ഫിറ്റ്നസ് ലഭിച്ചതോടെ പൂര ദിവസം ചെമ്പൂക്കാവ് ഭഗവതിയുടെ തിടമ്പേറ്റാൻ രാമൻ എത്തുമെന്ന് ഉറപ്പായി
തൃശൂർ പൂരത്തിൽ പങ്കെടുക്കാൻ തെച്ചിക്കോട്ടുകാവ് രാമചന്ദ്രന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിച്ചു. വെറ്റിനറി ഡോക്ടർമാരുടെ സംഘവും വനം വകുപ്പും നാട്ടാന പരിപാലന സംഘവും പരിശോധന നടത്തിയ ശേഷമാണ് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകിയത്. തെച്ചിക്കോട്ടുകാവ് ദേവസ്വത്തിൽ എത്തിയാണ് ഉദ്യോഗസ്ഥർ ആനയെ പരിശോധിച്ചത്. ഫിറ്റ്നസ് ലഭിച്ചതോടെ പൂര ദിവസം ചെമ്പൂക്കാവ് ഭഗവതിയുടെ തിടമ്പേറ്റാൻ രാമൻ എത്തുമെന്ന് ഉറപ്പായി.
മറ്റന്നാൾ രാവിലെ കണിമംഗലം ശാസ്താവിന്റെ വരവോടെ മുപ്പത് മണിക്കൂർ നീണ്ടുനിൽക്കുന്ന പൂരത്തിന് തുടക്കമാകും. തൃശൂർ പൂരം സാമ്പിൾ വെടിക്കെട്ട് ഇന്ന് നടക്കും. വൈകുന്നേരം ഏഴു മണിക്ക് തിരുവമ്പാടിയും പിന്നീട് പാറമേക്കാവും സാമ്പിൾ വെടിക്കെട്ടിന് തിരിതെളിക്കും. മഴ സാധ്യത മുന്നിൽക്കണ്ടുള്ള തയ്യാറെടുപ്പുകളും സാമ്പിളിന് മുന്നോടിയായി ദേവസ്വങ്ങൾ പൂർത്തിയാക്കിയിട്ടുണ്ട്.
അതേസമയം, തൃശൂർ പൂരത്തിനു മുന്നോടിയായുള്ള ചമയ പ്രദർശനം ആരംഭിച്ചു. തിരുവമ്പാടി, പാറമേക്കാവ് വിഭാഗങ്ങളുടെ നേതൃത്വത്തിൽ നടക്കുന്ന പ്രദർശനത്തിന്റെ ഉദ്ഘാടനം മന്ത്രിമാരും പൗരപ്രമുഖരും ചേർന്ന് നിർവഹിച്ചു. കേന്ദ്രമന്ത്രി സുരേഷ് ഗോപി , മന്ത്രിമാരായ കെ രാജൻ , ആർ ബിന്ദു തുടങ്ങിയവർ ഉൾപ്പെടെ നിരവധി പേരാണ് പാറമേക്കാവിന്റെ പ്രദർശന ഉദ്ഘാടനത്തിന് എത്തിയത്. ദേവസ്വം അഗ്രശാലയിൽ ഒരുക്കിയിരിക്കുന്ന പ്രദർശനത്തിന്റെ ഉദ്ഘാടനം നിലവിളക്ക് തെളിയിച്ച് എല്ലാവരും ചേർന്ന് നിർവഹിച്ചു. പൂരം ഉയർത്തിപ്പിടിക്കുന്ന മതസൗഹാർദത്തിന്റെയും സാഹോദര്യത്തിന്റെയും ഉദാഹരണമായി മാറി തിരുവമ്പാടി ദേവസ്വത്തിന്റെ പ്രവർത്തന ഉദ്ഘാടനം. മന്ത്രിമാർക്കൊപ്പം ബിഷപ്പ് മാർ അഡ്രൂസ് താഴത്ത്, സ്വാമി സദ്ഭവാനന്ദ, ഇമാം സെയ്ഫുദീൻ അൽ ഖാസിമി എന്നിവർ ചേർന്നാണ് ചടങ്ങ് നിർവഹിച്ചത്.
പൂരത്തിന്റെ വർണ്ണക്കാഴ്ചകൾ കാട്ടിത്തരുന്ന പ്രദർശനം കാണാൻ ആദ്യ മണിക്കൂറുകളിൽ തന്നെ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. പുത്തൻ ചമയങ്ങളും പുതിയ കാഴ്ചകളുമായി വിഭവങ്ങൾ ഒരുപാടൊരുക്കി കാത്തിരിക്കുകയാണ് തിരുവമ്പാടി - പാറമേക്കാവ് ദേവസ്വങ്ങൾ.