് കണ്ടിരുന്ന റിയല്‍ എസ്റ്റേറ്റ് മേഖലയുടെ തകർച്ചയില്‍ തുടങ്ങുന്നതാണ് ഈ വീഴ്ച
പ്രതിസന്ധിയില്‍ ചെെനീസ് സമ്പദ്ഘടന; പ്രതിരോധിക്കാന്‍ പ്രത്യേക സാമ്പത്തിക പാക്കേജ്
Published on

സമ്പദ്‌വ്യവസ്ഥ പൂർണമായി തകരുമെന്ന പ്രവചനം ചൈനയെ കുറച്ചൊന്നുമല്ല പേടിപ്പിക്കുന്നത്... വിപണിയിലേക്ക് പണമെത്തിച്ചും നിക്ഷേപങ്ങളെ പ്രോത്സാഹിപ്പിച്ചും സമ്പദ്‌വ്യവസ്ഥയെ ഉത്തേജിപ്പിക്കാനാണ് ഇപ്പോഴത്തെ ചൈനയുടെ ശ്രമം. എന്നാല്‍ ഈ ഇളവുകള്‍ക്ക് പ്രതിസന്ധിയെ തടഞ്ഞുനിർത്താൻ ആവുമോ എന്നതാണ് ചോദ്യം.

ആധുനിക ചെെനയുടെ ശില്‍പ്പിയായ ഡെങ് സിയാവോ പിംഗിന്‍റെ പിന്‍ഗാമിയെന്ന് വിശേഷിപ്പിക്കപ്പെട്ട ചെെനയുടെ ഇപ്പോഴത്തെ പ്രസിഡന്‍റ് ഷി ജിന്‍ പിങ് അധികാരത്തിലേറുന്നത് 2013ലാണ്. 2014ല്‍ ചെെനയുടെ ജിഡിപി വളർച്ച 7.4 ശതമാനവും. അക്കാലത്ത് ചെെനയില്‍ നടന്ന ഒരു സാമ്പത്തിക സർവ്വേയില്‍ മുന്‍കാലത്തേക്കാള്‍ മെച്ചപ്പെട്ട സാമ്പത്തിക നിലയിലാണ് തങ്ങളെന്ന് 77 ശതമാനം പേർ അടയാളപ്പെടുത്തി. ഇതേ സർവ്വേ 2023ല്‍ നടത്തിയപ്പോള്‍, വെറും 33 ശതമാനം മാത്രമാണ് പുരോഗതി അടയാളപ്പെടുത്തിയത്. ചെെനയുടെ ജിഡിപി വളർച്ചാനിരക്ക് 5.2 ശതമാനമായിരുന്നു ആ വർഷം.

ചെെനീസ് സാമ്പത്തിക വളർച്ചയുടെ തൂണായി ഒരു കാലത്ത് കണ്ടിരുന്ന റിയല്‍ എസ്റ്റേറ്റ് മേഖലയുടെ തകർച്ചയില്‍ തുടങ്ങുന്നതാണ് ഈ വീഴ്ച. വിറ്റുപോകാത്ത സ്ഥലം നിക്ഷേപകരെ കടക്കെണിയിലാക്കി. ആർക്കും വേണ്ടാത്ത കെട്ടിടങ്ങള്‍ പ്രേതാലയങ്ങളായി മാറി. വികസനത്തിന് വേണ്ടി ഏഴ് ലക്ഷം കോടി ഡോളറിന്‍റെ ആഗോള കടമുണ്ടാക്കി. 550 ലക്ഷം കോടി രൂപയ്ക്ക് തുല്യമാണ് ഈ തുക. ജപ്പാന്‍റെ ബുള്ളറ്റ് ട്രെയിന്‍ നെറ്റ്‌വർക്കിന് സമാനമായി 25,000 മെെല്‍ ഹെെസ്പീഡ് റെയില്‍ പാതയുണ്ടാക്കിയെങ്കിലും അതില്‍ പലതും ആളില്ലാ സ്റ്റേഷനുകളായി അവശേഷിച്ചു.

