
സിപിഎം മലപ്പുറം ജില്ലാ സമ്മേളനത്തിനിടെ സിപിഎമ്മിനെ പ്രതിരോധത്തിലാക്കി എസ്‌ഡിപിഐയുടെ വെളിപ്പെടുത്തൽ. തെരഞ്ഞെടുപ്പിൽ താനൂരിൽ മന്ത്രി വി. അബ്ദുറഹ്മാന് പിന്തുണ നൽകിയെന്നാണ് എസ്‌ഡിപിഐ തുറന്നുപറഞ്ഞിരിക്കുന്നത്. മന്ത്രി വി. അബ്ദുറഹിമാന്‍ വന്നവഴി മറക്കരുതെന്നും, എ. വിജയരാഘവന്റെ വര്‍ഗീയ പരാമര്‍ശം ഏറ്റുപിടിച്ച് പാര്‍ട്ടിയോടുള്ള തന്റെ കൂറ് തെളിയിക്കാനാണ് വി. അബ്ദുറഹിമാന്‍ ശ്രമിക്കുന്നതെന്നും എസ്‌ഡിപിഐ വിമർശിച്ചു.
കഴിഞ്ഞ തെരഞ്ഞെടുപ്പുകളില്‍ വി. അബ്ദുറഹിമാന്‍ ജയിച്ചതെങ്ങനെയെന്ന് ഓര്‍ക്കുന്നത് നല്ലതാണെന്ന് എസ്‌ഡിപിഐ മലപ്പുറം ജില്ലാ സെക്രട്ടറിയേറ്റ് ഓർമിപ്പിച്ചു. രാഹുൽ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും പാർലമെന്റിലെത്തിയത് മുസ്‌ലിം വർഗീയ ചേരിയുടെ പിന്തുണയോടെയാണെന്ന് എ. വിജയരാഘവൻ പറഞ്ഞത് കൃത്യമായ കാര്യമാണെന്നായിരുന്നു മന്ത്രി വി. അബ്ദുറഹിമാന്‍ പ്രതികരിച്ചത്.
എസ്‌ഡിപിഐയുടെ വെളിപ്പെടുത്തലിന് പിന്നാലെ മന്ത്രി വി. അബ്ദുറഹിമാൻ മാധ്യമങ്ങൾക്ക് മുന്നിലെത്തി വിശദീകരണം നൽകി. മുസ്ലിം ലീഗ്-ജമാഅത്തെ ഇസ്ലാമി കൂട്ടുകെട്ടിനെ കുറിച്ചാണ് അന്ന് താൻ പറഞ്ഞതെന്നും ന്യൂനപക്ഷ വർഗീയതയെ എതിർക്കുകയെന്നത് തന്നെയാണ് ലൈൻ എന്നും മന്ത്രി പറഞ്ഞു. മുസ്ലിം ലീഗിനെതിരായ മത്സരത്തിൽ താനൂരിൽ എല്ലാവരും സഹായിച്ചിട്ടുണ്ട്.
താനൂരിലെ വോട്ടർമാരെ മറന്നുകൊണ്ടുള്ള ഒരു രീതി ഇതുവരെ എടുത്തിട്ടില്ല, ഇനി സ്വീകരിക്കുകയുമില്ല. താനൂരിന്റെ വികസനമാണ് അന്ന് ലക്ഷ്യം വെച്ചത്. അത് നല്ലരീതിയിൽ നടന്നിട്ടുണ്ട്. താനൂരിൽ മുസ്ലിം ലീഗിനെതിരായി ഒരു ജനകീയ കൂട്ടായ്മയാണ് അന്ന് രൂപീകരിച്ചത്. തീർച്ചയായും അത് തന്നെയാണ് വിജയത്തിന്റെ അടിസ്ഥാനമെന്നും മന്ത്രി കൂട്ടിച്ചേർത്തു.