SPOTLIGHT |അറിയേണ്ടേ, കുട്ടികള്‍ ചുറ്റികയുമായി കൊല്ലാന്‍ നടക്കുന്നത്?

സര്‍വത്ര വയലന്‍സ് നിറഞ്ഞ ലോകമാണ് ഇന്നു പല ചെറുപ്പക്കാരും ഉള്ളില്‍ സൃഷ്ടിക്കുന്നത്. ഹോറര്‍ സിനിമകളും ഒടിടി പ്ലാറ്റ്‌ഫോമുകളിലെ വിദേശ പരമ്പരകളുമൊക്കെ കലാരൂപം എന്നതിനപ്പുറം പലര്‍ക്കും ജീവിതമായി മാറുകയാണ്.
SPOTLIGHT |അറിയേണ്ടേ, കുട്ടികള്‍ ചുറ്റികയുമായി കൊല്ലാന്‍ നടക്കുന്നത്?
Published on

ഒരു ചെറുപ്പക്കാരന്‍ ബൈക്ക് ഓടിച്ച്, രണ്ടു മണിക്കൂറിനുള്ളില്‍ മൂന്നു വീടുകളിലെത്തി അഞ്ചുപേരെ കൊല്ലുക. ക്യാന്‍സര്‍ രോഗിയായ മാതാവിനെ ഗുരുതരമായി പരുക്കേല്‍പ്പിക്കുക. അതില്‍ നാലും ഉറ്റബന്ധുക്കളും അഞ്ചാമത്തേത് മനസ്സുകൊണ്ട് ഏറ്റവും ചേര്‍ന്നിരുന്നയാളും. ഈ വിവരം പൊലീസ് അറിയിക്കുമ്പോഴല്ലാതെ നാട്ടുകാര്‍ ആരും അറിയാതിരിക്കുക. ഇങ്ങനെ ഒരു കൊലപാതക പരമ്പര നടത്താന്‍ മാത്രം മാനസിക നിലയുള്ളയാളാണ് ആ ചെറുപ്പക്കാരന്‍ എന്ന് അതുവരെ ഒരു സംശയവും ഉണ്ടാകാതിരിക്കുക. തലമുറവിടവിന്റെ ഏറ്റവും ഗുരുതരമായ അവസ്ഥയിലാണ് ഇന്നു കേരളം. ചെറുപ്പക്കാരുടെ മനസ്സ് ഏതെല്ലാം വഴിയിലൂടെ കടന്നുപോകുന്നു എന്ന് ഊഹിക്കാന്‍ പോലും ആര്‍ക്കും കഴിയുന്നില്ല. അന്‍പതുവയസ്സുള്ള ഒരാള്‍ കാണുന്ന ലോകത്തിന്റെ നേര്‍വിപരീതമാണ് ഇന്ന് ഇരുപതുകാരന്‍ കാണുന്ന ലോകം. മുന്‍പൊക്കെ ഇരുപതുകാരനും എണ്‍പതുകാരനും തമ്മിലുണ്ടായിരുന്ന അന്തരമാണ് ഇന്ന് ഇരുപതുകാരനും മുപ്പതുകാരനും തമ്മില്‍ പോലും.




