പാതിവിലത്തട്ടിപ്പ്: "ജാമ്യം ലഭിക്കാനുള്ള കേസല്ല"; ആനന്ദകുമാറിന് സുപ്രീം കോടതിയുടെ രൂക്ഷ വിമര്‍ശനം

കെ.എന്‍. ആനന്ദകുമാറിന്റെ ആരോഗ്യനില സംബന്ധിച്ച് രണ്ടാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കാനാണ് സംസ്ഥാന സര്‍ക്കാരിന് സുപ്രീം കോടതിയുടെ നിര്‍ദേശം
പാതിവിലത്തട്ടിപ്പ്: "ജാമ്യം ലഭിക്കാനുള്ള കേസല്ല"; ആനന്ദകുമാറിന് സുപ്രീം കോടതിയുടെ രൂക്ഷ വിമര്‍ശനം
Published on

പാതിവില തട്ടിപ്പ് കേസ് പ്രതി കെ.എന്‍. ആനന്ദകുമാറിന് സുപ്രീം കോടതിയുടെ രൂക്ഷ വിമര്‍ശനം. അഞ്ഞൂറ് കോടിയിലധികം രൂപയുടെ തട്ടിപ്പ് കേസാണെന്നും ജാമ്യം ലഭിക്കാനുള്ള കേസല്ല ഇതെന്നും സുപ്രീം കോടതി വ്യക്തമാക്കി. അന്വേഷണം പുരോഗമിക്കുകയാണല്ലോ എന്നും കുറ്റപത്രം നല്‍കിയതിന് ശേഷം ജാമ്യം തേടി ഹൈക്കോടതിയെ സമീപിക്കാമെന്നും കോടതി അറിയിച്ചു. ആരോഗ്യകാരണം മുന്‍നിര്‍ത്തിയാണ് ആനന്ദകുമാർ സുപ്രീം കോടതിയെ ജാമ്യത്തിനായി സമീപിച്ചത്.

തട്ടിപ്പിന്റെ ഗുണമുണ്ടായത് ആര്‍ക്കെന്ന് അന്വേഷണത്തിലൂടെ പുറത്തുവരണമെന്ന് സുപ്രീം കോടതി അറിയിച്ചു. എങ്ങനെയാണ് പണം ശേഖരിച്ചതെന്നും ആരൊക്കെയാണ് കുറ്റകൃത്യത്തില്‍ ഉള്‍പ്പെട്ടതെന്നും അന്വേഷിക്കണം. പ്രതി ഐസിയുവിലാണെന്ന കാര്യം അറിയാമെന്നും സുപ്രീം കോടതി വ്യക്തമാക്കി. ജസ്റ്റിസുമാരായ ജെ.കെ. മഹേശ്വരി, അരവിന്ദ് കുമാര്‍ എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ചിന്റേതാണ് വിമര്‍ശനം.

വഞ്ചനക്കുറ്റം മാത്രമാണ് ചുമത്തിയിരിക്കുന്നത് എന്നായിരുന്നു കെ.എന്‍. ആനന്ദകുമാറിന് വേണ്ടി ഹാജരായ അഭിഭാഷകന്റെ വാദം. എഫ്‌ഐആറില്‍ തനിക്കെതിരെ ആക്ഷേപമില്ലെന്നും 55 ദിവസമായി കസ്റ്റഡിയിലാണ് എന്നും കെ.എന്‍. ആനന്ദകുമാര്‍ സുപ്രീം കോടതിയെ അറിയിച്ചു. ജാമ്യാപേക്ഷയിലെ ഉപഹര്‍ജിയില്‍ സുപ്രീം കോടതി സംസ്ഥാന സര്‍ക്കാരിന് നോട്ടീസയച്ചു. കെ.എന്‍. ആനന്ദകുമാറിന്റെ ആരോഗ്യനില സംബന്ധിച്ച് രണ്ടാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കാനാണ് സംസ്ഥാന സര്‍ക്കാരിന് സുപ്രീം കോടതിയുടെ നിര്‍ദേശം.

പകുതി വില തട്ടിപ്പ് കേസിലെ മുഖ്യ സൂത്രധാരൻ സായിഗ്രാം ട്രസ്റ്റ് ചെയർമാൻ കെ.എൻ. ആനന്ദകുമാർ ആണെന്നായിരുന്നു ക്രൈം ബ്രാഞ്ചിന്‍റെ കണ്ടെത്തല്‍. വിവിധ കമ്പനികളുടെ സിഎസ്ആർ ഫണ്ട് തട്ടാനാണ് ആനന്ദകുമാറും സംഘവും ആദ്യം പദ്ധതിയിട്ടത്. അനന്തുകൃഷ്ണനിൽ നിന്ന് ആനന്ദകുമാർ കോടികൾ കൈപ്പറ്റിയത് തട്ടിപ്പ് പണം ആണെന്ന അറിവോടെയാണെന്നും ക്രൈം ബ്രാഞ്ച് കണ്ടെത്തി.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com