
ലബനന് നേരെ കരയുദ്ധം ആരംഭിച്ച് ഇസ്രയേൽ. ഹിസ്ബുള്ള കേന്ദ്രങ്ങൾ ലക്ഷ്യം വെച്ചാണ് ആക്രമണം. തെക്കൻ ലബനനിലാണ് വ്യാപകമായ തോതിൽ ആക്രമണങ്ങൾ നടക്കുന്നത്. ഹസൻ നസ്‌റള്ളയുടെ വധത്തിന് പിന്നാലെ ലബനന്‍ തലസ്ഥാനമായ ബെയ്റൂട്ടിൽ ഇസ്രയേൽ തുടർച്ചയായി വ്യോമാക്രമണം നടത്തിയിരുന്നു.
ആക്രമണത്തിൽ നാല് പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. ലബനീസ് സെക്യൂരിറ്റി ഫോഴ്സ് നൽകുന്ന വിവരം പ്രകാരം, പശ്ചിമേഷ്യൻ സംഘർഷം ആരംഭിച്ചതിന് ശേഷം ഇതാദ്യമായാണ് ലബനൻ നഗരപരിധിക്കുള്ളിൽ ഇസ്രയേൽ ആക്രമണം നടത്തുന്നത്. രണ്ടാഴ്ച മുൻപ് തുടങ്ങിയ ഇസ്രയേൽ ആക്രമത്തിൽ ഇതുവരെ 1,000-ത്തിലധികം ആളുകൾ കൊല്ലപ്പെടുകയും 6,000 പേർക്ക് പരുക്കേൽക്കുകയും ചെയ്തതായി ലബനൻ പറഞ്ഞു.
ബെയ്റൂട്ടിലെ കോല ജില്ലയിൽ നഗരപരിധിയിലുള്ള ജനവാസ മേഖലയിലേക്കാണ് ഇസ്രയേലി ഡ്രോണുകൾ വന്ന് പതിച്ചത്. ലബനനിലെ അധികൃതർ നൽകുന്ന കണക്ക് പ്രകാരം, ഞായറാഴ്ച നടന്ന ഇസ്രയേൽ ആക്രമണത്തിൽ 105 പേർ മരിക്കുകയും 359 പേർക്ക് പരുക്കേൽക്കുകയും ചെയ്തിട്ടുണ്ട്. ആക്രമണത്തിൽ തങ്ങളുടെ മൂന്ന് നേതാക്കൾ കൊല്ലപ്പെട്ടതായി പലസ്തീൻ സംഘടനയായ പോപ്പുലർ ഫ്രണ്ട് ഫോർ ദി ലിബറേഷൻ ഓഫ് പലസ്തീൻ (പിഎഫ്എൽപി) പറഞ്ഞതായി വാർത്താ ഏജൻസി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു.