സ്വതന്ത്ര ഇന്ത്യയിലെ ഏറ്റവും ധിഷണാശാലിയായ നേതാക്കളില്‍ ഒരാളായാണ് ഡോ. മന്‍മോഹന്‍ സിങ്ങിനെ കാലം അടയാളപ്പെടുത്തുന്നത്.
ഇന്ത്യയില്‍ ഒരു വ്യക്തിക്കു സാധ്യമായ എല്ലാ ഉന്നത സ്ഥാനങ്ങളിലും എത്തിയിട്ടും അധികാരഗര്‍വ് കാണിക്കാത്ത നേതാവ്. ഡോ. മന്‍മോഹന്‍ സിങ്ങിന് ഒറ്റവരിയില്‍ ഇതിനപ്പുറം ഒരു വിശേഷണമില്ല. അമേരിക്കന്‍ പ്രസിഡന്റ് ജോര്‍ജ് ബുഷിനും ബൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റിനും ഒരേ ആദരവ് നല്‍കിയയാള്‍ എന്നാണ് മന്‍മോഹന്‍ സിങ്ങിനെ കളിയായും കാര്യമായും വിശേഷിപ്പിച്ചിരുന്നത്. സ്വതന്ത്ര ഇന്ത്യയിലെ ഏറ്റവും ധിഷണാശാലിയായ നേതാക്കളില്‍ ഒരാളായാണ് ഡോ. മന്‍മോഹന്‍ സിങ്ങിനെ കാലം അടയാളപ്പെടുത്തുന്നത്.
സിഖ് സമുദായത്തില്‍ നിന്നുള്ള ആദ്യ പ്രധാനമന്ത്രി. ഈ നിമിഷമാണ് ഇന്ത്യയുടെ ചരിത്രം മാറിമറിഞ്ഞത്. ഹിന്ദുവല്ലാത്ത ആദ്യ പ്രധാനമന്ത്രി. ഇങ്ങനെ വിശേഷണങ്ങള്‍ അനേകമുണ്ടായിരുന്നു. അതൊന്നുമായിരുന്നില്ല ഡോ. മന്‍മോഹന്‍ സിങ്ങിനെ യഥാര്‍ത്ഥത്തില്‍ വേറിട്ടു നിര്‍ത്തിയത്. 1982ല്‍ രാജ്യത്തിന്റെ ധനമന്ത്രിയായിരുന്നു പ്രണബ് മുഖര്‍ജി. ആ പ്രണബ് മുഖര്‍ജി റിസര്‍വ് ബാങ്ക് ഗവര്‍ണറായി നിയമിച്ചതാണ് ഓക്‌സ്ഫഡില്‍ പഠിച്ച, ഡല്‍ഹി സ്‌കൂള്‍ ഓഫ് ഇക്കണോമിക്‌സില്‍ പ്രഫസറായ ഡോ. മന്‍മോഹന്‍ സിങ്ങിനെ. 2004ല്‍ ഡോ. മന്‍മോഹന്‍ സിങ് പ്രധാനമന്ത്രിയാകുമ്പോള്‍ ആ മന്ത്രിസഭയില്‍ ആദ്യം പ്രതിരോധ മന്ത്രിയും പിന്നെ ധനമന്ത്രിയുമായി അതേ പ്രണബ് മുഖര്‍ജി ഉണ്ടായിരുന്നു. അവിടെ 20 വര്‍ഷം മുന്‍പത്തെ അതേ ബഹുമാനം നല്‍കി സ്വന്തം മന്ത്രിസഭയിലേക്ക് സ്വീകരിച്ച് ഡോ. മന്‍മോഹന്‍സിങ് വേറിട്ടു നിന്നു.
Also Read: സൗമ്യനായ പ്രധാനമന്ത്രി; വിടവാങ്ങിയത് സാധാരണക്കാരുടെ മനസ്സറിഞ്ഞ സാമ്പത്തിക വിദഗ്ധന്‍
ഇന്നത്തെ പാകിസ്ഥാനിലുള്ള പടിഞ്ഞാറന്‍ പഞ്ചാബിലായിരുന്നു 1932ല്‍ ഡോ. മന്‍മോഹന്‍ സിങ് ജനിച്ചത്. പിതാവ് ഗുര്‍മുഖ് സിങ്ങും മാതാവ് അമൃത് കൗറും. മന്‍മോഹന്‍ സിങ് സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയതിനു പിന്നാലെയാണ് രാഷ്ട്ര വിഭജനം. ഇന്ത്യയിലേക്കു പലായനം ചെയ്ത അനേകരില്‍ ആ കുടുംബവും ഉണ്ടായിരുന്നു. പഞ്ചാബ് സര്‍വകലാശാലയില്‍ നിന്ന് സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദവും. ഡോക്ടറല്‍ പഠനവും പോസ്റ്റ് ഡോക്ടറല്‍ പഠനവും ഓക്‌സ്ഫഡില്‍. പിന്നെ ഐക്യരാഷ്ട്ര സംഘടനയില്‍ രണ്ടുവര്‍ഷം. തുടര്‍ന്ന് ഇന്ത്യയിലേക്കു മടക്കം. ആദ്യം പഞ്ചാബ് സര്‍വകലാശാലയിലും പിന്നീട് ഡല്‍ഹി സ്‌കൂള്‍ ഓഫ് ഇക്കണോമിക്‌സിലും രാജ്യാന്തര വ്യാപാരത്തില്‍ പ്രഫസര്‍. പിന്നീട് ധനസെക്രട്ടറി, ആസൂത്രണ കമ്മിഷന്‍ ഉപാധ്യക്ഷനും. തുടര്‍ന്ന് യുജിസി ചെയര്‍മാന്‍. ഇതിനിടെ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍. രാജ്യത്തു ധൈഷണിക നേതൃത്വം ആവശ്യമായ ഇടങ്ങളിലെല്ലാം ഡോ. മന്‍മോഹന്‍ സിങ് നായകനായി.
