തിരുപ്പതി ലഡു വിവാദം: അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജികൾ കോടതി തിങ്കളാഴ്ച പരിഗണിക്കും

തിരുപ്പതി ലഡു വിവാദം വലിയ ചർച്ചയായതോടെ ആന്ധ്രപ്രദേശിൽ രാഷ്ട്രീയ യുദ്ധം മുറുകകയാണ്
തിരുപ്പതി ലഡു വിവാദം: അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജികൾ കോടതി തിങ്കളാഴ്ച പരിഗണിക്കും
Published on



തിരുപ്പതി ക്ഷേത്രത്തിലേക്കുള്ള ലഡുവിൽ മൃഗക്കൊഴുപ്പ് കലർത്തിയ കേസിലെ വാദം സുപ്രീം കോടതി തിങ്കളാഴ്ച കേൾക്കും. ബിജെപി നേതാവ് സുബ്രഹ്മണ്യൻ സ്വാമിയും തിരുപ്പതി തിരുമല ദേവസ്വം മുന്‍ ചെയർമാനും രാജ്യസഭ എംപിയുമായ വൈ.വി. സുബ്ബ റെഡ്ഡി എന്നിവർ അന്വേഷണം ആവശ്യപ്പെട്ട് നൽകിയ ഹർജികളാണ് കോടതി പരിഗണിക്കുക. ജസ്റ്റിസുമാരായ ബി.ആർ. ഗവായ്, കെ.വി. വിശ്വനാഥൻ എന്നിവരടങ്ങിയ ബെഞ്ചാണ് വാദം കേൾക്കുക. തിരുപ്പതി ലഡു വിവാദം വലിയ ചർച്ചയായതോടെ ആന്ധ്രപ്രദേശിൽ രാഷ്ട്രീയ യുദ്ധം മുറുകുകയാണ്.

കഴിഞ്ഞ ദിവസമാണ് ബിജെപി നേതാവ് സുപ്രീം കോടതിയിൽ പൊതു താൽപര്യ ഹർജി സമർപ്പിച്ചത്. ലഡു നിർമിക്കാനുപയോഗിച്ച നെയ്യ് പരിശോധിച്ച് വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ ആന്ധ്ര സർക്കാരിനോട് നിർദേശിക്കുക, വിഷയത്തിൽ വിശദമായ ഫോറൻസിക് റിപ്പോർട്ട് നിർദേശിക്കുക എന്നിവയാണ് ഹർജിയിലെ പ്രധാന ആവശ്യങ്ങൾ. ഗുജറാത്തിലെ ഒരു ലാബിൽ നടത്തിയ പരിശോധനയിൽ ലഡുവിൽ മീൻ എണ്ണ, പന്നിയുടെയും പശുവിൻ്റെയും കൊഴുപ്പ് എന്നിവ കണ്ടെത്തിയിരുന്നെന്നാണ് സംസ്ഥാന സർക്കാരിൻ്റെ വാദം. പ്രസാദം നിർമിക്കുന്നതിനുള്ള ചേരുവകൾ ക്ഷേത്രത്തിലേക്ക് വിതരണം ചെയ്യുന്നവരുടെ ഗുണനിലവാരം പരിശോധിക്കാൻ ക്ഷേത്രത്തിനുള്ളിൽ തന്നെ സംവിധാനം വേണമെന്നും ബിജെപിയുടെ ഹർജിയിൽ പറയുന്നു.


അതേസമയം,  വിഷയം അന്വേഷിക്കാൻ റിട്ടയേർഡ് സുപ്രീംകോടതി ജഡ്ജിയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ നിയമിക്കണമെന്നാണ് തിരുപ്പതി തിരുമല ദേവസ്വം മുൻ ചെയർമാൻ വൈ.വി. സുബ്ബ റെഡ്ഡി സമർപ്പിച്ച പൊതു താൽപര്യ ഹർജിയിലെ ആവശ്യം. ലഡു നിർമാണത്തിൽ മായം കലർന്ന നെയ്യ് ഉപയോഗിച്ചിട്ടില്ലെന്ന് ആവർത്തിക്കുകയാണ് വൈഎസ്ആർ പാർട്ടി നേതാവ് കൂടിയായ വൈ.ബി. സുബ്ബ റെഡ്ഡി.

ജഗൻ മോഹൻ റെഡ്ഡിയുടെ കീഴിലുള്ള സർക്കാർ തിരുപ്പതി ലഡുവിൽ മൃഗക്കൊഴുപ്പ് ഉപയോഗിച്ചതായായിരുന്നു നായിഡുവിൻ്റെ ആരോപണം. മായം കലർന്നേക്കാവുന്ന നെയ്യ് അടങ്ങിയ ടാങ്കർ ജൂലൈ 12 ന് തിരുപ്പതിയിൽ എത്തിയെങ്കിലും അത് തിരിച്ചയക്കുകയായിരുന്നെന്ന് ജഗൻ മോഹൻ റെഡ്ഡി പറയുന്നു.


അതേസമയം, നായിഡുവിൻ്റെ വാദങ്ങൾ അസംബന്ധമാണെന്നായിരുന്നു നെയ് വിതരണം ചെയ്ത തമിഴ്‌നാട് ആസ്ഥാനമായുള്ള എആർ ഡയറി ഫുഡ് പ്രൈവറ്റ് ലിമിറ്റഡിൻ്റെ വാദം. എആർ ഡയറിയുടെ നെയ്യിൽ നിന്നുള്ള സാമ്പിളുകളിൽ മായം കലർന്നതായി കണ്ടെത്തിയെന്ന് തിരുമല തിരുപ്പതി ദേവസ്ഥാനം (ടിടിഡി) എക്സിക്യൂട്ടീവ് ഓഫീസർ ജെ ശ്യാമള റാവു പ്രഖ്യാപിച്ചിരുന്നു.




Related Stories

No stories found.
News Malayalam 24x7
newsmalayalam.com