നമ്മളറിയേണ്ടേ, കുട്ടികള്‍ ചുറ്റികയുമായി കൊല്ലാന്‍ നടക്കുന്നത്




തിരുവനന്തപുരം നെയ്യാറ്റിന്‍കരയില്‍ അടുത്തവീട്ടില്‍ മരണമുണ്ടായി സമാധിയിരുത്തലും കഴിഞ്ഞ് ആ വീട്ടുകാര്‍ പോസ്റ്റര്‍ ഒട്ടിക്കുമ്പോഴാണ് തൊട്ടടുത്ത വീട്ടില്‍ അറിയുന്നത്. തൂക്കുകയര്‍ ശിക്ഷ കിട്ടിയ ഗ്രീഷ്മ എന്ന പെണ്‍കുട്ടി പ്രിയപ്പെട്ടവനെ കൊന്നുകളയുമെന്ന് തൊട്ടയല്‍വക്കത്തുള്ളവരും നാട്ടുകാരും ഒരിക്കല്‍പോലും സംശയിച്ചില്ല. പറവൂരില്‍ കൊലവിളിയുമായി ഒരു ചെറുപ്പക്കാരന്‍ അടുത്തവീട്ടിലെത്തിയതും സമീപകാലത്താണ്. ആലുവയില്‍ ഏഴുപേരെ കൊന്ന ആന്റണിയുടെ മാനസികാവസ്ഥയുമായാണ് ഇപ്പോഴത്തെ അഫാന്റെ കൊലപാതക പരമ്പരയെ കാണുന്നത്. ആന്റണിയുടെ അടുത്ത ബന്ധുക്കളായിരുന്നില്ല കൊല്ലപ്പെട്ടത്. ഇവിടെ അഫാന്റെ പിതൃമാതാവ്, ഇളയ സഹോദരന്‍, ഭര്‍തൃസഹോദരനും ഭാര്യയും, പിന്നെ അടുത്ത സുഹൃത്ത് എന്നിവരാണ് കൊല്ലപ്പെട്ടത്. ഗുരുതരമായി പരുക്കേറ്റത് മാതാവിനും. വിദേശത്തായതിനാല്‍ മാത്രം ഈ കൊലപാതക പരമ്പരയില്‍ നിന്നു രക്ഷപ്പെട്ടയാളാണ് കുടുംബത്തില്‍ ഇപ്പോള്‍ ശേഷിക്കുന്ന പിതാവ്. സാമ്പത്തിക ബാധ്യതയോ പ്രണയ നഷ്ടമോ മാത്രം ഇരുപത്തിമൂന്നുകാരനെ ഇത്ര വലിയ ക്രൂരതയ്ക്ക് പ്രേരിപ്പിക്കുമോ? കുടുംബത്തിലെ ആറുപേരേ കൊലപ്പെടുത്തി വിവരം സ്റ്റേഷനില്‍ വന്നു പറയുന്നതുവരെ ഇവരുടെ പ്രതിസന്ധികള്‍ ഒരാളും അറിയാതെ പോയത് എന്തുകൊണ്ടാണ്?



അടുത്തടുത്ത വീടുകളിലെ കൂടുന്ന അകലം?