കൊവിഡ് കാലത്തെ ശമ്പളം വെട്ടിച്ചുരുക്കലും കൂട്ടപ്പിരിച്ചുവിടലും കൂടിയായതോടെ, തൊഴിലില്ലായ്മയും വരുമാന നഷ്ടവും കടുത്തു. കഴിഞ്ഞ വർഷം സർക്കാർ തൊഴിലില്ലായ്മ കണക്കുകള്‍ പുറത്തുവിടാതെ തടയുന്ന അവസ്ഥവരെയുണ്ടായി. വിപണിയിലേക്ക് പണം ചെലവഴിക്കാന്‍ വിമുഖത പ്രകടമായി. രാജ്യത്തെ ഏറ്റവും വലിയ ഇ-കൊമേഴ്സ് സ്ഥാപനമായ ആലി ബാബ മാർച്ച്-ഏപ്രില്‍ മാസത്തില്‍ ഒരു ശതമാനത്തിന്‍റെ നഷ്ടം നേരിട്ടു. ജൂണായപ്പോഴേക്കും സിനിമാവിപണിയില്‍ വരുമാനം കഴിഞ്ഞ വർഷത്തേതില്‍ നിന്ന് നേർപകുതിയായി ഇടിഞ്ഞു. അന്താരാഷ്ട്ര ലക്ഷ്വറി ബ്രാന്‍ഡുകള്‍ പലതും ബ്രാഞ്ചുകളടച്ചും തൊഴിലാളികളെ വെട്ടിക്കുറച്ചും പിന്‍വാങ്ങി. ചെെനയുടെ തീന്‍മേശയില്‍ നിന്ന് പോർക്കിനെ ഇറക്കിവിട്ട് വില കുറഞ്ഞ ബീഫ് മാംസത്തിലേക്ക് തിരിയാന്‍ വരെ നിർബന്ധിതരാക്കിയിരിക്കുകയാണ് സാമ്പത്തിക തകർച്ച.

ഇതിനിടെയാണ് രാജ്യസുരക്ഷ മുന്‍നിർത്തി ചെെനീസ് വാഹനങ്ങളെ അമേരിക്കയുടെ നിരത്തുകളില്‍ നിന്ന് തുരത്താനുള്ള ബെെഡന്‍റെ ഏറ്റവും പുതിയ നിർദേശമെത്തുന്നത്. ചെെനീസ് സോഫ്റ്റ് വെയറുകള്‍ ഉപേക്ഷിക്കണമെന്ന് മറ്റ് വാഹന നിർമ്മാതാക്കളോടും അമേരിക്ക ആവശ്യപ്പെടുന്നു. ഡ്രെെവറില്ലാ കാറുകളുടേത് അടക്കം ചെെനയുടെ ഭാവി പ്രതീക്ഷകള്‍ക്കാണ് ഇത് കത്തിവെയ്ക്കുന്നത്. നിലവില്‍ ഇലക്ട്രിക് വാഹനങ്ങള്‍ മുതല്‍ ഗൃഹോപകരണങ്ങള്‍ വരെ നീളുന്ന ഹെെ ടെക് സാങ്കേതിക വിദ്യയുടെ കയറ്റുമതിയില്‍ താങ്ങിനില്‍ക്കുന്ന സമ്പദ്‌വ്യവസ്ഥ മറ്റു വിപണികള്‍ മുഖം തിരിക്കുന്നതോടെ പ്രതിസന്ധിയിലാകും.

വിപണിയിലേക്ക് പണമെത്തിക്കേണ്ട ചെെനയുടെ തൊഴിലാളി ബലവും നേർത്തുവരികയാണ്. വിരമിക്കല്‍ പ്രായം ഉയർത്തി ഈ തകർച്ച പിടിച്ചുനിർത്താന്‍ ശ്രമിക്കുന്നുണ്ടെങ്കില്‍ അടുത്ത ഒരു പതിറ്റാണ്ടിലേക്കുള്ള താത്കാലിക പരിഹാരമേ ഇതുണ്ടാക്കൂ. 2035ഓടെ ബ്രിട്ടന്‍റെ ജനസംഖ്യയുടെ അത്രയും പേർ ഒരുമിച്ച് വിരമിക്കും. ഇപ്പോള്‍ തന്നെ പെന്‍ഷന്‍ ഫണ്ട് വറ്റിയ ട്രഷറികള്‍ ഈ കൂട്ടയിറക്കത്തെ നേരിടാന്‍ പത്തു വർഷം കൊണ്ട് സജ്ജമാകണമെന്ന് അർഥം.

READ MORE: നൂറുകണക്കിന് അപേക്ഷകൾ ബാക്കി; കുട്ടികളുടെ രാജ്യാന്തര ദത്തെടുക്കൽ പദ്ധതി അവസാനിപ്പിക്കുന്നതായി ചൈന



Related Stories

No stories found.
News Malayalam 24x7
newsmalayalam.com