വേദിയിൽ ഒഴുകിപ്പരക്കുന്ന സംഗീതം; സാക്കിർ ഹുസൈൻ എന്ന മാന്ത്രികന്റെ താളപ്പെരുക്കം ഒരുകാലത്തും നിലയ്ക്കില്ല

ഏത് മനുഷ്യന്റേയും ഓർമയിൽ ഒരു വർഷരാഗമുണ്ടെങ്കിൽ അതിൽ സാക്കിർ ഹുസൈൻ്റെ താളമായാണ് മനസ്സിലെത്തുക ഏതൊരു സംഗീതപ്രേമിയ്ക്കും എന്നതാണ് സത്യം
വേദിയിൽ ഒഴുകിപ്പരക്കുന്ന സംഗീതം; സാക്കിർ ഹുസൈൻ എന്ന മാന്ത്രികന്റെ താളപ്പെരുക്കം ഒരുകാലത്തും നിലയ്ക്കില്ല
Published on


ഫുട്ബോളിന്റെ കാൽപ്പെരുക്കമോ അതിനപ്പുറമോ ത്രസിപ്പിച്ച ചലനങ്ങളിലൂടെയാണ് തബല മാന്ത്രികനായ സാക്കിർ ഹുസൈനും തന്റെ വിരലുകളേയും കൈകളേയും സംഗീതത്തിൽ വിന്യസിപ്പിച്ചത്. പഞ്ചാബ് ഖരാനയിൽ നിന്ന് പിറവി കൊണ്ട ആ വിസ്മയ സൃഷ്ടി ഇനിയില്ല, പക്ഷേ ആ താളപ്പെരുക്കം ഒരുകാലത്തും നിലയ്ക്കുകയുമില്ല.

ഗുരുത്വത്തെക്കുറിച്ച് സാക്ഷാൽ അല്ലാ രാഖയിൽ നിന്നുള്ള അനുഭവം വെച്ചുതന്നെ സാക്കിർ ഹുസൈൻ പണ്ട് പറഞ്ഞു. ശിഷ്യത്വം എന്നത് ഗുരു എന്ന നദിയിൽ നിന്ന് തനിക്ക് വേണ്ടത് ആവോളം കോരിയെടുത്ത് കുടിക്കലാണെന്ന്. എത്ര കണ്ട് വാരിയെടുക്കാമോ അത്രയും എടുക്കുക, അതിന്റെ പരിധി ഓരോരുത്തരുടേയും സർഗപ്രതിഭ പോലെയിരിക്കും. അല്ലാ രാഖയുടെ മാന്ത്രികപ്പെരുക്കം കേട്ടും കണ്ടും വളർന്ന സക്കിർ ഹുസൈനോളം അത് പറയാൻ യോഗ്യനായ മറ്റൊരു കലാകാരനുമില്ല എന്നതാണ് സത്യം.

സാക്കിർ ഹുസൈൻ ഒരു ഫുട്ബോളറായിരുന്നെങ്കിൽ ഡ്രിബ്ലിങിന്റെ അസാധ്യമായ കാൽപ്പെരുമാറ്റങ്ങൾ അദ്ദേഹം മൈതാനത്ത് സൃഷ്ടിച്ചേനെ. പകരം സംഗീതത്തിൽ ലോകത്തെ അതിശയിപ്പിച്ചു അദ്ദേഹം തബലയിലൂടെ. പണ്ഡിറ്റ് രവിശങ്കറിനൊപ്പം കച്ചേരികളിൽ നിറഞ്ഞ ലോകപ്രസിദ്ധനായ അല്ലാ രാഖയുടെ പുത്രൻ അതിനേക്കാൾ തലയെടുപ്പുള്ള കലാകാരനായി കാലം അടയാളപ്പെടുത്തപ്പെട്ടു. ആ ശബ്ദവിസ്മയം രാജ്യാതിർത്തികളെ ഭേദിച്ചു, പല കാലങ്ങളിലൂടെ സഞ്ചരിച്ചു, തലമുറകൾക്കൊപ്പം.

ന്യൂയോർക്ക് സിറ്റിയിലെ ആദ്യ സംഗീതപരിപാടി അമേരിക്കയിലെ തന്നെ സാക്കിർ ഫുസൈന്റെ ആദ്യ സംഗീത യാത്രയായിരുന്നു എന്ന് അദ്ദേഹം ഓർത്തെടുത്തിട്ടുണ്ട്, അത് സാക്ഷാൽ പണ്ഡിറ്റ് രവിശങ്കറിനൊപ്പമായിരുന്നുവെന്നും. ഗിറ്റാറിൽ വിസ്മയം തീർത്ത ലോകപ്രസിദ്ധനായ ജോൺമക് ലെഫിനെ കണ്ടുമുട്ടിയത് അന്നായിരുന്നു എന്നും. അത്തരത്തിൽ ഭാഗ്യം ചെയ്യപ്പെട്ട കലാകാരനായിരുന്നു അദ്ദേഹം. പഞ്ചാബിന്റെ, അല്ലെങ്കിൽ പട്യാല ഖരാനാ സ്കൂളിന്റെ താളസന്തതിയാണ് സാക്കിർ ഹുസൈൻ.

ഏത് മനുഷ്യന്റേയും ഓർമയിൽ ഒരു വർഷരാഗമുണ്ടെങ്കിൽ അതിൽ സാക്കിർ ഹുസൈൻ്റെ താളമായാണ് മനസ്സിലെത്തുക ഏതൊരു സംഗീതപ്രേമിയ്ക്കും എന്നതാണ് സത്യം. യമൻ കല്യാണിയും മൽഹരിയുമെല്ലാം ആ വിരലുകളിലൂടെ താളമായി, ശ്രുതിയായി പെയ്തിറങ്ങി. ലോകമെങ്ങും ആരാധകരെയും സംഗീതപ്രേമികളേയും അദ്ദേഹം സൃഷ്ടിച്ചു തന്റെ തബലവാദനത്തിലൂടെ. ബീറ്റിൽസ് മുതലിങ്ങോട്ട് എത്രയോ മഹാരഥന്മാർക്കൊപ്പം മറ്റൊരു ഇതിഹാസമായി മാറിയിട്ടും സംഗീതത്തിൽ മാത്രം ലയിച്ചു, ജീവിച്ചു.

പണ്ഡിറ്റ് ശിവകുമാർ ശർമ പറയുന്നപോലെ വേദിയിൽ ഒഴുകിപ്പരക്കുന്ന സംഗീതമായിരുന്നു സാക്കിറിന്റേത്. അത് സംഗീതത്തിന്റെ നിയമങ്ങളെ ലംഘിച്ചു. അതിനൊപ്പം എല്ലാവരും ലയിച്ചുവെന്നാണ്. ഒരു മരണവാർത്തയിൽ നിന്ന് ആ താളമോ ആ സംഗീതജീവിതമോ നിലയ്ക്കുന്നില്ല. അത് സംവത്സരങ്ങൾ ഇനിയും കാലാതിവർത്തിയായി നിലനിൽക്കുകയും ചെയ്യും.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com