വെഞ്ഞാറമ്മൂട് കൊലപാതകത്തിന് പ്രത്യക്ഷത്തില്‍ രണ്ടു കാരണങ്ങളാണ് പൊലീസ് കണ്ടെത്തിയത്. പിതാവിന് 75 ലക്ഷം രൂപയുടെ ബാധ്യതയുണ്ട് എന്ന അഫാന്റെ മൊഴി. ഇങ്ങനെ ഒരു ബാധ്യതയുണ്ടെങ്കില്‍ അതിന്റെ ഉത്തരവാദിത്തം പിതാവ് ഏറ്റെടുക്കുകയല്ലേ വേണ്ടത്? പകരമത് ഇരുപത്തിയഞ്ചു തികയാത്ത ചെറുപ്പക്കാരന്റെ ബാധ്യതയാകുന്നത് എങ്ങനെയാണ്. രണ്ടാമത്തെ കാരണം അഫാന്റെ വിവാഹത്തിന് വീട്ടില്‍ എതിര്‍പ്പ് ഉണ്ടായിരുന്നു എന്ന മൊഴിയാണ്. വിവാഹത്തിന് എതിര്‍പ്പുണ്ട് എന്ന പേരില്‍ മാതാവിനേയും സഹോദരനേയും ജീവിച്ചിരിക്കുന്ന അടുത്ത ബന്ധുക്കളേയും കൊന്നു കളയാം എന്ന് ആരെങ്കിലും ചിന്തിക്കുമോ? സാമാന്യയുക്തിക്കു നിരക്കാത്തതാണ് ഈ രണ്ടു കാരണങ്ങളും. കൂട്ടആത്മഹത്യയായിരുന്നു ലക്ഷ്യമെങ്കില്‍ ഏറെ അകലെ താമസിക്കുന്ന പിതൃസഹോദരനും ഭാര്യയും അതിലുമേറെ അകലെ താമസിക്കുന്ന പിതൃമാതാവും എങ്ങനെ വന്നുപെടും. സ്വന്തം വീടിന്റെ ഭാഗമായി ജീവിക്കാത്തവരെ കൂടി കൊല്ലാനുള്ള ഈ മാനസികാവസ്ഥ മനസ്സിലാക്കാന്‍ ഇപ്പോഴത്തെ കേരളത്തിന് കഴിയണമെന്നില്ല. സര്‍വത്ര വയലന്‍സ് നിറഞ്ഞ ലോകമാണ് ഇന്നു പല ചെറുപ്പക്കാരും ഉള്ളില്‍ സൃഷ്ടിക്കുന്നത്. ഹോറര്‍ സിനിമകളും ഒടിടി പ്ലാറ്റ്‌ഫോമുകളിലെ വിദേശ പരമ്പരകളുമൊക്കെ കലാരൂപം എന്നതിനപ്പുറം പലര്‍ക്കും ജീവിതമായി മാറുകയാണ്. യന്ത്രത്തോക്കുകൊണ്ടു തുരുതുരെ വെടിവയ്ക്കുന്ന അമേരിക്കന്‍ കൗമാരത്തെയാണ് അഫാനില്‍ കണ്ടെത്തേണ്ടത്.


തോക്ക് അമേരിക്കയോട് ചെയ്യുന്നത്?



ആളാംവീതം തോക്ക് ലൈസന്‍സുള്ള അമേരിക്കയില്‍ പ്രായപൂര്‍ത്തിയാകാത്തവരും ഇരുപതു തികയാത്തവരുമൊക്കെയാണ് കൊലക്കേസ് പ്രതികള്‍. സ്‌കൂളുകളില്‍ എത്തി ദയാദാക്ഷിണ്യമില്ലാതെ സഹപാഠികളേയും കൊച്ചുകുട്ടികളേയും വെടിവച്ചു കൊല്ലുന്നത് ഇപ്പോള്‍ വാര്‍ത്തപോലും അല്ലാതായി. ആയിരം വെടിവയ്‌പെങ്കിലും നടക്കാത്ത വര്‍ഷങ്ങള്‍ അമേരിക്കയില്‍ ഇല്ല. അഫാന്‍ ഇപ്പോള്‍ നടത്തിയ കൊലപാതകങ്ങള്‍ക്കുമുള്ളത് ആ മാനങ്ങളാണ്. പിതാവിന്റെ ബാധ്യത, സ്വന്തമായി വരുമാനമില്ലായ്മ, പ്രണയജീവിതം തടസ്സപ്പെടുമോ എന്ന ആശങ്ക. ഇവയെല്ലാം ചേര്‍ന്നുണ്ടാക്കുന്ന അരക്ഷിതാവസ്ഥയില്‍ നിന്ന് രൂപപ്പെടുന്നതാകാം ആ കൊലയാളി. അതിനൊപ്പം കൊലപാതകം തെറ്റല്ലെന്ന ഭ്രമാത്മകമായ ചിന്തകളുമുണ്ട്. ഒരു ചുറ്റിക കൊണ്ടുതന്നെ ആറുപേരേയും അടിച്ചു വീഴിക്കുന്ന മാനസികാവസ്ഥ. ഒരു കൊലപാതകം പോലും ചിന്തിക്കാന്‍ അശക്തരായ സാമാന്യജനത്തിനു മുന്നിലൂടെ ആറുപേരുടെ തലതല്ലിത്തകര്‍ത്ത് ഒരു ചെറുപ്പക്കാരന്‍ വണ്ടിയോടിച്ചു പോവുകയാണ്. അതുവരെ ഒരു ക്രിമിനല്‍ കേസിലും അകപ്പെട്ടിട്ടില്ലാത്ത യുവാവ് ആദ്യമായി ചെയ്യുന്നത് അഞ്ചു കൊലപാതകവും ഒരു കൊലപാതകശ്രമവും. നാട്ടിലോ പഠിച്ച സ്ഥലങ്ങളിലോ മോശം അഭിപ്രായമൊന്നും ഇല്ലാതിരുന്ന ചെറുപ്പക്കാരനാണ് എന്നുകൂടി ഓര്‍ക്കണം. അമേരിക്കയില്‍ സ്‌കൂള്‍ വെടിവയ്പുകളില്‍ പിടിയിലാകുന്ന പലരുടേയും കുടുംബത്തിലും സംഭവിക്കുന്നത് ഇങ്ങനെയൊക്കെയാണ്.

