വെഞ്ഞാറമൂട് കൂട്ടക്കൊല: പ്രതി അഫാനെ ഉടൻ ജയിലിലേക്ക് മാറ്റിയേക്കും

90 ദിവസത്തിനകം കുറ്റപത്രം നൽകാനാണ് നിലവിലെ തീരുമാനമെന്നും അന്വേഷണസംഘം അറിയിച്ചു
വെഞ്ഞാറമൂട് കൂട്ടക്കൊല: പ്രതി അഫാനെ ഉടൻ ജയിലിലേക്ക് മാറ്റിയേക്കും
Published on

വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസിലെ മുഖ്യപ്രതി അഫാനെ ഉടൻ ജയിലിലേക്ക് മാറ്റിയേക്കും. മെഡിക്കൽ ബോർഡ് അനുമതി നൽകിയതിനു ശേഷമാണ് ജയിലിലേക്ക് മാറ്റുക. ജയിലിലേക്ക് മാറ്റിയശേഷം കസ്റ്റഡി അപേക്ഷ നൽകാനാണ് പൊലീസ് തീരുമാനിച്ചിരിക്കുന്നത്. 90 ദിവസത്തിനകം കുറ്റപത്രം നൽകാനാണ് നിലവിലെ തീരുമാനമെന്നും അന്വേഷണസംഘം അറിയിച്ചു.


അതേസമയം കഴിഞ്ഞ ദിവസം പ്രതിയുടെ പിതാവിൻ്റെ മൊഴി അന്വേഷണസംഘം രേഖപ്പെടുത്തിയിരുന്നു. പ്രതി അഫാന് ഇത്രയധികം കടബാധ്യത ഉള്ളതായി അറിയില്ലെന്നായിരുന്നു പിതാവ് അബ്ദുൽ റഹീമിൻ്റെ പ്രതികരണം. ഏഴ് വർഷങ്ങൾക്ക് ശേഷമാണ് കഴിഞ്ഞ ദിവസം അബ്ദുൽ റഹീം സൗദിയിൽ നിന്ന് നാട്ടിലെത്തിയത്. ഇഖാമ കാലാവധി അവസാനിച്ചിരുന്നെങ്കിലും രണ്ടരവർഷമായി യാത്രാവിലക്കിനെ തുടർന്ന് നാട്ടിലേക്ക് എത്താൻ സാധിച്ചിരുന്നില്ല. ഷെമിക്കും പ്രതി അഫാനും നാട്ടിൽ 50 ലക്ഷത്തിലധികം രൂപയുടെ കടബാധ്യത ഉണ്ടായിരുന്നുവെന്നാണ് വിവരം. ലക്ഷങ്ങളുടെ കടബാധ്യതയാണ് കൂട്ടക്കുരുതിയിലേക്ക് നയിച്ചതെന്നാണ് അഫാൻ ആവർത്തിച്ച് പറയുന്നത്.



വെഞ്ഞാറമൂട് പൊലീസ് സ്റ്റേഷനിലെത്തി അഫാൻ തന്നെയാണ് കൂട്ടകൊലപാതകം നടത്തിയ കാര്യം പൊലീസിനോട് ഏറ്റു പറഞ്ഞത്. ആറ് പേരെ കൊലപ്പെടുത്തിയെന്നായിരുന്നു പ്രതി പറഞ്ഞത്. എന്നാൽ മാതാവ് ഷെമി മരച്ചിരുന്നില്ല. ഗുരുതര പരിക്കേറ്റ ഷെമി അപകടനില തരണം ചെയ്തെങ്കിലും, കൃത്യമായ മൊഴിയെടുപ്പ് നടത്താൻ അന്വേഷണ സംഘത്തിന് സാധിച്ചിട്ടില്ല. കേസിൽ ഏറെ നിർണായകമാകാൻ പോകുന്ന മൊഴിയാണ് ഷെമിയുടേത്.


സഹോദരൻ അഫ്സാൻ, ഉപ്പയുടെ സഹോദരൻ ലത്തീഫ്, അദ്ദേഹത്തിൻ്റെ ഭാര്യ ഷാഹിദ, ഉപ്പയുടെ ഉമ്മ പാങ്ങോട് സ്വദേശി സൽമാ ബീവി, പെൺസുഹൃത്ത് ഫർസാന എന്നിവരെയാണ് പ്രതി അഫാൻ കൊലപ്പെടുത്തിയത്. പുല്ലംപാറ, പാങ്ങോട്,ചുള്ളാളം എന്നിങ്ങനെ മൂന്ന് സ്ഥലങ്ങളിലായിട്ടാണ് ഇരുപത്തിമൂന്നുകാരൻ കൊലപാതകം നടത്തിയത്. 


Related Stories

No stories found.
News Malayalam 24x7
newsmalayalam.com