കെ. സുരേന്ദ്രനും പ്രകാശ് ജാവ്ദേക്കറും തമ്മിൽ നടത്തിയ കൂടിക്കാഴ്ചയിലാണ് പരസ്യ പ്രതികരണങ്ങൾ വേണ്ടെന്ന തീരുമാനമായത്
നേതൃത്വത്തോട് ഇടഞ്ഞു നിൽക്കുന്ന ബിജെപി സംസ്ഥാന സമിതിയംഗം സന്ദീപ് വാര്യരെ അനുനയിപ്പിക്കാനില്ലെന്ന നിലപാടിൽ ബിജെപി നേതൃത്വം. എന്നാൽ ഉപതെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ സംഘടനാ നടപടികൾ ഉണ്ടാകില്ല. വിഷയത്തിൽ പരസ്യപ്രതികരണത്തിനും നേതാക്കൾ തയ്യാറാകില്ല. കെ. സുരേന്ദ്രനും പ്രകാശ് ജാവ്ദേക്കറും തമ്മിൽ നടത്തിയ കൂടിക്കാഴ്ചയിലാണ് പരസ്യപ്രതികരണങ്ങൾ വേണ്ടെന്ന തീരുമാനമായത്. സന്ദീപിൻ്റെ ആരോപണത്തിൽ ഇനി മറുപടിയില്ല. സന്ദീപ് എന്ത് വേണമെങ്കിലും പറഞ്ഞോട്ടെ. ഒരു നേതാക്കളും മറുപടി പറയില്ലെന്നും സുരേന്ദ്രൻ പറഞ്ഞു.
ഇന്നലെ രാത്രിയും ഇന്ന് പുലർച്ചെയുമായി ബിജെപി നേതാവ് പി.ആർ. ശിവശങ്കറും മുതിർന്ന ആര്‍എസ്എസ് നേതാവ് എ. ജയകുമാറും അനുനയ ചർച്ചകൾക്കായി
സന്ദീപിനെ സമീപിച്ചിരുന്നു. എന്നാൽ സന്ദീപ് വഴങ്ങിയില്ല, പരമാവധി അപമാനിതനായെന്നും പാലക്കാട് പ്രചാരണത്തിന് ഇല്ലെന്നും ഇരുവരോടും സന്ദീപ് ആവർത്തിച്ചു. ഇതോടെയാണ് സന്ദീപിനെ അവഗണിക്കാൻ പാർട്ടി തീരുമാനമെടുത്തത്.
ALSO READ: നിലപാടിൽ മാറ്റമില്ലാതെ സന്ദീപ് വാര്യർ; തിരക്കിട്ട നീക്കങ്ങളുമായി ബിജെപി നേതൃത്വം
പാർട്ടിയെ പ്രതിരോധത്തിലാക്കുന്ന കൂടുതൽ പ്രസ്താവനകൾ ഉണ്ടാകരുതെന്ന് ചർച്ചക്കെത്തിയ നേതാക്കൾ സന്ദീപ് വാര്യരോട് ആവശ്യപ്പെട്ടിട്ടുണ്ട്. മാധ്യമങ്ങളോട് കൂടുതൽ പ്രതികരണത്തിന് നിൽക്കാതെ സന്ദീപ് വാര്യർ കൊച്ചിക്ക് തിരിച്ചു. സന്ദീപിനെതിരെ ഉടനടി നടപടി വേണമെന്ന കൃഷ്ണദാസ് പക്ഷത്തിൻ്റെ ആവശ്യത്തോട് നേതൃത്വം യോജിച്ചില്ല. തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ സന്ദീപിനെതിരെ നടപടിയെടുത്താൽ ദോഷം ചെയ്യുമെന്നാണ് വിലയിരുത്തൽ.
അതേസമയം സന്ദീപ് വാര്യരുമായി ഏതെങ്കിലും സിപിഎം നേതാവ് ചർച്ച നടത്തിയോ എന്നറിയില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പറഞ്ഞു. സന്ദീപ് നയം വ്യക്തമാക്കട്ടെ, അപ്പോൾ പറയാം. നയം വ്യക്തമാക്കുമെന്ന് തന്നെയാണ് കരുതുന്നതെന്നും എ.കെ. ബാലൻ പറഞ്ഞു.