
തിരുവനന്തപുരത്ത് പ്രണയം നടിച്ച് യുവതിയെ ഹോട്ടൽ മുറിയിലെത്തിച്ച് പീഡന ദൃശ്യങ്ങൾ പകർത്തി സൈറ്റുകളിൽ അപ്‌ലോഡ് ചെയ്ത യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കഴക്കൂട്ടം ടെക്നോ പാർക്കിലെ ഐ ടി ജീവനക്കാരനായ നേമം പള്ളിച്ചൽ സ്വദേശി ശ്രീകുമാറിനെയാണ് തുമ്പ പൊലീസ് അറസ്റ്റ് ചെയ്തത്.
സമൂഹമാധ്യമം വഴി പരിചയപ്പെട്ട യുവതിയെ കുളത്തൂരിലെ ആഡംബര ഹോട്ടലിലെത്തിച്ചാണ് ഇയാൾ പീഡിപ്പിച്ചത്. തുടർന്ന് യുവതിയെ നിരന്തരം പണത്തിനായി ബ്ലാക്ക്മെയിൽ ചെയ്ത് ഭീഷണിപ്പെടുത്തി. പണം കിട്ടാതെ വന്നതോടെയാണ് സമൂഹമാധ്യമങ്ങളിലും ചില സൈറ്റുകളിലും ഇയാൾ പീഡനദൃശ്യങ്ങൾ അപ്‌ലോഡ് ചെയ്തത്. ഇതോടെ കോഴിക്കോട് സ്വദേശിയായ യുവതി തുമ്പ പൊലീസിൽ പരാതി നൽകുകയായിരുന്നു.
പ്രതിയിൽ നിന്ന് ദൃശ്യങ്ങളുള്ള ലാപ്ടോപ്പും മൊബൈലും പൊലീസ് പിടിച്ചെടുത്തു. ലാപ്ടോപ്പും, മൊബൈലും പരിശോധിച്ചതിൽ നിന്നും സമാനമായ നിരവധി യുവതികളുടെ ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിട്ടുണ്ട്.