കാക്കനാട് സെൻട്രൽ എക്സൈസ് ക്വാട്ടേഴ്സിലെ കൂട്ടമരണം: മൂന്ന് പേരുടെയും തൂങ്ങിമരണമെന്ന് പോസ്റ്റ്‌‌മോർട്ടം റിപ്പോർട്ട്

മനീഷിൻ്റെ അമ്മ മരിച്ച് നാല് മണിക്കൂറിന് ശേഷമാണ് മക്കൾ മരിക്കുന്നത്. അമ്മയുടെ മൃതദേഹം അഴിച്ച് കട്ടിലിൽ കിടത്തിയ ശേഷം മക്കളും മരിച്ചിരിക്കാം എന്ന് പൊലീസ് വ്യക്തമാക്കി
കാക്കനാട് സെൻട്രൽ എക്സൈസ് ക്വാട്ടേഴ്സിലെ കൂട്ടമരണം: മൂന്ന് പേരുടെയും തൂങ്ങിമരണമെന്ന് പോസ്റ്റ്‌‌മോർട്ടം റിപ്പോർട്ട്
Published on

കാക്കനാട് സെൻട്രൽ എക്സൈസ് ക്വാട്ടേഴ്സിലെ കൂട്ട ആത്മഹത്യയിലെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്ത്. മൂന്നുപേരുടേയും തൂങ്ങിമരണമെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. മനീഷിൻ്റെ അമ്മ മരിച്ച് നാല് മണിക്കൂറിന് ശേഷമാണ് മക്കൾ മരിക്കുന്നത്. അമ്മയുടെ മൃതദേഹം അഴിച്ച് കട്ടിലിൽ കിടത്തിയ ശേഷം മക്കളും മരിച്ചിരിക്കാം എന്ന് പൊലീസ് വ്യക്തമാക്കി. അമ്മയുടെ ആന്തരീകാവയവങ്ങൾ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്.


ജിഎസ്ടി അഡീഷണല്‍ കമ്മീഷണർ മനീഷിൻ്റെ അമ്മ  ശകുന്തള അഗർവാളിൻ്റെ മൃതദേഹത്തിൽ അന്ത്യകർമം ചെയ്ത ശേഷമായിരുന്നു മക്കൾ ജീവനൊടുക്കിയത്. അമ്മയുടെ കർമ്മത്തിനായി പൂക്കൾ വാങ്ങിയതിന്റെ ബില്ലുകൾ ക്വാട്ടേഴ്സിൽ നിന്ന് കണ്ടെത്തിയിരുന്നു. ഇതോടെയാണ് അമ്മയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് പൊലീസ് അനുമാനിച്ചത്. എന്നാൽ അമ്മയും തൂങ്ങിമരിച്ചതാണെന്ന റിപ്പോർട്ടാണ് ഇപ്പോൾ പുറത്തുവരുന്നത്. വീട്ടിൽ സ്ഥിരമായി പൂജ നടത്താറുണ്ടെന്ന് സംശയമുള്ളതായി പൊലീസ് അറിയിച്ചിരുന്നു. സ്ഥിരമായി പൂക്കൾ വാങ്ങുന്നതിന്റെ ബില്ല് വീട്ടിൽ നിന്നും ലഭിച്ചു. കേസിൽ അബുദാബിയിൽ നിന്നെത്തിയ സഹോദരിയുമായി വീട്ടിൽ പൊലീസ് തുടർ പരിശോധന നടത്തും.

