നെയ്യാറ്റിൻകര അക്ഷയ സെൻ്റർ ജീവനക്കാരിയാണ് വ്യാജ ഹാൾടിക്കറ്റ് നൽകിയത്
പത്തനംതിട്ടയിൽ വ്യാജ ഹാൾടിക്കറ്റുമായി വിദ്യാർഥി നീറ്റ് പരീക്ഷയ്ക്ക് എത്തിയതിൽ വഴിത്തിരിവ്. വ്യാജ ഹാൾടിക്കറ്റ് നൽകിയത് നെയ്യാറ്റിൻകര അക്ഷയ സെൻ്റർ ജീവനക്കാരി എന്ന് മൊഴി. ജീവനക്കാരിയെ പൊലീസ് ചോദ്യം ചെയ്തുവരികയാണ്. കാര്യങ്ങൾ വിശദമായി പരിശോധിക്കുകയാണെന്നും പത്തനംതിട്ട പൊലീസ് അറിയിച്ചു.
പാറശ്ശാല സ്വദേശിയായ വിദ്യാർഥിയാണ് വ്യാജ ഹാൾടിക്കറ്റുമായി പരീക്ഷാ കേന്ദ്രത്തിൽ എത്തിയത്. തൈക്കാവ് വി.എച്ച്.എസ്.എസിലാണ് വിദ്യാർഥി പരീക്ഷയ്ക്കെത്തിയത്. തിരുവനന്തപുരത്തുള്ള മറ്റൊരു വിദ്യാര്‍ഥിയുടെ പേരിലെ ഹാള്‍ടിക്കറ്റാണ് ഉപയോഗിച്ചത്. ഹാൾടിക്കറ്റിന്റെ ആദ്യഭാഗത്ത് കസ്റ്റഡിയിലുള്ള വിദ്യാർഥിയുടെ പേരും ഡിക്ലറേഷൻ ഭാഗത്ത് മറ്റൊരു വിദ്യാർഥിയുടെ പേരും ആണുണ്ടായത്.
ALSO READ: ആളുമാറി പൊലീസിൻ്റെ മർദനം; കോഴിക്കോട് പതിനെട്ടുകാരൻ്റെ കർണപുടം തകർന്നതായി പരാതി
ഹാൾടിക്കറ്റ് പരിശോധനയിൽ തട്ടിപ്പ് കണ്ടുപിടിച്ച എക്‌സാം സെന്റർ അധികൃതർ ഉടൻ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് പത്തനംതിട്ട പൊലീസ് എത്തിയാണ് വിദ്യാർഥിയെ കസ്റ്റഡിയിലെടുത്തത്. ഏത് സാഹചര്യത്തിലാണ് വ്യാജ ഹാൾ ടിക്കറ്റ് എത്തിച്ചതെന്ന് പരിശോധിക്കും. ഹാൾടിക്കറ്റിൽ പേരുണ്ടായിരുന്ന വിദ്യാർഥിക്ക് ബന്ധമുണ്ടോയെന്ന് അന്വേഷിക്കുമെന്നും പത്തനംതിട്ട പൊലീസ് പറഞ്ഞു.