fbwpx
എസ്എസ്എൽസി ഫലം പ്രഖ്യാപിച്ചു; വിജയ ശതമാനം 99.5, കൂടുതൽ കണ്ണൂരില്‍
logo

ന്യൂസ് ഡെസ്ക്

Last Updated : 09 May, 2025 05:28 PM

മലപ്പുറം ജില്ലയിലാണ് ഏറ്റവും കൂടുതൽ വിദ്യാർഥികള്‍ എ പ്ലസ് നേടിയത്

KERALA


എസ്എസ്എൽസി ഫലം പ്രഖ്യാപിച്ചു. പരീക്ഷ എഴുതിയ 4,27,020 വിദ്യാർഥികളിൽ 4,24,583 പേർ ജയിച്ചു. വിജയ ശതമാനം 99.5. പരീക്ഷ എഴുതിയ  61,449 പേർ എല്ലാ വിഷയത്തിലും എ പ്ലസ് നേടി. നാല് മണി മുതൽ ഫലം ഔദ്യോഗിക വെബ്സൈറ്റിൽ ലഭിക്കും. സേ പരീക്ഷകള്‍ മെയ് 28 മുതൽ ജൂൺ അഞ്ച് വരെ നടക്കും.

കണ്ണൂർ റവന്യു ജില്ലയിലാണ് ഏറ്റവും കൂടുതൽ വിജയ ശതമാനം. കുറവ് തിരുവനന്തപുരത്തും. മലപ്പുറം ജില്ലയിലാണ് ഏറ്റവും കൂടുതൽ എ പ്ലസ്. 4,115 വിദ്യാർഥികൾക്കാണ് ജില്ലയിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ചത്. 4,934 ആയിരുന്നു കഴിഞ്ഞ വർഷം. ഏറ്റവും വലിയ സെൻ്ററായ എടരിക്കോട് സ്കൂളിൽ പരീക്ഷ എഴുതിയ 2,017 കുട്ടികളിൽ 2,013 പേർ ജയിച്ചു.  കരിക്കകം സ്കൂളിലാണ് വിജയ ശതമാനം (73.68%) ഏറ്റവും കുറവ്  2,331 സ്കൂളുകൾ (സർക്കാർ സ്കൂൾ - 856, എയ്ഡഡ് - 1,034, അൺ എയ്ഡഡ് - 441) മുഴുവൻ വിദ്യാർഥികളും വിജയിച്ചു. 


Also Read: ഇന്ത്യ-പാക് സംഘർഷം: അതിർത്തി സംസ്ഥാനങ്ങളിലെ മലയാളികൾക്ക് സഹായം; കൺട്രോൾ റൂം തുറന്ന് കേരളം


പട്ടിക ജാതി വിഭാ​ഗത്തിൽ നിന്നും പരീക്ഷ എഴുതിയ 39,981 വിദ്യാർഥികളിൽ 3,9447 പേർ ജയിച്ചു. 98.66 ശതമാനമാണ് വിജയം . 2,130 വിദ്യാർഥികൾ ഫുൾ എ പ്ലസും നേടി. പട്ടിക വർ​ഗ വിഭാ​ഗത്തിൽ നിന്നുള്ള 7,135 വിദ്യാർഥികളും (98.02%) വിജയിച്ചു. 162 വിദ്യാർഥികളാണ് ഫുൾ എ പ്ലസ് നേടിയത്.


ഗൾഫിൽ 681 വിദ്യാർഥികളാണ് പരീക്ഷ എഴുതിയത്. അതിൽ 675 പേർ വിജയിച്ചു. ലക്ഷദ്വീപിൽ 428 പേർ ഉന്നത വിദ്യാഭ്യാസത്തിന് യോഗ്യത നേടി. 447 വിദ്യാർഥികളാണ് പരീക്ഷ എഴുതിയത്.  9,851 അധ്യാപകർ മൂല്യനിർണയത്തിൽ പങ്കാളികളായി.


റ്റിഎച്ച്എസ്എല്‍സി പരീക്ഷ എഴുതിയ 3,055 വിദ്യാർഥികളിൽ 3,039 പേർ ഉന്നത വിദ്യാഭ്യാസത്തിന് യോഗ്യത നേടി. വിജയ ശതമാനം 99.48. ഫുൾ എ പ്ലസ് നേടിയ വിദ്യാർത്ഥികളുടെ എണ്ണം - 429. എസ്.എസ്.എല്‍.സി. (എച്ച്.ഐ) പരീക്ഷ എഴുതിയ 207 വിദ്യാർഥികളിൽ 206 കുട്ടികൾ വിജയിച്ചു. വിജയ ശതമാനം 99.5. ഫുൾ എ പ്ലസ് നേടിയ വിദ്യാർത്ഥികളുടെ എണ്ണം - 31. റ്റിഎച്ച്എസ്എല്‍സി (എച്ച്.ഐ) പരീക്ഷയിൽ 100 ശതമാനമാണ് വിജയം. പരീക്ഷ എഴുതിയ 12 പേരും വിജയിച്ചു.


