ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 142 പ്രകാരമുള്ള കോടതിയുടെ പ്രത്യേക അധികാരമുപയോഗിച്ചാണ് നടപടി
പോക്‌സോ കേസില്‍ കുറ്റാരോപിതന് ശിക്ഷ വിധിക്കാന്‍ വിസമ്മതിച്ച് സുപ്രീം കോടതി. കേസിന്റെ സവിശേഷ സാഹചര്യം പരിഗണിച്ചാണ് കോടതിയുടെ നടപടി. ജസ്റ്റിസ് അഭയ് എസ് ഓഖ, ജസ്റ്റിസ് ഉജ്ജല്‍ ഭുയാന്‍ എന്നിവരടങ്ങുന്ന ബെഞ്ചിന്റേതാണ് നിര്‍ണായക തീരുമാനം. ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 142 പ്രകാരമുള്ള കോടതിയുടെ പ്രത്യേക അധികാരമുപയോഗിച്ചാണ് നടപടി.
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുമായി ലൈംഗിക ബന്ധത്തിന് ഏര്‍പ്പെട്ടെന്നായിരുന്നു കേസില്‍ പ്രതിയായ യുവാവിനെതിരെയുള്ള കുറ്റം. സംഭവം നടക്കുന്ന സമയത്ത് യുവാവിന് 24 വയസായിരുന്നു പ്രായം. എന്നാല്‍, പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയായതിനു ശേഷം ഇരുവരും വിവാഹിതരായി ഒന്നിച്ചു ജീവിക്കുകയാണ്. ഇവര്‍ക്ക് ഒരു കുഞ്ഞുമുണ്ട്.
പെണ്‍കുട്ടിയുടെ നിലവിലെ ജീവിത സാഹചര്യങ്ങള്‍ പരിശോധിക്കാനായി ക്ലിനിക്കല്‍ സൈക്കോളജിസ്റ്റിനേയും സാമൂഹ്യ നിരീക്ഷകരേയും ഉള്‍പ്പെടുത്തി പ്രത്യേക കമ്മിറ്റിയെ നിയോഗിച്ചിരുന്നു. ഈ കമ്മിറ്റിയുടെ കണ്ടെത്തലുകളാണ് വിധി പറയുന്നതില്‍ നിര്‍ണായകമായത്.
Also Read: ആകാശച്ചുഴിയിൽപ്പെട്ട് ഇൻഡിഗോ വിമാനം; അടിയന്തര സാഹചര്യത്തിലും വ്യോമപാത വിലക്കി പാകിസ്ഥാൻ
സമൂഹവും കുടുംബവും നീതിന്യായ വ്യവസ്ഥയും പെണ്‍കുട്ടിയോട് നീതി കാട്ടിയില്ലെന്ന നിര്‍ണായക നിരീക്ഷണവും സുപ്രീം കോടതിയുടെ ഭാഗത്തു നിന്നുണ്ടായി. ''സമൂഹം പെണ്‍കുട്ടിയെ വിധിച്ചു, കുടുംബം അവളെ ഉപേക്ഷിച്ചു, നീതിന്യായ വ്യവസ്ഥ അവളെ തോല്‍പ്പിച്ചു' എന്നാണ് കോടതി പരാമര്‍ശിച്ചത്.
നിലവില്‍ പ്രായപൂര്‍ത്തിയായ പെണ്‍കുട്ടി സംഭവത്തെ കുറ്റകൃത്യമായി കാണുന്നില്ല. നിയമത്തിന്റെ കണ്ണില്‍ നടന്നത് കുറ്റകൃത്യമാണെങ്കിലും പെണ്‍കുട്ടി അത് അംഗീകരിക്കുന്നില്ല. പെണ്‍കുട്ടിക്ക് കൂടുതല്‍ ആഘാതമുണ്ടാക്കിയത് 'നിയമപരമായ കുറ്റകൃത്യമല്ല', മറിച്ച് അതിന്റെ അനന്തരഫലങ്ങളാണ്. അവള്‍ക്ക് നേരിടേണ്ടി വന്നത് പൊലീസിനേയും നിയമവ്യവസ്ഥയേയും കുറ്റാരോപിതനായ വ്യക്തിയെ രക്ഷിക്കാനുള്ള നിരന്തര പോരാട്ടവുമാണ്. കേസിന്റെ യഥാര്‍ഥ വസ്തുത എല്ലാവരുടേയും കണ്ണ് തുറപ്പിക്കുന്നതാണെന്നും കോടതി വ്യക്തമാക്കി.
കേസിന്റെ സവിശേഷമായ സാഹചര്യവും കുറ്റാരോപിതനും പെണ്‍കുട്ടിയും തമ്മിലുള്ള വൈകാരിക ബന്ധവും അവരുടെ കുടുംബവും എല്ലാം പരിഗണിച്ചാണ് ശിക്ഷ വിധിക്കില്ലെന്ന് കോടതി വ്യക്തമാക്കിയത്. ഇതോടെ മാത്രമേ, സമ്പൂര്‍ണ നീതി നടപ്പാകുകയുള്ളൂവെന്നും കോടതി വ്യക്തമാക്കി.