ബലാത്സംഗക്കേസില്‍ നടന്‍ സിദ്ദീഖിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ച് സുപ്രീം കോടതി. ജസ്റ്റിസുമാരായ ബേല എം. ത്രിവേദി, സതീഷ് ചന്ദ്ര ശര്‍മ എന്നിവരടങ്ങിയ ബെഞ്ചാണ് ജാമ്യം അനുവദിച്ചത്. 2016ല്‍ നടന്നെന്ന് പറയുന്ന ബലാത്സംഗക്കേസില്‍ പരാതി നല്‍കാന്‍ എട്ടുവര്‍ഷം വൈകിയത് എന്തുകൊണ്ടാണെന്നും കോടതി ചോദിച്ചു.ഫേസ്ബുക്കില്‍ പോസ്റ്റു ചെയ്യാന്‍ കാണിച്ച ധൈര്യം പരാതി നല്‍കാന്‍ ഇല്ലേ എന്നാണ് ജസ്റ്റിസ് ത്രിവേദി ചോദിച്ചത്.
'2016ല്‍ നടന്നെന്ന് പറയുന്ന സംഭവത്തില്‍ എട്ടു വര്‍ഷം കഴിഞ്ഞാണ് യുവതി പരാതിപ്പെട്ടിരിക്കുന്നത്. 2018ല്‍ യുവതി താന്‍ നേരിട്ട ലൈംഗികാതിക്രമങ്ങളെക്കുറിച്ച് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു. അതില്‍ സിദ്ദീഖ് ഉള്‍പ്പെടെ 14 പേര്‍ക്കെതിരെയായിരുന്നു പരാതി. മാത്രമല്ല, ഈ വിഷയങ്ങളൊന്നും തന്നെ ഹേമ കമ്മിറ്റി മുമ്പാകെ പോയി പറയുകയും ചെയ്തിട്ടില്ല. ചില ഉപാധികളോടെ സിദ്ദീഖിന് ജാമ്യം അനുവദിക്കുകയാണ്. അറസ്റ്റ് ചെയ്താലും സിദ്ദീഖിനെ ജാമ്യത്തില്‍ വിട്ടയക്കണം,' ജാമ്യം നല്‍കിക്കൊണ്ട് കോടതി വ്യക്തമാക്കി.
ALSO READ: ബലാത്സംഗ കേസ്; സുപ്രീം കോടതിയില്‍ സത്യവാങ്മൂലം നല്‍കി സിദ്ദീഖ്
സിദ്ദീഖ് അന്വേഷണവുമായി സഹകരിക്കണമെന്നും കോടതി വ്യക്തമാക്കി. അതേസമയം ഇത്തരം ഒരു സംഭവം ഉണ്ടായെന്ന് ഫേസ്ബുക്കിലൂടെ തുറന്നു പറയുകയാണ് യുവതി ചെയ്തതെന്ന് പരാതിക്കാരിയുടെ അഭിഭാഷക വൃന്ദ ഗ്രോവര്‍ കോടതിയില്‍ മറുപടി പറഞ്ഞു. ഫേസ്ബുക്കില്‍ ആരോപണമുന്നയിച്ചതിന് പിന്നാലെ ഫേസ്ബുക്കില്‍ യുവതിക്കെതിരെ സിദ്ദീഖിന്റെ ഫാന്‍സ് വലിയ രീതിയില്‍ സൈബര്‍ ആക്രമണം നടത്തി. മാത്രമല്ല, ഈ വര്‍ഷം ഓഗസ്റ്റില്‍ ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിട്ടതും അതില്‍ അന്വേഷണം നടത്തണമെന്ന് കേരള ഹൈക്കോടതി പറഞ്ഞതുമാണ് സ്ത്രീകള്‍ക്ക് പരാതി നല്‍കാനുള്ള ധൈര്യം നല്‍കിയതെന്നും അഭിഭാഷക വ്യക്തമാക്കി.
സര്‍ക്കാരിന് വേണ്ടി ഹാജരായ രഞ്ജിത് കുമാര്‍ സിദ്ദീഖ് പൊലീസ് അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്ന് അറിയിച്ചു.
മുന്‍വിധിയോടെയാണ് തനിക്കെതിരെ അന്വേഷണം നടക്കുന്നതെന്ന് സിദ്ദീഖ് സത്യവാങ്മൂലത്തില്‍ കോടതിയെ അറിയിച്ചിരുന്നു. അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന പൊലീസിന്റെ വാദം തെറ്റാണെന്നും സിദ്ദീഖ് ചൂണ്ടിക്കാട്ടി.
ചോദ്യം ചെയ്യണമെന്നായിരുന്നില്ല അന്വേഷണ സംഘം അയച്ച നോട്ടീസിലുണ്ടായിരുന്നത്. കേസുമായി ബന്ധപ്പെട്ട രേഖകള്‍ ഹാജരാക്കണമെന്നാണ് നോട്ടീസില്‍ പറഞ്ഞത്. പിന്നീട് ചോദ്യം ചെയ്യലിന് സഹകരിച്ചില്ലെന്ന രീതിയില്‍ കോടതിയില്‍ നിലപാടെടുക്കുകയായിരുന്നു എന്നും സിദ്ദീഖ് പറയുന്നു. നേരത്തെ, കേസില്‍ മറുപടി സത്യവാങ്മൂലം നല്‍കാനായി കൂടുതല്‍ സമയം വേണമെന്ന് സിദ്ദിഖ് കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. ഇതംഗീകരിച്ച് കോടതി വാദം മാറ്റിവെക്കുകയായിരുന്നു.