fbwpx
"1923 മുതല്‍ വഖഫ് രജിസ്ട്രേഷൻ നിർബന്ധമാണ്"; ഭേദഗതി നിയമത്തിനെതിരായ ഹർജികള്‍ വിധിപറയാന്‍ മാറ്റി സുപ്രീം കോടതി
logo

ന്യൂസ് ഡെസ്ക്

Last Updated : 22 May, 2025 09:20 PM

അഞ്ച് വർഷം മുസ്ലീമായി തുടരുന്നയാൾക്ക് മാത്രം വഖഫ് ചെയ്യാമെന്ന ഭേദഗതി ക്രമക്കേട് തടയാനാണെന്ന് കേന്ദ്രം കോടതിയിൽ വ്യക്തമാക്കി

NATIONAL


വഖഫ് ഭേദഗതി നിയമത്തിന് എതിരായ ഹർജികൾ സുപ്രീംകോടതി വിധി പറയാൻ മാറ്റി. ചീഫ് ജസ്റ്റിസ് ബി.ആര്‍. ഗവായ്, ജസ്റ്റിസ് അഗസ്റ്റിന്‍ ജോര്‍ജ് മാസിഹ് എന്നിവരുള്‍പ്പെട്ട ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. മൂന്ന് ദിവസം തുടർച്ചയായി വാദം കേട്ട ചീഫ് ജസ്റ്റിസ് 1923 ലെയും 1954 ലെയും മുൻ നിയമങ്ങൾ പ്രകാരം തന്നെ വഖഫ് രജിസ്ട്രേഷന്‍റെ ആവശ്യകത നിലവിലുണ്ടെന്ന് വാക്കാൽ അഭിപ്രായപ്പെട്ടു. ചീഫ് ജസ്റ്റിസ് ബി.ആര്‍. ഗവായ് ഹർജികളില്‍ ഇടക്കാല വിധി പറയും.



അഞ്ച് വർഷം മുസ്ലീമായി തുടരുന്നയാൾക്ക് മാത്രം വഖഫ് ചെയ്യാമെന്ന ഭേദഗതി ക്രമക്കേട് തടയാനാണെന്ന് കേന്ദ്രം കോടതിയിൽ വ്യക്തമാക്കി. നിയമം സ്റ്റേ ചെയ്യണമെന്ന ആവശ്യത്തിന് അടിസ്ഥാനമില്ലെന്നും സോളിസിറ്റർ ജനറൽ തുഷാർ മേത്ത വാദിച്ചു. പട്ടികവര്‍ഗ മേഖലയിലെ ജനവിഭാഗങ്ങളുടെ സംരക്ഷണം ഭരണഘടനാപരമാണ്. സുപ്രീം കോടതി മുന്‍കാല വിധിയിലൂടെ ഇക്കാര്യം അംഗീകരിച്ചിട്ടുണ്ടെന്നും കേന്ദ്രം അറിയിച്ചു. പട്ടികവര്‍ഗ മേഖലയിലെ ഭൂമി കൈമാറ്റത്തിന് സംസ്ഥാന നിയമങ്ങളുടെ വിലക്കുണ്ട്. എന്നാല്‍, വഖഫ് ആയി മാറ്റിയാല്‍ മുത്തവല്ലിയുടെ താല്‍പര്യാനുസൃതം ഭൂമി കൈകാര്യം ചെയ്യാനാകും. നിയമ വിരുദ്ധമെങ്കില്‍ വകുപ്പ് സുപ്രീം കോടതിക്ക് ഭരണഘടനാ വിരുദ്ധമായി പ്രഖ്യാപിക്കാമെന്നും ചീഫ് ജസ്റ്റിസ് ഉൾപ്പെട്ട ബെഞ്ചിനെ കേന്ദ്ര സ‍ർക്കാ‍ർ അറിയിച്ചു.