ജിഎസ്ടി അഡീഷണല്‍ കമ്മീഷണറും കുടുംബവും ആത്മഹത്യ ചെയ്തത് അറസ്റ്റ് ഭയന്നെന്നാണ് നിഗമനം. മരിച്ച ശാലിനിയുടെ ജോലിയുമായി ബന്ധപ്പെട്ട് നടക്കുന്ന അന്വേഷണത്തില്‍ കുടുംബം സിബിഐ അറസ്റ്റ് ഭയന്നിരുന്നതായും പൊലീസിന് വിവരം ലഭിച്ചു. വീട്ടില്‍ നിന്ന് ഹിന്ദിയില്‍ എഴുതിയ കുറിപ്പ് പൊലീസിന് ലഭിച്ചിരുന്നു. വിദേശത്തുള്ള സഹോദരിയെ വിവരമറിയിക്കണമെന്നും സ്വത്തുക്കളുടെ ആധാരങ്ങളും സഹോദരിക്ക് കൈമാറണമെന്നുമാണ് കത്തില്‍ പറയുന്നത്.


കഴിഞ്ഞ ദിവസമാണ് എറണാകുളത്തെ കാക്കനാടുള്ള സെന്‍ട്രല്‍ എക്‌സൈസ് ക്വാര്‍ട്ടേഴ്‌സില്‍ ജിഎസ്ടി അഡീഷണല്‍ കമ്മീഷണര്‍ മനീഷ് വിജയ്, സഹോദരി ശാലിനി, ഇവരുടെ അമ്മ ശകുന്തള എന്നിവരെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹത്തിന് ഒരാഴ്ചയോളം പഴക്കമുണ്ടായിരുന്നു. ജാര്‍ഖണ്ഡ് സ്വദേശികളാണ് മരിച്ചവര്‍.

മൂന്ന് ദിവസത്തെ അവധിക്ക് നാട്ടിലേക്ക് പോകുകയാണെന്ന് പറഞ്ഞ മനീഷിനെ അവധി കഴിഞ്ഞിട്ടും കാണാത്തതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കുടുംബത്തെ മരിച്ച നിലയില്‍ കണ്ടെത്തിയത്. വീട്ടിലെ അടുക്കളയില്‍ രേഖകള്‍ കത്തിച്ചതായി കണ്ടെത്തിയിരുന്നു. ഇത് ശാലിനിയുടെ ജോലിയുമായി ബന്ധപ്പെട്ട രേഖകളാകാമെന്നാണ് പൊലീസിന്റെ നിഗമനം. വീട്ടിലെ ഒരു മുറിയില്‍ നിന്നും പോലീസിന് ഒരു ഡയറി ലഭിച്ചിട്ടുണ്ട്. ഇതിലെ വിവരങ്ങള്‍ പരിശോധിച്ചു വരികയാണ്.

2006 ല്‍ ജാര്‍ഖണ്ഡ് പബ്ലിക് സര്‍വീസ് കമ്മീഷന്‍ പരീക്ഷയില്‍ ഒന്നാം റാങ്ക് നേടിയ ശാലിനി ഡെപ്യൂട്ടി കളക്ടര്‍ പദവിയിലായിരുന്നു ജോലി ചെയ്തിരുന്നത്. എന്നാല്‍, പിന്നീട് റാങ്ക് പട്ടിക സംബന്ധിച്ച് പരാതി ഉയരുകയും പട്ടിക റദ്ദാക്കുകയും ചെയ്തിരുന്നു. ശാലിനിയുടെ ജോലിയും നഷ്ടമായി. പരീക്ഷ ക്രമക്കേടില്‍ 2012 ല്‍ സിബിഐ അന്വേഷണം ആരംഭിച്ചിരുന്നു. 2024 ല്‍ കുറ്റപത്രം സമര്‍പ്പിക്കുകയും ചെയ്തു. കേസില്‍ വിചാരണ ആരംഭിക്കാനിരിക്കേയാണ് ശാലിനിയേയും കുടുംബത്തേയും ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്. റാങ്ക് പട്ടികയിലെ ക്രമക്കേടുമായി ബന്ധപ്പെട്ട വിഷയങ്ങളാണോ കൃത്യത്തിന് പിന്നിലെന്നതില്‍ വ്യക്തത വന്നിട്ടില്ല.


ശ്രദ്ധിക്കുക: (ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)

Related Stories

No stories found.
News Malayalam 24x7
newsmalayalam.com