സെപ്റ്റംബർ 17ന് ഹർജി സുപ്രീം കോടതി വീണ്ടും പരിഗണിക്കും
ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾ കേന്ദ്രീകരിച്ച് വിവിധ സർക്കാരുകൾ നടപ്പിലാക്കുന്ന ബുൾഡോസർ രാജ് നടപടികൾക്കെതിരെ രൂക്ഷവിമർശനവുമായി സുപ്രീം കോടതി. കേസിൽ പ്രതിയായത് കൊണ്ട് മാത്രം ഒരാളുടെ കെട്ടിടം പൊളിക്കാൻ സർക്കാർ അധികൃതർക്ക് എങ്ങനെ കഴിയുമെന്ന് സുപ്രീം കോടതി ചോദ്യമുന്നയിച്ചു.
കെട്ടിട്ടം പൊളിക്കുന്നതിന് മാർഗരേഖ രാജ്യവ്യാപകമായി പുറത്തിറക്കണമെന്നും സുപ്രീം കോടതി ഉത്തരവിട്ടുണ്ട്. കേസ് സെപ്റ്റംബർ 17ന് ഹർജി സുപ്രീം കോടതി വീണ്ടും പരിഗണിക്കും. രാജ്യവ്യാപകമായി ബുൾഡോസർ രാജ് നടപടികൾ നിർത്തലാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയിൽ സീനിയർ അഭിഭാഷകൻ ദുഷ്യന്ത് ദവെയാണ് വാദം നടത്തിയത്. ജസ്റ്റിസ് ബി.ആർ. ഗവായ്, ജസ്റ്റിസ് കെ.വി. വിശ്വനാഥൻ എന്നിവരുടെ ബെഞ്ചാണ് ഹർജി പരിഗണിച്ചത്.
പ്രതി ക്രിമിനൽ കുറ്റത്തിൽ ഉൾപ്പെട്ടതിനാൽ സ്ഥാവര വസ്തുക്കളൊന്നും പൊളിക്കാൻ കഴിയില്ലെന്ന് സോളിസിറ്റർ ജനറൽ ഓഫ് ഇന്ത്യയുടെ തുഷാർ മേത്ത വാദിച്ചു. നിർമാണം നിയമവിരുദ്ധമാണെങ്കിൽ മാത്രമെ അത്തരം പൊളിക്കൽ പാടുള്ളൂവെന്നും കേന്ദ്ര സർക്കാരിൻ്റെ നിലപാട് മേത്ത അറിയിച്ചു. അതേസമയം, ചിലർ വിഷയം കോടതിക്ക് മുന്നിൽ തെറ്റായി അവതരിപ്പിക്കുകയാണെന്നും സോളിസിറ്റർ ജനറൽ വാദിച്ചു.
READ MORE: ബുൾഡോസർ നിയമങ്ങൾ നടപ്പാക്കാൻ ഇന്ത്യ അനുവദിക്കില്ല; പുതിയ ക്രിമിനൽ നിയമങ്ങൾക്കെതിരെ മല്ലികാർജുൻ ഖാർഗെ
2022 ഏപ്രിലിലെ കലാപത്തിന് തൊട്ടുപിന്നാലെ ഡൽഹി ജഹാംഗീർപുരിയിൽ, നിരവധി ആളുകളുടെ വീടുകൾ കലാപത്തിന് പ്രേരിപ്പിച്ചു എന്നാരോപിച്ച് തകർത്തതായി ജാമിയത്ത് ഉലമ ഇ ഹിന്ദിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ ദുഷ്യന്ത് ദവെ കോടതിയെ അറിയിച്ചു. ഉദയ്പൂരിൽ വാടകക്കാരൻ്റെ മകൻ കുറ്റാരോപിതനായതിനാൽ ഒരു വ്യക്തിയുടെ വീട് തകർത്തെന്ന് മുതിർന്ന അഭിഭാഷകൻ ചന്ദർ ഉദയ് സിംഗ് മറ്റൊരു കേസും കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തി. കേസിൽ കക്ഷി ചേരണമെന്ന് ആവശ്യപ്പെട്ട് നാഷണൽ ഫെഡറേഷൻ ഓഫ് ഇന്ത്യൻ വുമൺ നൽകിയ ഹർജിയും കോടതി അംഗീകരിച്ചു. ഫെഡറേഷനെ പ്രതിനിധീകരിച്ച് അഭിഭാഷകരായ നിസാം പാഷ, രശ്മി സിങ് എന്നിവരാണ് ഹാജരായത്.
എന്താണ് ഹർജിക്ക് ആധാരമായ പശ്ചാത്തലം?
2022 ഏപ്രിലിൽ ഡൽഹിയിലെ ജഹാംഗീർപുരിയിൽ നടന്ന ബുൾഡോസർ രാജ് നടപടികളെ ചോദ്യം ചെയ്തു ഒരു കൂട്ടം ഹർജികളാണ് സുപ്രീം കോടതിയിൽ സമർപ്പിച്ചത്. തുടർന്ന് സുപ്രീം കോടതി ഇടപെട്ട് പൊളിക്കൽ നടപടികൾ സ്റ്റേ ചെയ്തിരുന്നു. അന്ന് തന്നെ ഒരു ശിക്ഷയായി ബുൾഡോസർ നടപടികളിലേക്ക് സർക്കാർ അധികാരികൾ പോകുന്നത് തടയണമെന്ന് കോടതി ഉത്തരവിടണമെന്നും അപേക്ഷകർ ആവശ്യമുന്നയിച്ചിരുന്നു.
മുൻ രാജ്യസഭാ എംപിയും സിപിഎം നേതാവുമായ ബൃന്ദ കാരാട്ട് ആണ് അന്ന് ആദ്യം സുപ്രീം കോടതിയെ സമീപിച്ചത്. ഏപ്രിലിൽ ശോഭാ യാത്രാ ഘോഷയാത്രയ്ക്കിടെ വർഗീയ കലാപം ഉണ്ടായതിന് പിന്നാലെ ജഹാംഗീർപുരി പ്രദേശത്തെ ചിലരുടെ വീടുകൾ നോർത്ത് ഡൽഹി മുനിസിപ്പൽ കോർപ്പറേഷൻ അധികൃതർ പൊളിച്ചിരുന്നു. ഇതിനെ ചോദ്യം ചെയ്തുകൊണ്ടാണ് ബൃന്ദ കാരാട്ട് ആദ്യം ഹർജി സമർപ്പിച്ചത്.
2023 സെപ്റ്റംബറിൽ കേസ് പരിഗണിച്ചപ്പോൾ, ബൃന്ദ കാരാട്ട് ഉൾപ്പെടെയുള്ളവരുടെ അഭിഭാഷകനായ സീനിയർ അഡ്വക്കറ്റ് ദുഷ്യന്ത് ദവെ കുറ്റകൃത്യങ്ങളിൽ ആരോപിക്കപ്പെടുന്ന ആളുകളുടെ വീടുകൾ പൊളിക്കുന്ന സംസ്ഥാന സർക്കാരുകളുടെ വർദ്ധിച്ചുവരുന്ന പ്രവണതയെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ചിരുന്നു. ഭരണഘടനയുടെ ആർട്ടിക്കിൾ 21 പ്രകാരം ജീവിക്കാനുള്ള അവകാശത്തിൽ, ഏറ്റവും പ്രധാനപ്പെട്ടതാണ് വീടിനുള്ള അവകാശമെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. പൊളിച്ച വീടുകൾ പുനർനിർമിക്കാൻ കോടതി ഉത്തരവിടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.