
ടെലഗ്രാമിൽ കുട്ടികളുടെ പോണോഗ്രഫി ഉൾപ്പെടെയുള്ള അനധികൃത പ്രവർത്തനങ്ങൾ തടയാൻ നടപടി സ്വീകരിച്ചില്ലെന്ന് ആരോപിച്ചാണ് സിഇഒ പാവൽ ഡ്യുറോവിനെ ഫ്രാൻസ് അറസ്റ്റ് ചെയ്യുന്നതെന്ന് അധികൃതർ വ്യക്തമാക്കി. അറസ്റ്റിന് പിന്നാലെ ദക്ഷിണ കൊറിയയിലെ ഡീപ്പ്ഫേക്ക് ലൈംഗിക കുറ്റങ്ങൾ ചർച്ചയാവുകയാണ്. ദക്ഷിണ കൊറിയയിൽ സാധാരണക്കാരായ യുവതികൾ മുതൽ നടിമാരും ഗായകരും കൊറിയൻ സൈന്യത്തിലെ വനിത ഉദ്യോഗസ്ഥരുമെല്ലാം ഡീപ്ഫേക്ക് സെക്സ് ക്രൈമിൻ്റെ ഇരകളാണെന്നാണ് ലഭ്യമാകുന്ന വിവരം. യുവതികളുടെ വ്യാജമായി സൃഷ്ടിക്കപ്പെട്ട ചിത്രങ്ങളും വിഡിയോകളുമാണ് ടെലഗ്രാം ചാറ്റ്റൂമുകളിൽ പ്രചരിക്കുന്നത്. മാധ്യമങ്ങൾ ഇക്കാര്യം റിപ്പോർട്ട് ചെയ്തതോടെ വലിയ പ്രതിഷേധങ്ങളാണ് ഇവിടങ്ങളിൽ ആരംഭിച്ചത്.
ദക്ഷിണ കൊറിയയിൽ 53 ശതമാനം ഡീപ്ഫേക്ക് ഇരകളും ഗായകരും നടികളുമാണെന്നാണ് 2023ൽ പുറത്ത് വന്ന റിപ്പോർട്ട് പറയുന്നത്. ഈ വർഷം ഇതിനകം 297 ഡീപ്ഫേക്ക് സെക്സ് ക്രൈം കേസുകളാണ് റിപ്പോർട്ട് ചെയ്തതിട്ടുള്ളത്. 2021ൽ ഈ കണക്ക് 156 ആയിരുന്നു. ഈ കേസുകളിലെ കുറ്റക്കാരും ഇരകളും കൗമാരപ്രായക്കാരാണ് എന്നതാണ് മറ്റൊരു വസ്തുത. ഡീപ്ഫേക്ക് സെക്സ് ക്രൈം വീഡിയോകളും ഇമേജുകളും വാങ്ങുന്നതും കാണുന്നതും ക്രിമിനൽ കുറ്റമാക്കുന്ന നിയമനിർമാണത്തിനൊരുങ്ങുകയാണ് ഭരണകൂടം. ഓൺലൈനിലെ ഇത്തരം കുറ്റകൃത്യങ്ങളെ നിരീക്ഷിക്കുന്ന റെഗുലേറ്ററി ഉദ്യോഗസ്ഥരുടെ എണ്ണം വർധിപ്പിക്കും. എന്നാൽ പോണോഗ്രഫി ഉൾപ്പടെയുള്ള കണ്ടൻ്റുകൾ മോഡറേറ്റ് ചെയ്യുന്നുണ്ടെന്നാണ് ടെലഗ്രാമിൻ്റെ മറുപടി.
അറസ്റ്റിന് പിന്നാലെ പവേൽ ദുരോവിനെതിരെ കൂടുതൽ ആരോപണങ്ങൾ ഉയർന്നു വന്നിരുന്നു. റഷ്യന്‍ ചാരനെന്നും, ഫ്രഞ്ചുചാരനെന്നുമൊക്കെയുള്ള വാദങ്ങൾ പ്രചരിക്കുന്നുണ്ട്. ഒരുകാലത്ത് 'റഷ്യയുടെ സുക്കർബർഗ്' എന്ന അറിയപ്പെട്ട ടെക് ഭീമനായ പവേൽ ദുരോവ് ലോകരാജ്യങ്ങളുടെ നോട്ടപ്പുള്ളിയാണ്. എപ്പോഴും കറുപ്പ് വസ്ത്രമാണ് ധരിക്കാറുള്ളത്. ഫ്രഞ്ച്, യുഎഇ പൗരത്വത്തിന് പുറമെ, കരീബീയന്‍ ദ്വീപ് സമൂഹങ്ങളൊന്നിൽ പൗരത്വമുള്ള റഷ്യന്‍ വംശജനാണ് പവേൽ ദുരോവ്. 15.5 ബില്യൺ ഡോളറാണ് ഇദ്ദേഹത്തിൻ്റെ ആസ്തി.
2006 ല്‍ രൂപം കൊണ്ട ആപ്പ് അതിവേഗത്തിലാണ് ഫേസ്ബുക്കിനെ മറികടന്ന് റഷ്യയില്‍ പ്രചാരം നേടിയത്. ഇങ്ങനെയാണ് ദുരോവിന്, റഷ്യന്‍ സുക്കർബർഗ് എന്ന വിശേഷണം ലഭിച്ചത്. എന്നാല്‍, ഉപയോക്താക്കളുടെ സ്വകാര്യവിവരം നല്‍കണമെന്ന റഷ്യന്‍ സുരക്ഷാ സേനയുടെ സമ്മർദ്ദത്തിന് പിന്നാലെ ഉടമസ്ഥാവകാശ തർക്കവും ദുരോവിന് തിരിച്ചടിയായി. ഈ പോരാട്ടത്തില്‍ തോറ്റുമടങ്ങിയ ദുരോവ് 2014 ല്‍ കമ്പനിയിലെ തന്‍റെ ഭാഗം വിറ്റഴിച്ച് റഷ്യയിൽ നിന്ന് മാറി ദുബായില്‍ താമസമുറപ്പിച്ചു. അതിനിടെ 2013-ല്‍ സഹോദരന്‍ നിക്കോളായുമായി ചേർന്നാണ് ടെലഗ്രാം നിർമിക്കുന്നത്.