മുതിർന്ന അഭിഭാഷകരായ കപിൽ സിബൽ, ഡോ. അഭിഷേക് മനു സിങ്‌വി, ഡോ. രാജീവ് ധവാൻ, സി.യു. സിംഗ്, ഹുസേഫ അഹ്മദി, നിസാം പാഷ എന്നിവരാണ് ഹർജിക്കാർക്ക് വേണ്ടി ഹാജരായത്. വഖഫ് ഭേദഗതി നിയമം ഭരണഘടന വിരുദ്ധമാണെന്ന് കപിൽ സിബൽ ഇന്നും അവർത്തിച്ചു. വഖഫ് വസ്തുക്കളിൽ തർക്കമുണ്ടായാൽ എത്രസമയത്തിനുള്ളിൽ തീർക്കണമെന്ന് നിയമത്തിൽ വ്യക്തമല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വഖഫ് സ്വത്തുകളുടെ രജിസ്ട്രേഷനുമായി ബന്ധപ്പെട്ട് സുപ്രീം കോടതി നടത്തിയ അഭിപ്രായപ്രകടനത്തിലും കപിൽ സിബൽ എതിർ വാദങ്ങൾ നിരത്തി. ഡൽഹിയിൽ രണ്ട് വഖഫുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. കശ്മീരിലും തെലങ്കാനയിലും വഖഫുകളൊന്നും തന്നെ രജിസ്റ്റർ ചെയ്തിട്ടില്ല. ഇത് 1954 മുതൽ ഈ സംസ്ഥാനങ്ങൾ ഭരിച്ച സർക്കാരുകളുടെ പരാജയമാണെന്നും അതു കാരണം ഒരു സമുദായം തന്നെയാണ് ശിക്ഷിക്കപ്പെടാന്‍ പോകുന്നതെന്നും സിബൽ പറഞ്ഞു.


Also Read: വഖഫ് ഭേദഗതി നിയമം: ഹര്‍ജികളില്‍ സുപ്രീം കോടതിയില്‍ നാളെയും വാദം തുടരും


‌വഖഫ് ഒരു അവശ്യ മത ആചാരമല്ലെന്ന സോളിസിറ്റർ ജനറലിന്റെ വാദത്തെയും ഹർജിക്കാർ എതിർത്തു. ഈ വാദം ജെപിസിയുടെ റിപ്പോർട്ടിനും കേന്ദ്രത്തിന്റെ തന്നെ വാദത്തിനും വിരുദ്ധമാണെന്ന് അഡ്വ രാജീവ് ധവാൻ പറഞ്ഞു. ദാനധർമം ഇസ്ലാമിക വിശ്വാസത്തിന്റെ അവിഭാജ്യ ഘടകമാണെന്ന് അദ്ദേഹം വാദിച്ചു. ഇവ അവശ്യമല്ലെന്ന് പറയാൻ ഒരു ബാഹ്യ അധികാരത്തിനും അവകാശമില്ലെന്നും ധവാൻ കൂട്ടിച്ചേർത്തു. അഞ്ച് വർഷം മുസ്ലീമായി തുടരുന്നയാൾക്ക് മാത്രം വഖഫ് ചെയ്യാമെന്ന ഭേദഗതി ക്രമക്കേട് തടയാനെന്ന കേന്ദ്ര വാദത്തെ അഡ്വ അഭിഷേക് മനു സിങ്‌വിയും എതിർത്തു. ഇത്തിരത്തിലൊരു നിയമമില്ലെന്നും അത്തരം വ്യവസ്ഥകൾ മറ്റ് ഒരു വിശ്വാസത്തിനും ബാധകമല്ലെന്നും സിങ്‌വി ചൂണ്ടിക്കാട്ടി.



