മരിച്ചവരിൽ ഒരാൾ വയനാട് കോട്ടപ്പടി സ്വദേശി നസീറ (44)യാണെന്ന് സിദ്ധിഖ് എംഎൽഎ പറഞ്ഞു
കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രി കാഷ്വാലിറ്റിയില്‍ പുക ഉയർന്നതിന് പിന്നാലെ മൂന്ന് രോഗികൾ മരിച്ചെന്ന് ടി.സിദ്ദിഖ് എംഎൽഎ. മരിച്ചവരുടെ എണ്ണം മൂന്നാണോ, നാലാണോ എന്ന് ബന്ധപ്പെട്ടവർ അറിയിക്കണമെന്നും എംഎൽഎ പറഞ്ഞു. മരിച്ചവരിൽ ഒരാൾ വയനാട് കോട്ടപ്പടി സ്വദേശി നസീറ (44)യാണെന്ന് സിദ്ധിഖ് എംഎൽഎ പറഞ്ഞു.
നസീറ വിഷം കഴിച്ച് ഗുരുതരാവസ്ഥയിൽ ആയിരുന്നു. വെൻ്റിലേറ്ററിൽ നിന്നും മാറ്റുന്നതിനിടെയാണ് മരണം എന്ന് ബന്ധുക്കൾ പറഞ്ഞു. കൂടുതൽ കാര്യങ്ങൾ അധികൃതർ വ്യക്തമാക്കുമെന്നും എംഎൽഎ അറിയിച്ചു. എന്നാൽ മെഡിക്കൽ കോളേജ് അധികൃതർ ഇതുമായി യാതൊരു പ്രതികരണവും നടത്തിയിട്ടില്ല. കുറച്ച് സമയം മുന്നേയായിരുന്നു കോഴിക്കോട് മെഡിക്കൽ കോളേജിലെ യുപിഎസ് റൂമിൽ പുക ഉയർന്നത്.
സംഭവത്തിൽ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അന്വേഷണത്തിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ക്കാണ് മന്ത്രി നിർദേശം നൽകിയത്. രോഗികള്‍ക്ക് ബുദ്ധിമുട്ടുണ്ടാകാതിരിക്കാന്‍ അവരെ സുരക്ഷിതരായി മറ്റ് സ്ഥലത്തേയ്ക്ക് മാറ്റണമെന്നും മന്ത്രി അറിയിച്ചു.
ആശുപ്രതിയിലെ 14 ഓപ്പറേഷൻ തിയേറ്ററുകളും തുറക്കാൻ നിർദേശം നൽകിയിട്ടുണ്ട് എന്ന് മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ സജീത്ത് കുമാർ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. പഴയ കാഷ്വാലിറ്റിയും പ്രവർത്തന ക്ഷമമാക്കും. തൊട്ടടുത്ത ആശുപത്രികളിൽ എല്ലാം കൂടുതൽ സജ്ജീകരണങ്ങൾ ഒരുക്കിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.