4,41,887 പ്ലസ് വൺ സീറ്റുകളാണ് സംസ്ഥാനത്തുള്ളത്. 33,030 വൊക്കേഷണൽ ഹയർ സെക്കൻഡറി സീറ്റും. ആകെ 4,74,917 സീറ്റുകൾ. 50,334 സീറ്റുകളുടെ വ്യത്യാസമാണുള്ളത്. 79,222 പേരാണ് മലപ്പുറത്ത് ഉപരി പഠനത്തിന് അർഹത നേടിയത്. ജില്ലയിൽ 78,331 സീറ്റുകളാണ് ഹയർ സെക്കൻഡറിയിൽ ലഭ്യമായിട്ടുള്ളത്. വൊക്കേഷണലും ചേർത്ത് ആകെ 81,182 സീറ്റുകൾ മലപ്പുറത്ത് ലഭ്യമാണെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി അറിയിച്ചു.


കഴിഞ്ഞ വർഷത്തേക്കാൾ വിജയശതമാനം പത്ത് ശതമാനം കുറഞ്ഞ സ്കൂളുകളുടെ കാര്യം പരിശോധിക്കുമെന്ന് ഫലം പ്രഖ്യാപിച്ച വിദ്യാഭ്യാസ മന്ത്രി അറിയിച്ചു. ഡെപ്യൂട്ടി ഡയറക്ടർമാർക്കാകും അന്വേഷണ ചുമതല. ഹയർ സെക്കൻഡറി പ്രവേശനത്തിന് പ്രിൻസിപ്പൽമാരുടെ അധ്യക്ഷതയിൽ അഡ്മിഷൻ കമ്മിറ്റി രൂപീകരിക്കുമെന്നും വിദ്യാഭ്യാസ മന്ത്രി പറഞ്ഞു. സീനിയർ അധ്യാപകർ കമ്മിറ്റിയിൽ അംഗങ്ങളാകും. സർക്കാർ നിർദേശിക്കുന്ന രീതിയിൽ അല്ലാതെ പ്രവർത്തിക്കുന്ന സ്കൂൾ പിടിഎ കമ്മിറ്റികൾക്കെതിരെ അന്വേഷണം നടത്തി നടപടിയെടുക്കും. ഇത്തരം കമ്മിറ്റികൾ പിരിച്ചുവിടും. അനധികൃത പിരിവ് അനുവദിക്കില്ലെന്നും പരാതി കിട്ടിയാൽ കടുത്ത നടപടിയിലേക്ക് പോകുമെന്നും മന്ത്രി വ്യക്തമാക്കി. ഒരു കുട്ടിക്കും പ്രവേശനം നിഷേധിക്കരുത്. പിടിഎയുടെ അമിതാധികാരത്തെ കുറിച്ച് നിരവധി പരാതി ലഭിച്ചു. കുട്ടികളുടെ മേൽ സാമ്പത്തിക ബാധ്യത അടിച്ചേൽപ്പിക്കാൻ പറ്റില്ല. ചോദിക്കുന്ന കാശ് കൊടുക്കാത്തതിൻ്റെ പേരിൽ പ്രവേശനം നിഷേധിക്കപ്പെട്ടാൽ കടുത്ത നടപടിയെടുക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.


Also Read: മലപ്പുറത്തെ നിപ രോഗി ഗുരുതരാവസ്ഥയിൽ തുടരുന്നു; 49 പേർ സമ്പർക്ക പട്ടികയിൽ


രാജ്യം അടിയന്തര സാഹചര്യത്തിലൂടെ കടന്നു പോകുന്നുവെന്നും വി. ശിവന്‍കുട്ടി പറഞ്ഞു. ഈ ഘട്ടത്തിൽ പുതിയ തലമുറയുടെ കാര്യങ്ങൾ തടസമില്ലാതെ മുന്നോട്ടു പോകണം. ഇവിടെ ജയവും തോൽവിയുമില്ല. ആത്മവിശ്വാസത്തോടെ ജീവിതത്തെ നേരിടണമെന്നും മന്ത്രി അറിയിച്ചു.

NATIONAL
പഞ്ചാബിലെ ഫിറോസ്‌പൂരിൽ പാക് ഡ്രോൺ ബോംബാക്രമണം; ഒരു കുടുംബത്തിലെ മൂന്ന് പേർക്ക് പരിക്ക്
Also Read
user
Share This

Popular

NATIONAL
WORLD
ശ്രീനഗർ വിമാനത്താവളത്തില്‍ ഡ്രോണാക്രമണമെന്ന് സൂചന; പ്രതിരോധ നടപടികൾ ആരംഭിച്ചു