മെയ് 20 നാണ് ഹർജിക്കാരുടെ വാദം ആരംഭിച്ചത്. തുടർന്ന് മെയ് 21 ന് കേന്ദ്ര സർക്കാരും തങ്ങളുടെ വാദമുഖങ്ങൾ അവതരിപ്പിച്ചു. കഴിഞ്ഞ ദിവസങ്ങളിലും വഖഫ് നിയമത്തിലെ ഭേദ​ഗതികളെ ശക്തമായി ന്യായീകരിക്കുന്ന സമീപനമാണ് കേന്ദ്ര സർക്കാർ സുപ്രീംകോടതിയിൽ സ്വീകരിച്ചത്. വഖഫ് സ്വത്തുക്കള്‍ സംരക്ഷിക്കാനാണ് പുതിയ നിയമമെന്ന് കേന്ദ്രം കോടതിയെ അറിയിച്ചു. എന്നാല്‍ വഖഫ് സ്വത്തുക്കള്‍ പിടിച്ചെടുക്കുകയാണ് കേന്ദ്രത്തിന്റെ ഉദ്ദേശ്യമെന്ന് ഹര്‍ജിക്കാര്‍ വാദിച്ചു. ബോര്‍ഡുകളില്‍ മുസ്ലീം ഇതരരെ നിയമിക്കാനുള്ള തീരുമാനം മൗലികാവകാശ വിരുദ്ധമാണെന്നും ചൂണ്ടിക്കാട്ടി.

Also Read: "എല്ലാ പരിധികളും ലംഘിക്കുന്നു, രാജ്യത്തിന്റെ ഫെഡറൽ ഘടനയെ പൂർണമായും ഹനിക്കുന്നു"; ഇഡിക്കെതിരെ വിമർശനവുമായി സുപ്രീംകോടതി

എഐഎംഐഎം എംപി അസദുദ്ദീൻ ഒവൈസി, ഡൽഹി എ.എ.പി എംഎൽഎ അമാനത്തുള്ള ഖാൻ, അസോസിയേഷൻ ഫോർ പ്രൊട്ടക്ഷൻ ഓഫ് സിവിൽ റൈറ്റ്സ്, ജാമിയത്ത് ഉലമ-ഇ-ഹിന്ദ് പ്രസിഡന്റ് അർഷാദ് മദനി, സമസ്ത കേരള ജമിയത്തുൽ ഉലമ, അഞ്ജും കദാരി, തൈയ്യബ് ഖാൻ സൽമാനി, മുഹമ്മദ് ഷാഫി, ടി.എം.സി എംപി മഹുവ മൊയ്ത്ര, ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ്, ഓൾ ഇന്ത്യ മുസ്ലീം പേഴ്‌സണൽ ലോ ബോർഡ്, ആർ.ജെ.ഡി എംപി മനോജ് കുമാർ ഝാ, എസ്.പി എംപി സിയാ ഉർ റഹ്മാൻ, കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ, ഡി.എം.കെ തുടങ്ങി 70ഓളം പേരാണ് വഖഫ് നിയമ ഭേദ​ഗതിക്കെതിരെ സുപ്രീം കോടതിയെ സമീപിച്ചത്. എന്നാൽ, ഹര്‍ജികളിൽ വളരെ കുറച്ചുപേരുടെ വാദങ്ങള്‍ മാത്രമേ കേള്‍ക്കുകയുള്ളൂ എന്നായിരുന്നു സുപ്രീംകോടതിയുടെ നിലപാട്.

KERALA
"റാപ്പ് സംഗീതത്തിന് പട്ടികജാതി-പട്ടികവർഗ വിഭാഗവുമായി പുലബന്ധമില്ല"; വേടനെതിരെ അധിക്ഷേപ പരാമർശവുമായി കെ.പി. ശശികല
Also Read
user
Share This

Popular

WORLD
KERALA
WORLD
ഗാസയിൽ പോഷകാഹാരക്കുറവുള്ള 9,000ത്തിലധികം കുട്ടികളെ ചികിത്സിച്ചു: യുനിസെഫ്