അഗ്‌നിപര്‍വതം പോലെ എരിയുന്ന വീടുകള്‍



ഇപ്പോള്‍ പലവീടുകളിലും നടക്കുന്നത് തൊട്ടടുത്തുള്ളവര്‍ അറിയുന്നില്ല. വീട്ടിലെ ഒരാള്‍ക്കു സംഭവിക്കുന്ന കാര്യങ്ങള്‍ മറ്റുള്ള അംഗങ്ങളും അറിയുന്നില്ല. സാമ്പത്തിക ബാധ്യത ഇതില്‍ വലിയൊരു ഘടകമാണ്. പിന്നെ ലഹരിയും. എത്താക്കൊമ്പിലെ കാര്യങ്ങള്‍ക്കായി ചെലവഴിക്കുന്ന ലക്ഷങ്ങള്‍ ഓണ്‍ലൈന്‍ സാമ്പത്തിക ഇടപാടുകളിലും ചൂതുകളിയിലും എത്തിക്കുന്നു. പെട്ടെന്നു ബാധ്യത തീര്‍ക്കാം എന്നു കരുതി ചെന്നുവീഴുന്നതെല്ലാം കെണികളിലായിരിക്കും. പ്രണയമുണ്ടെങ്കില്‍ എല്ലാം അറിയുന്ന അടുത്ത ഒരു സുഹൃത്തെങ്കിലും ഉണ്ടാകില്ലേ? അതൊന്നുമില്ലാതെ, ആരോടും പറയാതെ മനസ്സില്‍ കെട്ടിപ്പൊക്കുന്ന സൗധങ്ങളാണ് പലപ്പോഴും പൊടുന്നനെ ഇടിഞ്ഞുവീഴുന്നത്. അങ്ങനെയുള്ള തകര്‍ച്ച നേരിടാനുള്ള കരുത്ത് നല്‍കേണ്ടത് അടുത്തബന്ധമുള്ള അയല്‍ക്കാരും സുഹൃത്തുക്കളുമാണ്. സ്വന്തം വീട്ടിലുള്ളവരുമായിപ്പോലും അടുപ്പമില്ലാതെ വളരുന്ന തലമുറകള്‍ എപ്പോഴും അപകടകാരികളാകാം. കുട്ടികളെ മുതിര്‍ന്നവര്‍ മനസ്സിലാക്കുന്നില്ല എന്നതാണ് ഒന്നാമത്തെ വീഴ്ച. ആ മുതിര്‍ന്നവരില്‍ രക്ഷിതാക്കളും ബന്ധുക്കളും മാത്രമല്ല ഉള്ളത്. അധ്യാപകരും അയല്‍ക്കാരും പരിചയക്കാരുമെല്ലാമുണ്ട്. യുവതലമുറയുടെ ദുരൂഹമായ മാനസിക സഞ്ചാരങ്ങള്‍ കണ്ടെത്താന്‍ എപ്പോഴും പൊലീസിന് സാധിക്കണം എന്നില്ല.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com