സ്വകാര്യ ബസ് ഡ്രൈവറും, രണ്ട് കണ്ടക്ടർമാരും ചേർന്നാണ് ഓട്ടോ ഡ്രൈവറായ ലത്തീഫിനെ മർദിക്കുന്നതെന്ന് ദൃശ്യങ്ങളിൽ കാണാം
മലപ്പുറത്ത് ബസ് ജീവനക്കാരുടെ മർദനത്തെ തുടർന്ന് ഓട്ടോ ഡ്രൈവർ മരിച്ച സംഭവത്തിലെ ദൃശ്യങ്ങൾ പുറത്ത്. ഓട്ടോ തടഞ്ഞു നിർത്തി വളഞ്ഞിട്ടു ആക്രമിക്കുന്നതാണ് ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാകുന്നത്. സ്വകാര്യ ബസ് ഡ്രൈവറും, രണ്ട് കണ്ടക്ടർമാരും ചേർന്നാണ് ഓട്ടോ ഡ്രൈവറായ ലത്തീഫിനെ മർദിക്കുന്നതെന്ന് ദൃശ്യങ്ങളിൽ കാണാം.
ALSO READ: 'കല്യാണവീട്ടില്‍ പ്ലാസ്റ്റിക് കുപ്പി വേണ്ട, പകരം പ്ലാസ്റ്റിക് കുപ്പികള്‍'; നിര്‍ദേശവുമായി ഹൈക്കോടതി
സ്വകാര്യ ബസിൽ കയറേണ്ട യാത്രക്കാരെ ഓട്ടോയിൽ കയറ്റി സമാന്തര സർവീസ് നടത്തുന്നു എന്നാരോപിച്ചാണ് ബസ് ജീവനക്കാർ ഓട്ടോ ഡ്രൈവറെ സംഘം ചേർന്ന് മർദിച്ചത്. മർദനത്തിൽ കഴുത്തിന് പരിക്കേറ്റ അബ്ദുൾ ലത്തീഫിനെ താലൂക്ക് ആശുപത്രിയിൽ എത്തിച്ചപ്പോഴാണ് കുഴഞ്ഞു വീണ് മരിച്ചതെന്നാണ് പ്രദേശവാസി സമദ് പറഞ്ഞത്. അക്രമവുമായി ബന്ധപ്പെട്ട് തിരൂർ മഞ്ചേരി റൂട്ടിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസിലെ ജീവനക്കാരായ സുജീഷ്, ഷിജു, മുഹമ്മദ് നിഷാദ് എന്നിവരെ മലപ്പുറം പൊലീസ് അറസ്റ്റ് ചെയ്തു.
ALSO READ: വനിതാ ദിനം: തമിഴ്‌നാട്ടിൽ നിരത്തിലിറങ്ങുന്നത് 100 പിങ്ക് ഓട്ടോകൾ
ബസ് ജീവനക്കാരുടെ ആക്രമത്തിൽ പ്രതിഷേധിച്ച് ഒതുക്കങ്ങലിൽ ഓട്ടോ തൊഴിലാളികളും നാട്ടുകാരും സ്വകാര്യ ബസുകളുടെ സർവീസ് തടഞ്ഞത് ചെറിയ സംഘർഷത്തിന്ന് കാരണമായി. പൊലീസ് ഇടപെട്ടാണ് പ്രതിഷേധക്കാരെ മാറ്റിയത്. കഴിഞ്ഞ ദിവസം മലപ്പുറം താനൂരിലും സ്വകാര്യ ബസ് ജീവനക്കാർ, ബസ് കാത്ത് നിന്നവരെ ഓട്ടോയിൽ കയറ്റി എന്നാരോപിച്ച് ഓട്ടോ ഡ്രൈവറെ ക്രൂരമായി മർദിച്ച് പരിക്കേൽപ്പിച്ചിരുന്നു.പരിക്കേറ്റ ഓട്ടോ ഡ്രൈവർ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്.