പരിധി നിർണയം ഫെഡറലിസത്തിനെതിരായ നഗ്നമായ ആക്രമണമാണെന്ന് സ്റ്റാലിൻ പറഞ്ഞു
കേന്ദ്രം നിർദേശിച്ച അതിർത്തി നിർണയ പ്രക്രിയയ്‌ക്കെതിരെ രാഷ്ട്രീയ പാർട്ടികളുടെ 'സംയുക്ത പ്രവർത്തന സമിതി' യോഗം ചേരണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എം. കെ. സ്റ്റാലിൻ. ഒരു കൂട്ടായ്മ രൂപപ്പെടുത്തുന്നതിനായി മാർച്ച് 22 ന് ചെന്നൈയിൽ നടക്കുന്ന യോഗത്തിൽ പങ്കെടുക്കണമെന്ന് കേരള മുഖ്യമന്ത്രി പിണറായി വിജയൻ, കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, തെലങ്കാനയിലെ രേവന്ത് റെഡ്ഡി, ആന്ധ്രാപ്രദേശിലെ ചന്ദ്രബാബു നായിഡു, പുതുച്ചേരിയിലെ എൻ രംഗസ്വാമി, മമതാ ബാനർജി, എന്നിവരോട് എം. കെ. സ്റ്റാലിൻ ആവശ്യപ്പെട്ടു.
"കേന്ദ്രം നിർദേശിക്കുന്ന അതിർത്തി പരിധി നിർണയം ഫെഡറലിസത്തിനെതിരായ ഒരു നഗ്നമായ ആക്രമണമാണ്, പാർലമെൻ്റിൽ നമ്മുടെ ന്യായമായ ശബ്ദം ഇല്ലാതാക്കാൻ വേണ്ടി ജനസംഖ്യാ നിയന്ത്രണം ഉറപ്പാക്കി കേന്ദ്രം സംസ്ഥാനങ്ങളെ ശിക്ഷിക്കാനാണ് ഒരുങ്ങുന്നത്. ഈ ജനാധിപത്യ അനീതി ഞങ്ങൾ അനുവദിക്കില്ല" അദ്ദേഹം എക്‌സിൽ കുറിച്ചു.
കേന്ദ്രത്തിൻ്റെ 'ഹിന്ദി അടിച്ചേൽപ്പിക്കലിനും' അതിർത്തി നിർണ്ണയ പ്രക്രിയയ്ക്കും എതിരെ സ്റ്റാലിനും സർക്കാരും ശക്തമായി പ്രതിഷേധിച്ചുവരികയാണ്. ത്രിഭാഷ നയത്തിൽ തമിഴ്നാട്ടിൽ രാഷ്ട്രീയപ്പോര് കനക്കുകയാണ്. കേന്ദ്ര സർക്കാർ ത്രിഭാഷാ നയം അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്നുവെന്ന് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ പ്രധാനമായും ഉന്നയിക്കുന്നത്. കേന്ദ്രത്തിൻ്റെ നിർദേശങ്ങൾ പാലിക്കാൻ തങ്ങൾ തയ്യാറല്ലെന്നും, ഒരു ഗവേഷകന് എൽകെജി വിദ്യാർഥി ക്ലാസെടുക്കുന്നത് പോലെയാണ് ത്രിഭാഷാ നയം നടപ്പിലാക്കാനുള്ള ശ്രമം കേന്ദ്ര വിദ്യാഭ്യാസ മന്ത്രിശ്രമം നടത്തുന്നതെന്നും സ്റ്റാലിൻ വിമർശനമുന്നയിച്ചു.
അതെ സമയം സ്റ്റാലിൻ്റെ ആരോപണത്തിന് പിന്നാലെ തമിഴ് ഭാഷയിൽ മെഡിക്കൽ എൻജിനീയറിംഗ് കോഴ്സുകൾ ആരംഭിക്കണമെന്നാവാശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ രംഗത്തെത്തി. ഇക്കാര്യത്തിൽ തമിഴ്നാട് മുഖ്യമന്ത്രി വേണ്ടത്ര കാര്യങ്ങൾ ചെയ്തിട്ടില്ലെന്നും പ്രാദേശിക ഭാഷകളെ ഉൾക്കൊള്ളുന്നതിനായി റിക്രൂട്ട്‌മെൻ്റ് നയങ്ങളിൽ പ്രധാന മാറ്റങ്ങൾ വരുത്തിയത് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണെന്നും അമിത്ഷാ അവകാശപ്പെട്ടു. ഇതിന് പിന്നാലെയാണ് അതിർത്തി നിർണയ പ്രക്രിയയ്‌ക്കെതിരെ ഒരു കൂട്ടായ്മ രൂപപ്പെടുത്താൻ സ്റ്റാലിൻ ആവശ്യമുന്നയിക്കുന്നത്.