വ്യാഴാഴ്ച്ച വീണ്ടും അരമന പിടിച്ചെടുക്കൽ അടക്കമുള്ള സമര പരിപാടിക്ക് ഒരുങ്ങുകയാണ് എറണാകുളം അതിരൂപതക്കാർ.
സീറോ - മലബാർ സഭയിൽ ജനാഭിമുഖ കുർബാന അനുവദിക്കില്ലന്ന് ആവർത്തിച്ച് സഭാ നേതൃത്വം. ഒത്തുതീർപ്പ് ഫോർമുല അംഗീകരിക്കുന്നില്ലെങ്കിൽ എറണാകുളം - അങ്കമാലി അതിരൂപത ഇനി കടുത്ത നടപടിയിലേക്ക് എന്നാണ് അൽമായ മുന്നേറ്റം അറിയിച്ചിരിക്കുന്നത്. വ്യാഴാഴ്ച്ച വീണ്ടും അരമന പിടിച്ചെടുക്കൽ അടക്കമുള്ള സമര പരിപാടിക്ക് ഒരുങ്ങുകയാണ് എറണാകുളം അതിരൂപതക്കാർ.
ജനാഭിമുഖ കുർബാന ലിറ്റർജിക്കൽ വേരിയന്റായി അംഗീകരിക്കുക, പുതിയ വൈദികർക്കും ജനാഭിമുഖ കുർബാന ചൊല്ലാൻ അനുവാദം നൽകുക. കൂരിയായെ ഉടൻ പുറത്താക്കുക എന്നിവയാണ് എറണാകുളം വിഭാഗം മെത്രാപൊലീത്തൻ വികാരി ആർച്ച്ബിഷപ്പ് പാംപ്ലാനിയുമായി ഉണ്ടാക്കിയ ഒത്തുതീർപ്പ് ഫോർമുല. എല്ലാ സാധ്യതകളും ഉപയോഗപ്പെടുത്തി ഈ ഫോർമുലക്ക് അംഗീകാരം നേടിയെടുക്കാനുള്ള ശ്രമത്തിലായിരുന്നു മാർ പാംപ്ലാനി.
മെയ് 20 ന് ഇത്തരത്തിൽ അന്തിമ കരാർ രൂപീകരിക്കാമെന്ന് മാർ പാംപ്പാനി ഉറപ്പ് നൽകിയിരുന്നുവെന്ന് അൽമായ മുന്നേറ്റം പറയുന്നു. ഇതിനിടെയാണ് മേജർ ആർച്ച്ബിഷപ്പ് ചികിൽസക്കായി അമേരിക്കയിലേക്ക് പോയത്. ഒപ്പം പുതിയ മാർപാപ്പ ചുമതല ഏറ്റതിന് പിന്നാലെ പൗരസ്ത്യ കാര്യാലയം എറണാകുളം - അങ്കമാലി അതിരൂപത കൂരിയായെ മാറ്റരുതെന്നാവശ്യപ്പെട്ട് മാർ . പാംപ്ലാനിയെ ഭീഷണിപ്പെടുത്തിയതെന്ന് അൽമായ മുന്നേറ്റം പറയുന്നു. ഇതിന് പിന്നിൽ ആർച്ച്ബിഷപ്പ് മാർ. ആൻഡ്രൂസ് താഴത്താണെന്ന് ഇവർ ആരോപിക്കുന്നു.
കഴിഞ്ഞ ദിവസം വീണ്ടും അരമന പിടിച്ചടക്കൽ സമരം നടത്താൻ വൈദികർ ബിഷപ്പ് ഹൗസിൽ എത്തി. 150 ഓളം വൈദികർ കൃത്തിയിരുപ്പ് ആരംഭിച്ചെങ്കിലും മാർ പാംപ്ലാനി വ്യാഴാഴ്ച്ചയെ എത്തുമെന്ന് അറിയിച്ചതിനാൽ മടങ്ങി പോവുകയായിരുന്നു. ഇതിനിടെ കുർബാന തർക്കത്തിൽ പരസ്യ വിമർശനവുമായി തെക്കൻ രൂപത മെത്രാൻമാരും രംഗത്തെത്തിയിട്ടുണ്ട്. മാർ. ജോസഫ് കല്ലറങ്ങാട്ട്, മാർ. തോമസ് തറയിൽ എന്നിവരാണ് വിമർശനവുമായി എത്തിയത്.