സ്ഥലം അനുവദിച്ചത് ജാതിസ്പർദ്ധ വളർത്തുന്നതിനും സവർണാധിപത്യം നിലനിർത്തുന്നതിനുമുള്ള ഗൂഢാലോചനയാണെന്നാണ് പരാതി
പാലക്കാട് നഗരസഭയുടെ മാട്ടുമന്ത പൊതു ശ്മശാനത്തിൽ എൻഎസ്എസിന് പ്രത്യേക ഭൂമി അനുവദിച്ച സംഭവത്തിൽ ജില്ലാ കളക്ടർക്കു പരാതി. സ്ഥലം അനുവദിച്ചത് ജാതിസ്പർദ്ധ വളർത്തുന്നതിനും സവർണാധിപത്യം നിലനിർത്തുന്നതിനുമുള്ള ഗൂഢാലോചനയാണെന്നാണ് പരാതി. ബിജെപിക്ക് നഗരസഭ നിലനിർത്തി കൊണ്ടുപോകാനുള്ള രാഷ്ട്രീയ ഗൂഢാലോചനയും പിന്നിലുണ്ടെന്നും ജാതി വിഭജനമാണ് നടന്നിട്ടുള്ളതെന്നും ഓൾ കേരള ആന്റി കറപ്‌ഷൻ ആൻഡ് ഹ്യൂമൻ റൈറ്റ്സ് പ്രൊട്ടക്ഷൻ കൗൺസിൽ നൽകിയ പരാതിയിൽ പറയുന്നു.
എൻഎസ്എസിന് മാട്ടുമന്ത പൊതു ശ്മശാനത്തിൽ ശവസംസ്‌കാരത്തിന് ഷെഡ് പണിയാന്‍ എൻഎസ്എസ് കരയോഗത്തിന് അനുമതി ലഭിച്ചതിന് പിന്നാലെ ഭൂമി ആവശ്യപ്പെട്ട് കൂടുതൽ ജാതി സംഘടനകൾ രംഗത്തെത്തിയിരുന്നു. വിശ്വകർമ, ഈഴവ സമുദായം എന്നിവരാണ് നഗരസഭ സെക്രട്ടറിക്ക് കത്ത് നൽകിയത്. എൻഎസ്എസിന് കൊടുക്കാമെങ്കിൽ പ്രത്യേക ഭൂമി തങ്ങൾക്കും വേണമെന്ന് ആവശ്യപെട്ടാണ് കത്ത്. അതേസമയം, പൊതുശ്മശാനത്തെ നിർമാണ പ്രവൃത്തികൾ തൽക്കാലികമായി നിർത്തിയെന്നും അടുത്തയാഴ്ച പുനരാരംഭിക്കുമെന്നും നഗരസഭ ചെയർപേഴ്സൺ പറഞ്ഞു.
പാലക്കാട് നഗരസഭയുടെ കീഴിലുള്ള പൊതു ശ്മശാനത്തിലാണ് എൻഎസ്എസ് കരയോഗത്തിന് ശവസംസ്കാരത്തിന് ഷെഡ് നിർമിക്കാനായി അനുവാദം നൽകിയത്. നഗരസഭ ഇതിനായി 20 സെൻ്റ് സ്ഥലം അളന്നു തിട്ടപ്പെടുത്തി അതിർത്തി നിശ്ചയിച്ചു നൽകി. പിന്നാലെ 20 സെന്റിന് ചുറ്റും അതിര് തിരിക്കുന്ന പ്രവർത്തനങ്ങളും ആരംഭിച്ചു. വിവിധ ജാതി മതവിഭാഗങ്ങൾക്ക് പൊതുശ്മശാനത്തിൽ അതിര് തിരിച്ചുനല്‍കുന്നത് ജാതി സമ്പ്രദായത്തിലേക്കുള്ള തിരിച്ചുപോക്കിന് കാരണമാകുമെന്നാണ് ഉയരുന്ന പ്രധാന വിമർശനം.