"ആ കണക്ക് ഇങ്ങനെയാണ്"; മെമ്മോറാണ്ടം തയ്യാറാക്കുന്നത് മന്ത്രിമാരല്ല, പരിശീലനം ലഭിച്ച പ്രൊഫഷണലുകളെന്ന് മുഖ്യമന്ത്രി

പ്രളയ ബാധിതർക്ക് ഇതുവരെ 856 കോടി 95 ലക്ഷം രൂപയാണ് നൽകിയത്
"ആ കണക്ക് ഇങ്ങനെയാണ്"; മെമ്മോറാണ്ടം തയ്യാറാക്കുന്നത് മന്ത്രിമാരല്ല, പരിശീലനം ലഭിച്ച പ്രൊഫഷണലുകളെന്ന് മുഖ്യമന്ത്രി
Published on

വയനാട് ദുരന്തത്തിന്റെ യഥാർത്ഥ കണക്കുകൾ പുറത്ത് വിട്ട് മുഖ്യമന്ത്രി പിണറായി വിജയൻ. വയനാട് ദുരന്തത്തിൽ ഇരയായവർക്കും മരണപ്പെട്ടവരുടെ ആശ്രിതർക്കും വേണ്ട മുഴുവൻ സഹായങ്ങളും സർക്കാർ ചെയ്തു വരികയാണ്. മെമ്മോറാണ്ടം തയ്യാറാക്കുന്നത് മന്ത്രിമാരല്ല, പ്രൊഫഷണലുകളാണ് എന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. പ്രളയ ബാധിതർക്ക് ഇതുവരെ 856 കോടി 95 ലക്ഷം രൂപയാണ് നൽകിയത്. സിഎംഡിആർഎഫിൽ നിന്നും 2135 കോടി 29 ലക്ഷം രൂപയാണ് വിതരണം ചെയ്തത് എന്നും അദ്ദേഹം പറഞ്ഞു.

മരിച്ചവരുടെ ആശ്രിതരായ 131 കുടുംബങ്ങൾക്ക് ആറ് ലക്ഷം രൂപ വീതം നൽകി. എസ്ഡിആർഎഫിൽ നിന്നും നാല് ലക്ഷം, സിഎംഡിആർഎഫിൽ നിന്നും രണ്ടു ലക്ഷം രൂപ വീതവും നൽകി. ഇതിനായി എസ്ഡിആർഎഫിൽ നിന്നും 5 കോടി 24 ലക്ഷം രൂപയും, സിഎംഡിആർഎഫിൽ നിന്നും രണ്ട് കോടിയും 62 ലക്ഷം രൂപയും ചെലവഴിച്ചു. മരിച്ച 173 പേരുടെ സംസ്കാര ചടങ്ങുകൾക്കായി 10000 രൂപ വീതം കുടുംബങ്ങൾക്ക് നൽകിയെന്നും മുഖ്യമന്ത്രി.

പരുക്കേറ്റ് ഒരാഴ്ചയിൽ കൂടുതൽ ആശുപതിയിൽ കിടന്നവർക്ക് 1,71,600 രൂപ നൽകി. ഒരാഴ്ചയിൽ താഴെ ആശുപത്രിയിൽ കിടന്നവർക്ക് 4,43,000 ദുരന്ത ബാധിതരായ 1013 കുടുംബങ്ങൾക്ക് അടിയന്തര ധനസഹായമായി 10,000 രൂപ വീതം നൽകി. 11,30,000 രൂപയാണ് ഇതിനായി ചെലവഴിച്ചത്. ദുരന്ത ബാധിത കുടുംബങ്ങളിലെ 1694 പേർക്ക് ഉപജീവന സഹായമായി ദിവസം 300 രൂപ വീതം നൽകി. ഒരുമാസത്തേക്ക് 15,24,600 രൂപ. കിടപ്പ് രോഗികളായ 33 പേർക്ക് ദുരിത്വാസനിധിയിൽ നിന്നും 2,97,000 രൂപ നൽകി. 722 കുടുംബങ്ങൾക്ക് പ്രതിമാസ വാടകയായി 6,000 രൂപ നൽകി. മറ്റു കണക്കുകളും മുഖ്യമന്ത്രി പുറത്തുവിട്ടു. ആക്ഷേപങ്ങൾക്ക് ഇടനൽകാതെയാണ് ഈ പ്രവർത്തനങ്ങൾ എല്ലാം നടന്നത് എന്നും മുഖ്യമന്ത്രി. ഇതിനായി എല്ലാ ഭാഗത്തു നിന്നും സഹായവും, പിന്തുണയും ഉണ്ടായിരുന്നു.

എന്നാൽ, ഈ പിന്തുണ തടയാനും ലഭിച്ചുകൊണ്ടിരിക്കുന്ന സഹായങ്ങൾ തടയാനാണ് ഇപ്പോൾ പുറത്തു വന്ന വ്യാജ കണക്കുകളുടെ പിന്നിൽ പ്രവർത്തിച്ചതെന്നും പിണറായി വിജയൻ പറഞ്ഞു. ദുരിതാശ്വാസ നിധിയിലേക്ക് സാധാരണ ജനങ്ങൾ നല്കുന്ന സഹായങ്ങളിൽ നിന്നും പിന്തിരിപ്പിക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം. ഇത് നശീകരണ മാധ്യമപ്രവർത്തനം ആണെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇത് സമൂഹത്തിനെതിരായ കുറ്റകൃത്യമെന്നും അദ്ദേഹം പറഞ്ഞു. എല്ലാ മാധ്യമങ്ങളും ഇതിൽ ഉൾപ്പെടുത്തില്ല. ചിലത് വാർത്തകൾ തിരുത്തി നൽകിയിട്ടുണ്ട്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com