പകൽ വനത്തിലും രാത്രി പാടിയിലുമാണ് താമസിച്ചിരുന്നതെന്നും സുധീഷ് പറയുന്നു
വയനാട് കമ്പമലയിൽ തീ ഇട്ട സംഭവത്തിൽ വിചിത്ര മൊഴിയുമായി കസ്റ്റഡിയിലുള്ള സുധീഷ്. വന്യ മൃഗങ്ങളെ ഭയന്നാണ് കമ്പമല കാടിനു തീ ഇട്ടതെന്നാണ് സുധീഷിന്റെ മൊഴി. പഞ്ചാരക്കൊല്ലിയിൽ രാധയെ കടുവ ആക്രമിച്ചു കൊന്നതിനു ശേഷം ഭയമായെന്നും വന്യ മൃഗങ്ങൾ വരാതിരിക്കാനാണ് തീ ഇട്ടതെന്നും മൊഴിയിലുണ്ട്. പകൽ വനത്തിലും രാത്രി പാടിയിലുമാണ് താമസിച്ചിരുന്നതെന്നും സുധീഷ് പറയുന്നു.
എന്നാൽ ഇയാളുടെ മൊഴി വനം വകുപ്പ് പൂർണമായും വിശ്വസിലെടുത്തിട്ടില്ല. സുധീഷിൻ്റെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്. വൈദ്യ പരിശോധന പൂർത്തിയാക്കിയ ശേഷം കോടതിയിൽ ഹാജരാക്കും. കൂടുതൽ ചോദ്യം ചെയ്യാനായി സുധീഷിനെ കസ്റ്റഡിയിൽ വാങ്ങുമെന്നും പൊലീസ് അറിയിച്ചു. 12 ഹെക്ടർ വനമാണ് മാനന്തവാടി തലപ്പുഴ കമ്പമലയിൽ കത്തിയത്.
ALSO READ: വയനാട് തലപ്പുഴ മേഖലയിലെ കാട്ടുതീ മനുഷ്യ നിർമിതമെന്ന് വനം വകുപ്പ്; കമ്പമലയിൽ വീണ്ടും കാട്ടുതീ
മേഖലയിലെ കാട്ടുതീ മനുഷ്യനിർമിതമാണെന്ന് വനം വകുപ്പ് നേരത്തെ വ്യക്തമാക്കിയിരുന്നു. പുൽമേടുകൾക്ക് ബോധപൂർവം ആരോ തീവച്ചതാണ് എന്ന് നോർത്ത് ഡിഎഫ്ഒ മാർട്ടിൻ ലോവൽ ആണ് സംശയം പ്രകടിപ്പിച്ചത്. ഒരു മാസത്തിനിടയിൽ രണ്ടാമത്തെ തവണയാണ് ഉൾവനത്തിൽ തീ പടരുന്നത്.
കടുവ പ്രശ്നവുമായി ബന്ധപ്പെട്ട ദിവസങ്ങളിൽ ആണ് വനമേഖലയിൽ തീ പടർന്നിട്ടുള്ളത്. ബോധപൂർവം പ്രശ്നങ്ങൾ സൃഷ്ടിക്കുക എന്ന ഉദ്ദേശം ഇതിന് പിന്നിലുണ്ടെന്ന് കരുതുന്നതായും ഡിഎഫ്ഒ ആരോപിച്ചിരുന്നു.