ഗാസയിലെ കൂട്ടക്കുരുതി അതിരുകടക്കുന്നു; ഇസ്രയേൽ ആക്രമണങ്ങളെ അപലപിച്ച് അമേരിക്ക

കഴിഞ്ഞ ദിവസം ഇസ്രായേലി ഉദ്യോഗസ്ഥരുമായി നടന്ന കൂടികാഴ്ചയിലാണ് അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി ആൻ്റണി ബ്ലിൻകെൻ ഇക്കാര്യം വ്യക്തമാക്കിയത്
ഗാസയിലെ കൂട്ടക്കുരുതി അതിരുകടക്കുന്നു; ഇസ്രയേൽ ആക്രമണങ്ങളെ അപലപിച്ച് അമേരിക്ക
Published on

ഗാസ മുനമ്പിൽ ഇസ്രയേൽ നടത്തിയ ബോംബാക്രമണത്തിൽ പരുക്കേറ്റവരുടേയും മരിച്ചവരുടേയും എണ്ണം അംഗീകരിക്കാൻ കഴിയുന്നതിലുമേറെയെന്ന് അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി ആൻ്റണി ബ്ലിങ്കൻ. കഴിഞ്ഞ ദിവസം ഇസ്രയേലി ഉദ്യോഗസ്ഥരുമായി നടന്ന കൂടിക്കാഴ്ചയിലാണ് ആൻ്റണി ബ്ലിങ്കൻ ഇക്കാര്യം വ്യക്തമാക്കിയത്. ഗാസയിലെ അഭയാർഥി ക്യാമ്പിലേക്കും യുഎൻ നിയന്ത്രണത്തിലുള്ള സ്കൂളുകളിലേക്കും ഇസ്രയേൽ സൈന്യം ആക്രമണം നടത്തിയതിന് പിന്നാലെയാണ് യുഎസ് സ്റ്റേറ്റ് സെക്രട്ടറിയുടെ പ്രസ്താവന.

ഇസ്രയേൽ സ്ട്രാറ്റജിക് അഫയേഴ്‌സ് മന്ത്രി റോൺ ഡെർമറിൻ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് സാച്ചി ഹനെഗ്ബി എന്നിവരുമായാണ് സ്റ്റേറ്റ് സെക്രട്ടറിയുമായി കൂടിക്കാഴ്ച നടത്തിയത്. ഗാസയിലെ ആക്രമണങ്ങളെ കുറിച്ചുള്ള ഉത്കണ്ഠ പ്രകടിപ്പിക്കുക തന്നെയായിരുന്നു ചർച്ചയുടെ പ്രധാന ലക്ഷ്യം. ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ജൂലൈ 24ന് യുഎസ് കോൺഗ്രസിനെ അഭിസംബോധന ചെയ്യാനിരിക്കെയാണ് ഈ സന്ദർശനം.

"ഗാസയിലുണ്ടായ നാശനഷ്ടങ്ങളുടെ തോത് അസ്വീകാര്യമാണ്. ഈ സംഘർഷത്തിൽ നിരവധി സാധാരണക്കാരാണ് കൊല്ലപ്പെടുന്നതെന്നും അമേരിക്കൻ സ്റ്റേറ്റ് ഡിപ്പാർട്ട്മെൻ്റ് വക്താവ് മാത്യു മില്ലർ മാധ്യമ പ്രവർത്തകരോട് പറഞ്ഞു. വെടിനിർത്തലിൽ കരാറിലെത്താൻ ഇസ്രയേൽ ആഗ്രഹിക്കുന്നുവെന്നും അമേരിക്ക മുന്നോട്ട് വച്ച നിർദ്ദേശത്തോട് അവർ പ്രതിജ്ഞാബദ്ധരാണെന്നും മില്ലർ വ്യക്തമാക്കി.

ശനിയാഴ്ച ഖാൻ യൂനിസിനടുത്തുള്ള അൽ-മവാസി ക്യാമ്പിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ 90 ലധികം പേർ കൊല്ലപ്പെട്ടതായി ഗാസയിലെ ആരോഗ്യ മന്ത്രാലയം അറിയിച്ചിരുന്നു. ഒക്ടോബർ ഏഴ് മുതൽ ആരംഭിച്ച സംഘർഷത്തിൽ ഏകദേശം 38,584 ഗാസ പൗരൻമാർ കൊല്ലപ്പെട്ടതായി ഗാസ ആരോഗ്യമന്ത്രാലയം അറിയിച്ചിരുന്നു. ഇസ്രയേൽ ആക്രമണത്തിന് പിന്നാലെ വെടിനിർത്തൽ ചർച്ചകളിൽ നിന്ന് പിൻമാറുകയാണെന്ന് ഹമാസ് പറഞ്ഞിരുന്നു. ഇതോടെ ബന്ദികളെ മോചിപ്പിക്കുന്നതിനുള്ള കരാറിൻ്റെയും സാധ്യകൾ കുറയുകയാണ്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com