തെരഞ്ഞടുപ്പിലെ എർദോഗൻ്റെ എതിരാളി ജയിലിൽ; ഇസ്താബുൾ മേയറെ ജയിലിടയ്ക്കാന്‍ ഉത്തരവിട്ട് തുർക്കി കോടതി

അഴിമതിയും ഭീകരവാദബന്ധവും ആരോപിച്ചായിരുന്നു അറസ്റ്റ്
തെരഞ്ഞടുപ്പിലെ എർദോഗൻ്റെ എതിരാളി ജയിലിൽ; ഇസ്താബുൾ മേയറെ ജയിലിടയ്ക്കാന്‍ ഉത്തരവിട്ട് തുർക്കി കോടതി
Published on

ഇസ്താബുൾ മേയറും തുർക്കി പ്രതിപക്ഷ നേതാവുമായ ഇക്റെ ഇമാമോഗ്ലുവിനെ വിചാരണ വരെ ജയിലിടയ്ക്കാന്‍ ഉത്തരവിട്ട് തുർക്കി കോടതി. കഴിഞ്ഞ ദിവസമാണ് ഔദ്യോഗിക വസതിയില്‍ നിന്ന് മേയറെ തുർക്കി പൊലീസ് അറസ്റ്റുചെയ്തത്. അഴിമതിയും ഭീകരവാദബന്ധവും ആരോപിച്ചായിരുന്നു അറസ്റ്റ്. മേയറുടെ അറസ്റ്റില്‍ പ്രതിഷേധിച്ച് പതിനായിരങ്ങൾ ഇസ്താംബൂളില്‍ പ്രതിഷേധം തുടരുകയാണ്.


ഇസ്താംബൂളിൻ്റെ മേയറായ ഇക്റെ ഇമാമോഗ്ലു, പ്രതിപക്ഷ റിപ്പബ്ലിക്കൻ പീപ്പിൾസ് പാർട്ടിയുടെ (സിഎച്ച്പി) 2028 പ്രസിഡൻ്റ് സ്ഥാനാർഥിയായി തിരഞ്ഞെടുക്കപ്പെടുമെന്ന സൂചനകൾ പുറത്തുവന്നിരുന്നു. ഇതിനു പിന്നാലെയാണ് ഇമാമോഗ്ലുവിനെ അറസ്റ്റ് ചെയ്തത്. ആരോപണങ്ങൾ നിഷേധിച്ച ഇമാമോഗ്ലു, അവ രാഷ്ട്രീയ പ്രേരിതമാണെന്ന് പറയുകയും ചെയ്തു. ക്രിമിനൽ സംഘടന സ്ഥാപിക്കുകയും കൈകാര്യം ചെയ്യുകയും ചെയ്യുക, കൈക്കൂലി വാങ്ങുക, കൊള്ളയടിക്കുക,നിയമവിരുദ്ധമായി വ്യക്തിഗത വിവരങ്ങൾ രേഖപ്പെടുത്തുക, ടെൻഡറിൽ കൃത്രിമം കാണിക്കുക എന്നീ കുറ്റങ്ങൾ ചുമത്തിയാണ് ഇമാമോഗ്ലുവിനെ അറസ്റ്റ് ചെയ്തത്.



തുർക്കി പ്രസിഡൻ്റ് റജബ് ത്വയ്യിബ് എർദോഗൻ്റെ മുഖ്യ എതിരാളിയായാണ് ഇമാമോഗ്ലുവിനെ കാണുന്നത്. കഴിഞ്ഞ 22 വർഷമായി തുർക്കിയുടെ പ്രധാനമന്ത്രിയായും പ്രസിഡന്റായും എർദോഗൻ അധികാരത്തിൽ തുടരുന്നുണ്ട്. അറസ്റ്റ് അദ്ദേഹത്തിൻ്റെ സ്ഥാനാർഥിത്വത്തിനും പ്രസിഡൻ്റ് സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പിനും തടസം സൃഷ്ടിക്കകയില്ല. എന്നാൽ, അദ്ദേഹത്തിനെതിരായ ഏതെങ്കിലും കുറ്റങ്ങളിൽ ശിക്ഷിക്കപ്പെട്ടാൽ അദ്ദേഹത്തിന് മത്സരിക്കുന്നതിൽ നിന്ന് അയോഗ്യത നേരിടേണ്ടി വരും.

അതേസമയം, അറസ്റ്റിന് ഒരു ദിവസം മുമ്പ് ഇസ്താംബുൾ സർവകലാശാല ഇമാമോഗ്ലുവിൻ്റെ ബിരുദം റദ്ദാക്കുന്നതായി പ്രഖ്യാപിച്ചിരുന്നു. ഇത് ഔദ്യോഗികമായി പ്രസിഡൻ്റ് സ്ഥാനത്തേക്ക് മത്സരിക്കാനുള്ള കഴിവിനെ സംശയിക്കും. തുർക്കി ഭരണഘടന പ്രകാരം, പ്രസിഡൻ്റുമാർക്ക് ഒരു പദവിയിൽ എത്താൻ ഉന്നത വിദ്യാഭ്യാസം പൂർത്തിയാക്കിയിരിക്കണമെന്ന നിബന്ധനയുണ്ട്. ഇമാമോഗ്ലുവിൻ്റെ ബിരുദം റദ്ദാക്കാനുള്ള തീരുമാനത്തിനെതിരെ ഭരണഘടനാ കോടതിയിലും യൂറോപ്യൻ മനുഷ്യാവകാശ കോടതിയിലും അപ്പീൽ നൽകുമെന്ന് അദ്ദേഹത്തിൻ്റെ അഭിഭാഷകർ പറഞ്ഞു. ഇമാമോഗ്ലു സ്ഥാനാർഥിയാകാൻ യോഗ്യനാണോ എന്ന് സുപ്രീം ഇലക്ഷൻ കൗൺസിൽ തീരുമാനിക്കും.

അറസ്റ്റിന് പിന്നാലെ തുർക്കിയിലുടനീളം ആയിരക്കണക്കിന് ആളുകൾ തെരുവിലിറങ്ങി പ്രതിഷേധം സംഘടിപ്പിച്ചു. ഇതിൽ ഏറെക്കുറെ സമാധാനപരമായ പ്രകടനങ്ങളായിരുന്നു. പ്രതിഷേധങ്ങൾ വർധിച്ചതോടെ ഇസ്താംബൂളിലെ എല്ലാ ഒത്തുചേരലുകൾക്കും അധികാരികൾ നാല് ദിവസത്തെ വിലക്ക് ഏർപ്പെടുത്തി കൊണ്ട്, അടിച്ചമർത്തൽ ശ്രമം നടത്തിയിരുന്നു. പല തവണകളായി പ്രകടനക്കാരുമായി പൊലീസ് ഏറ്റുമുട്ടുകയും, പേപ്പർ സ്പ്രേയും ഉപയോഗിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com