പുല്‍വാമ ഭീകരാക്രമണത്തെ തുടര്‍ന്ന് 2019ലാണ് സൂപ്പര്‍ കാബിനറ്റ് അവസാനമായി ചേര്‍ന്നത്.
പഹൽഗാം ഭീകരാക്രമണത്തിൽ പാകിസ്താന് തിരിച്ചടി നൽകാൻ ഇന്ത്യ സജ്ജം. ഡൽഹിയിൽ പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന സൂപ്പർ കാബിനറ്റ് പൂർത്തിയായി. പ്രധാനമന്ത്രിയുടെ ലോക് കല്യാണ്‍ മാര്‍ഗിലുള്ള വസതിയിൽ വെച്ചായിരുന്നു യോഗം ചേർന്നത്. മന്ത്രിമാർ പ്രധാനമന്ത്രിയുടെ വീട്ടിൽ നിന്ന് മടങ്ങി. രാഷ്ട്രീയ, സാമ്പത്തിക, സുരക്ഷാ കാര്യങ്ങൾക്കുള്ള യൂണിയൻ കാബിനറ്റ് കമ്മിറ്റികളാണ് ഇന്ന് പ്രധാനമന്ത്രിയുടെ വസതിയിൽ ചേർന്നത്.
റഷ്യൻ സന്ദർശനം പ്രധാനമന്ത്രി നരേന്ദ്ര മോദി ഒഴിവാക്കിയെന്നും റിപ്പോർട്ടുണ്ട്. സൂപ്പര്‍ കാബിനറ്റ് എന്നറിയപ്പെടുന്ന കേന്ദ്ര മന്ത്രിസഭയിലെ ഉന്നത മന്ത്രിമാര്‍ ഉള്‍പ്പെടുന്ന രാഷ്ട്രീയകാര്യ മന്ത്രിസഭാ സമിതി യോഗം ഏറെ നിർണായകമാണ്. പുല്‍വാമ ഭീകരാക്രമണത്തെ തുടര്‍ന്ന് 2019ലാണ് സൂപ്പര്‍ കാബിനറ്റ് അവസാനമായി ചേര്‍ന്നത്. ബാലാകോട്ട് വ്യോമാക്രമണത്തിലൂടെയാണ് അന്ന് ഇന്ത്യ പ്രതികരിച്ചിരുന്നത്.
പഹൽഗാം ഭീകരാക്രമണത്തിന് ശേഷമുള്ള രാജ്യത്തെ സാഹചര്യം, അതിർത്തിയിലെ സേനാ വിന്യാസം, ലോക രാജ്യങ്ങളുടെ നിലപാട് എന്നിവയെല്ലാം യോഗത്തിൽ ചർച്ചയായി. ഭീകരാക്രമണത്തിന് മറുപടി നൽകാൻ സേനകൾക്ക് പൂർണ സ്വാതന്ത്ര്യം നൽകിയ ശേഷമുള്ള കാബിനറ്റ് യോഗം ഏറെ നിർണായകമാണ്. പഹല്‍ഗാം ഭീകരാക്രമണത്തിന് ശേഷം ഒരാഴ്ചയ്ക്കിടെ രണ്ടാമത്തെ സുരക്ഷകാര്യ മന്ത്രിസഭാ സമിതി യോഗവും ഏറെ നിർണായകമാണ്.
ഇന്ത്യയുടെ തിരിച്ചടി നീക്കത്തിൽ പാകിസ്ഥാൻ കടുത്ത ആശങ്കയിലാണ്. 36 മണിക്കൂറിനുള്ളിൽ ആക്രമണം പ്രതീക്ഷിക്കുന്നുവെന്ന് പാക് ഇൻ്റലിജൻസ് റിപ്പോർട്ട് പാക് മന്ത്രി പുറത്തുവിട്ടിരുന്നു. അതേസമയം, ഭയപ്പാടിനിടയിലും അതിർത്തിയിൽ പാകിസ്താൻ സൈന്യം പ്രകോപനം തുടരുകയാണ്. ഇന്ത്യൻ ഡ്രോൺ വെടിവെച്ചിട്ടെന്നാണ് അവകാശവാദം.
പാകിസ്ഥാന് മുന്നറിയിപ്പുമായി ഇന്ത്യൻ നാവികസേന ഇന്ന് രംഗത്തെത്തിയിരുന്നു. ദൗത്യം അകലയല്ലെന്നാണ് താക്കീത്. പഹൽഗാം ഭീകരാക്രമണം നടത്തിയ ഭീകരർ അനന്ത്നാഗിലെ വനത്തിൽ ഒളിച്ചിരുക്കുന്നുണ്ടെന്ന് സൈന്യവും വ്യക്തമാക്കി.
അതിർത്തിയിലെ ആശങ്കകൾ തുടരുന്നതിനിടെ കേന്ദ്ര സർക്കാർ ദേശീയ സുരക്ഷാ ഉപദേശക സമിതി പുനഃസംഘടിപ്പിച്ചു. റോ മുൻ മേധാവി അലോക് ജോഷിയാണ് പുതിയ ചെയർമാൻ. പശ്ചിമ വ്യോമസേനാ മുൻ കമാൻഡർ എയർ മാർഷ്യൽ പി.എം. സിൻഹയും ഏഴംഗ സമിതിയിലുണ്ട്. സൈനിക സേവനത്തിൽ നിന്നും വിരമിച്ച മുതിർന്ന ഉദ്യോഗസ്ഥരും ഏഴംഗ സമിതിയിലുണ്ട്.