1991ല്‍ നിര്‍ണായക ദൗത്യം- പി.വി. നരസിംഹറാവു സര്‍ക്കാരില്‍ ധനമന്ത്രി. ഇന്ത്യ സാമ്പത്തിക മാന്ദ്യത്തിലായ അക്കാലത്താണ് വിപണികള്‍ തുറന്ന്, ലൈസന്‍സ് രാജ് അവസാനിപ്പിച്ചത്. ഇന്നും വിമര്‍ശിക്കപ്പെടുന്നുണ്ടെങ്കിലും രാജ്യത്തെ ശതകോടി ജനതയെ പട്ടിണിയില്ലാതെ കാത്തത് ആ തീരുമാനമായിരുന്നു. 1996ല്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ വീണപ്പോള്‍ നരസിംഹറാവുവിനൊപ്പം ധനമന്ത്രിയായിരുന്ന മന്‍മോഹന്‍സിങ്ങും വിമര്‍ശനം നേരിട്ടു. പക്ഷേ, വലിയ ദൗത്യം വരാനിരിക്കുന്നതേ ഉണ്ടായിരുന്നുള്ളു.
മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി മാത്രം മതി ഡോ. മന്‍ മോഹന്‍ സിങ് എന്ന പ്രധാനമന്ത്രിയെ രാജ്യം എക്കാലവും ഓര്‍മിക്കാന്‍. ലക്ഷങ്ങള്‍ക്ക് വര്‍ഷം 100 ദിവസത്തെ പണിക്കൂലി നല്‍കിയ ആ തീരുമാനം കൂടിയാണ് 2008ലെ ആഗോള സാമ്പത്തിക പ്രതിസന്ധിയില്‍ വീഴാതെ ഇന്ത്യയെ രക്ഷിച്ചത്. വലിയ വിമര്‍ശനങ്ങള്‍ ഉയര്‍ന്നെങ്കിലും അന്നു നടപ്പാക്കിയ ആധാര്‍ ആണ് ഇന്നത്തെ ഇന്ത്യയിലെ എല്ലാ പദ്ധതികളുടേയും ആണിക്കല്ല്. സര്‍ക്കാര്‍ വീണാലും ആണവകരാറുമായി മുന്നോട്ട് എന്ന തീരുമാനം എടുത്ത പ്രധാനമന്ത്രിയും മറ്റാരുമല്ല. കല്‍ക്കരി, ടു ജി കുംഭകോണങ്ങള്‍ ശോഭ കെടുത്തിയപ്പോഴും വ്യക്തിപരമായി ഡോ. മന്‍മോഹന്‍ സിങ് വിമര്‍ശിക്കപ്പെട്ടില്ല. യുപിഎ സര്‍ക്കാര്‍ വീണപ്പോഴും അത് ഡോ. മന്‍മോഹന്‍ സിങ്ങിന്റെ കഴിവുകേടുകൊണ്ട് ആണെന്ന വിലയിരുത്തലും ഉണ്ടായില്ല.
ജാതി വര്‍ഗീയ പരിഗണനകള്‍ മാറിയ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഡോ. മന്‍മോഹന്‍ സിങ്ങിനെപ്പോലെ ഒരു നേര്‍വഴിയാത്രക്കാരന് അത്രയ്‌ക്കേ ഇടപെടാന്‍ കഴിയുമായിരുന്നുള്ളു. മറ്റെന്തു വിമര്‍ശനം ഉണ്ടായാലും രാജ്യത്ത് ഏതെങ്കിലും കലാപത്തിനു വഴിമരുന്നിട്ടുവെന്നോ ജനങ്ങളെ ഭിന്നിപ്പിച്ചുവെന്നോ ഡോ. മന്‍മോഹന്‍ സിങ്ങിനെക്കുറിച്ച് ആരും കേള്‍ക്കില്ല. ഇക്കാലത്ത് അതു തന്നെയാണ് ഡോ. മന്‍മോഹന്‍ സിങ്ങിനെ ഏറ്റവും വിശിഷ്ട വ്യക്തിയാക്കുന്നതും.