പള്ളിത്തർക്കം: "യാക്കോബായ പള്ളികളുടെ ഭരണം കൈമാറണം, രണ്ടാഴ്ചയ്ക്കകം സത്യവാങ്മൂലം നൽകണം"; സുപ്രധാന വിധിയുമായി സുപ്രീംകോടതി

എറണാകുളം, പാലക്കാട് ജില്ലകളിലെ ആറ് പള്ളികള്‍ ജില്ലാ കളക്ടര്‍മാര്‍ ഏറ്റെടുക്കണമെന്ന ഹൈക്കോടതി ഉത്തരവിനെതിരെയായിരുന്നു അപ്പീൽ
പള്ളിത്തർക്കം: "യാക്കോബായ പള്ളികളുടെ ഭരണം കൈമാറണം, രണ്ടാഴ്ചയ്ക്കകം സത്യവാങ്മൂലം നൽകണം"; സുപ്രധാന വിധിയുമായി സുപ്രീംകോടതി
Published on

ഓര്‍ത്തഡോക്സ്-യാക്കോബായ പള്ളിത്തർക്കത്തിൽ സുപ്രധാന വിധിയുമായി സുപ്രീംകോടതി. യാക്കോബായ വിഭാഗത്തിൻ്റെ കൈവശമുള്ള ആറ് പള്ളികളുടെ ഭരണ നിര്‍വഹണം ഓർത്തഡോക്സ് വിഭാഗത്തിന് കൈമാറണമെന്നാണ് സുപ്രീംകോടതി വിധി. ഓര്‍ത്തഡോക്സ്-യാക്കോബായ സഭാ പള്ളിത്തര്‍ക്കത്തെ തുടർന്ന് ഹൈക്കോടതി സ്വീകരിച്ച കോടതിയലക്ഷ്യ നടപടിക്കെതിരെ സർക്കാരും യാക്കോബായ സഭയും നൽകിയ അപ്പീലുകളാണ് സുപ്രീംകോടതി പരിഗണിച്ചത്. യാക്കോബായ സഭ സുപ്രീംകോടതി വിധി മാനിക്കണമെന്നും പള്ളികൾ കൈമാറുന്നത് സംബന്ധിച്ച് സത്യവാങ്മൂലം സമർപ്പിക്കണമെന്നും കോടതി നിർദേശിച്ചു.



എറണാകുളം, പാലക്കാട് ജില്ലകളിലെ ആറ് പള്ളികള്‍ ജില്ലാ കളക്ടര്‍മാര്‍ ഏറ്റെടുക്കണമെന്ന ഹൈക്കോടതി ഉത്തരവിനെതിരെയായിരുന്നു അപ്പീൽ. ഓര്‍ത്തഡോക്‌സ് സഭയ്ക്ക് ആരാധനയ്ക്കുള്ള സൗകര്യം ഒരുക്കണമെന്നും സുപ്രീംകോടതി വ്യക്തമാക്കി. സ്കൂളുകൾ, ശ്മശാനങ്ങൾ ഉൾപ്പെടെയുള്ള പൊതുവായ സൗകര്യങ്ങള്‍ തുറന്നു നല്‍കുന്ന കാര്യത്തില്‍ രണ്ടാഴ്ചയ്ക്കകം യാക്കോബായ സഭ സത്യവാങ്മൂലം നല്‍കണമെന്നും കോടതി നിർദേശിച്ചു. നീതി നടപ്പാക്കാനുള്ള കോടതിയുടെ ചുമതല എതിര്‍കക്ഷികള്‍ മനസിലാക്കുമെന്ന് കരുതുന്നതായി സുപ്രീം കോടതി സൂചിപ്പിച്ചു. ചീഫ് സെക്രട്ടറി ഉള്‍പ്പടെയുള്ള ഉദ്യോഗസ്ഥര്‍ ഹൈക്കോടതിയില്‍ നേരിട്ട് ഹാജരാകുന്നതിലുള്ള ഇളവ് സുപ്രീം കോടതി നീട്ടി.

ആത്യന്തികമായി ഇതൊരു ആരാധനാലയമാണ്. 1934ലെ ഭരണഘടന അനുസരിച്ച് പള്ളികളുടെ ഉടമസ്ഥാവകാശം ആര്‍ക്കെന്ന് വ്യക്തതയുണ്ട്. യാക്കോബായ സഭ സുപ്രീംകോടതി വിധിയെ മാനിക്കണം. പൊലീസിനെ നിയോഗിക്കുന്നതിലൂടെ സാഹചര്യം സങ്കീര്‍ണ്ണമാക്കും. സാമ്പത്തിക ഭരണകാര്യങ്ങള്‍ കൂടി ഏറ്റെടുക്കാന്‍ സര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചാല്‍ എന്ത് സംഭവിക്കുമെന്നും കോടതി ചോദിച്ചു.

പള്ളികള്‍ ഏറ്റെടുക്കുകയെന്നാല്‍ എല്ലാ ഭരണകാര്യങ്ങളും ഏറ്റെടുക്കുകയെന്നാണ് അര്‍ഥം. ഉത്തരവ് നടപ്പാക്കാന്‍ യാക്കോബായ സഭ സഹകരിക്കാത്തതെന്തെന്നും സുപ്രീംകോടതി ആരാഞ്ഞു. സുപ്രീംകോടതിയുടെ ഉത്തരവ് നടപ്പാക്കാനായില്ലെങ്കില്‍ നീതി തേടി എവിടെ പോകണമെന്ന് കോടതി ചോദിച്ചു. യാക്കോബായ സഭയും സര്‍ക്കാരും പ്രഥമദൃഷ്ട്യാ കോടതിയലക്ഷ്യം പ്രവർത്തിച്ചുവെന്ന് പറഞ്ഞ സുപ്രീംകോടതി, പള്ളികള്‍ ഓര്‍ത്തഡോക്‌സ് സഭയ്ക്ക് വിട്ടുനല്‍കണമെന്ന വിധി അന്തിമമാണന്നും വ്യക്തമാക്കി.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com