വിത്ത്ഹെൽഡ്! താമരശേരി ഷഹബാസ് കൊലക്കേസിൽ കുറ്റാരോപിതരായ വിദ്യാർഥികളുടെ SSLC ഫലം തടഞ്ഞുവെച്ച് പരീക്ഷാഭവൻ

പരീക്ഷാ ഭവൻ സൈറ്റിൽ ഇവരുടെ ഫലം വിത്ത് ഹെൽഡ് എന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത്
വിത്ത്ഹെൽഡ്! താമരശേരി ഷഹബാസ് കൊലക്കേസിൽ കുറ്റാരോപിതരായ വിദ്യാർഥികളുടെ SSLC ഫലം തടഞ്ഞുവെച്ച് പരീക്ഷാഭവൻ
Published on

താമരശേരി ഷഹബാസ് കൊലക്കേസിൽ കുറ്റാരോപിതരായ ആറ് വിദ്യാർഥികളുടെ എസ്എസ്എൽസി പരീക്ഷാ ഫലം പരീക്ഷാഭവൻ തടഞ്ഞുവെച്ചു. പരീക്ഷാ ഭവൻ സൈറ്റിൽ ഇവരുടെ ഫലം വിത്ത് ഹെൽഡ് എന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത്. കേസിൽ കുറ്റാരോപിതരായ ആറ് വിദ്യാർഥികൾ നിലവിൽ വെള്ളിമാടുകുന്ന് ഒബ്സർവേഷൻ ഹോമിലാണ്.

പ്രതികളായ വിദ്യാർഥികളെ പത്താം ക്ലാസ് പൊതുപരീക്ഷ എഴുതിക്കുന്നതുമായി ബന്ധപ്പെട്ട് വലിയ തരത്തിലുള്ള വിവാദങ്ങളായിരുന്നു ഉയർന്നുവന്നത്. ഷഹബാസിൻ്റെ കുടുംബം ഇതിനെതിരെ രംഗത്തെത്തിയിരുന്നു. താമരശ്ശേരി സ്കൂളിൽ മറ്റ് വിദ്യാർഥികൾക്കൊപ്പം പരീക്ഷ എഴുതാൻ അനുവദിക്കില്ലെന്ന് ആഹ്വാനം ചെയ്തുകൊണ്ട് വിവിധ യുവജന വിദ്യാർഥി സംഘടനകളും രംഗത്തെത്തിയിരുന്നു. തുടർന്ന് പൊലീസ് ആവശ്യപ്പെട്ടത് പ്രകാരം വെള്ളിമാട്കുന്ന് ഒബ്സർവഷൻ ഹോമിൽ തന്നെ വിദ്യാർഥികൾക്ക് പരീക്ഷ എഴുതാൻ സൗകര്യമൊരുക്കുകയായിരുന്നു.

ഫെബ്രുവരി 28നായിരുന്നു താമരശേരിയിലെ സ്വകാര്യ ട്യൂഷൻ സെൻ്ററിലെ വിദ്യാർഥികൾ തമ്മിൽ ഏറ്റുമുട്ടലുണ്ടായത്. ട്യൂഷൻ സെൻ്ററിലെ ഫെയർവെൽ പാർട്ടിക്കിടെയുണ്ടായ തർക്കമാണ് ഷഹബാസിന്റെ കൊലപാതകത്തിൽ കലാശിച്ചത്. കപ്പിൾ ഡാൻസ് ചെയ്യുന്നതിനിടെ പാട്ട് നിലച്ചുപോയപ്പോൾ വിദ്യാർഥികൾ കൂവിയത് പരിപാടി അവതരിപ്പിച്ചവരെ പ്രകോപിതരാക്കി. ട്യൂഷൻ സെൻ്റർ അധികൃതർ ഇടപെട്ട് പ്രശ്നം ഒത്തുതീർപ്പാക്കിയെങ്കിലും, കളിയാക്കിയത് പകയായി മനസിൽ കൊണ്ട് നടന്ന സുഹൃത്തുക്കൾ അവസരം കിട്ടിയപ്പോൾ ആസൂത്രിതമായി ഷഹബാസിനെ കൊലപ്പെടുത്തുകയായിരുന്നു. ഷഹബാസിനെ കൊല്ലുമെന്ന് പറഞ്ഞാൽ കൊന്നിരിക്കും, ഓൻ്റെ കണ്ണൊന്ന് പോയി നോക്ക്, കണ്ണൊന്നും ഇല്ല, എന്നു തുടങ്ങി ആക്രമത്തിന് നേതൃത്വം നൽകിയ കുട്ടികളുടെ സന്ദേശങ്ങൾ ഷഹബാസിൻ്റെ മരണശേഷം പുറത്തുവന്നിരുന്നു. തികച്ചും ആസൂത്രിതമായ നീക്കമാണ് കൊലപാതകത്തിന് പിന്നിലുണ്ടായിരുന്നതെന്ന് ചാറ്റുകളിൽ നിന്നും വ്യക്തമായിരുന്നു.

പ്രതികള്‍ ആക്രമണത്തിന് ഉപയോ​ഗിച്ച നഞ്ചക്ക് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. നിയമ നടപടികളുടെ ഭാഗമായി ഒബ്‌സെര്‍വഷന്‍ ഹോമിലേക്ക് മാറ്റിയ അ‍ഞ്ച് പ്രതികളില്‍ പ്രധാന പ്രതിയുടെ വീട്ടില്‍ നിന്നാണ് നഞ്ചക്ക് കണ്ടെത്തിയത്. ആക്രമണം നടന്ന ആദ്യ ഘട്ടത്തില്‍ തന്നെ നഞ്ചക്ക് പോലുള്ള ആയുധം ഉപയോഗിച്ചാണ് ഷഹബാസിനെ മര്‍ദിച്ചത് എന്ന ആരോപണം ഷഹബാസിന്റെ സുഹൃത്തുക്കളും കുടുംബാംഗങ്ങളും ഉയര്‍ത്തിയിരുന്നു. ഷഹബാസിന്റെ പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടും അത് ശരിവെയ്ക്കുന്നതായിരുന്നു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com