കമ്പളക്കാട് പൊലീസ് പോക്സോ കേസിൽ കുടുക്കിയെന്നും ഭീഷണിപ്പെടുത്തിയെന്നും ആരോപിച്ചാണ് യുവാവ് ജീവനൊടുക്കിയത്
വയനാട് പനമരത്ത് പൊലീസിനെതിരെ വീഡിയോ പോസ്റ്റ് ചെയ്ത ശേഷം യുവാവ് പുഴയിൽ ചാടി ജീവനൊടുക്കിയ സംഭവത്തിൽ മുഖ്യമന്ത്രിക്ക് പരാതി നൽകി കുടുംബം. പനമരം വെള്ളരിവയൽ മാങ്കാണി സ്വദേശി എന്ന ആദിവാസി യുവാവാണ് കഴിഞ്ഞ ദിവസം മരിച്ചത്. കമ്പളക്കാട് പൊലീസ് പോക്സോ കേസിൽ കുടുക്കിയെന്നും ഭീഷണിപ്പെടുത്തിയെന്നും ആരോപിച്ചാണ് യുവാവ് ജീവനൊടുക്കിയത്.
അഞ്ചുകുന്ന് അങ്ങാടിയിൽ ഓട്ടോറിക്ഷാ ഡ്രൈവറായ രതിൻ ജീവനൊടുക്കുന്നതിന് മുൻപായി സഹോദരിക്ക് അയച്ച വീഡിയോയിൽ പറയുന്നത് പൊലീസിൻ്റെ ഭാഗത്തുനിന്ന് പിഴവുണ്ടായിട്ടുണ്ടെന്നാണ്. രതിൻ ഓട്ടോ ഓടിച്ചാണ് കുടുംബം പുലർത്തിയിരുന്നത്.
സുഹൃത്തിനൊപ്പം സംസാരിച്ചതിന് തന്നെ പൊലീസ് ഭീഷണിപ്പെടുത്തിയെന്നും, പോക്സോ കേസ് എടുക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നുമാണ് രതിൻ വീഡിയോയിൽ പറയുന്നത്. ആരെക്കൊണ്ടും ഒന്നും പറയിപ്പിക്കാതെയാണ് ഇതുവരെ ജീവിച്ചത്. ആരോടും പരാതിയില്ലെന്നും യുവാവ് വീഡിയോയില്‍ പറയുന്നു. പോക്സോ കേസില്‍ ഉൾപ്പെട്ടതിനാല്‍ നിരപരാധിത്വം തെളിയിച്ചാലും ഇനി ആളുകള്‍ തന്നെ ആ കണ്ണിലൂടെ മാത്രമെ കാണുകയുള്ളൂവെന്നും രതിന്‍ വീഡിയോയില്‍ വിശദീകരിക്കുന്നുണ്ട്.
തിങ്കളാഴ്ച രാവിലെയോടെയാണ് രതിൻ്റെ മൃതദേഹം പുഴയിൽ കണ്ടെത്തിയത്. കാണാതായതിന് പിന്നാലെ തെരച്ചിൽ നടത്തിയെങ്കിലും വിഫലമായിരുന്നു. പുഴയ്ക്ക് സമീപം യുവാവ് ഓടിച്ചിരുന്ന ഓട്ടോ കണ്ടെത്തിയതോടെ റെസ്‌ക്യൂ പ്രവര്‍ത്തകർ നടത്തിയ തെരച്ചിലാണ് മൃതദേഹം കണ്ടെത്തിയത്. ആരോപണത്തിൽ കഴമ്പില്ലെന്നും പെറ്റി കേസെടുത്ത് യുവാവിനെ വിട്ടുവെന്നുമാണ് പൊലീസിൻ്റെ ന്യായീകരണം. എന്നാൽ സംഭവത്തിൽ പൊലീസിനെതിരെ ആരോപണം ഉയർന്നതിനാൽ പ്രത്യേക അന്വേഷണം നടത്താൻ ജില്ലാ പൊലീസ് മേധാവി ഉത്തരവിട്ടിട്ടുണ്ട്.