ആറന്മുള ക്ഷേത്രത്തിലെ കാരാഴ്മ കൈസ്ഥാനികളായ മൂന്ന് കുടുംബങ്ങളിലെ കാരണവന്മാർ നൂറ്റാണ്ടുകളായി തിരുവോണ സദ്യ ഉണ്ണാറില്ല
തിരുവോണ നാളിൽ ലോകത്തിൻ്റെ ഏത് കോണിലുമുള്ള മലയാളികൾക്കും വിഭവസമൃദ്ധമായ സദ്യ ഉണ്ണുക എന്നത് ഏറ്റവും വലിയ ആഗ്രഹമാണ്. എന്നാൽ ആറന്മുള ക്ഷേത്രത്തിലെ കാരാഴ്മ കൈസ്ഥാനികളായ മൂന്ന് കുടുംബങ്ങളിലെ കാരണവന്മാർ നൂറ്റാണ്ടുകളായി തിരുവോണ സദ്യ ഉണ്ണാറില്ല. സദ്യ മാത്രമല്ല അന്നേ ദിവസം ജലപാനം പോലുമില്ലാതെ ഉണ്ണാവ്രതം അനുഷ്ഠിക്കുകയും ചെയ്യും.
ആറന്മുളയിലെ തെക്കേടത്ത്, പുത്തേഴത്ത്, ചെറുകര ഇല്ലങ്ങളിലെ കാരണവർമാരാണ് ഉണ്ണാവ്രതം അനുഷ്ഠിക്കുന്നത്. തിരുവോണ നാളിൽ ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിൽ അത്താഴപൂജ കഴിയും വരെ ഇവർ ജലപാനം കഴിക്കില്ല. അത്താഴ പൂജയ്ക്ക് ശേഷം ക്ഷേത്രത്തിൽ നിന്നും എത്തിക്കുന്ന നേദ്യം കഴിച്ചാണ് ഉണ്ണാവൃതം അവസാനിപ്പിക്കുക.
ALSO READ: ഓണം വന്നേ..! തിരുവോണം പൊന്നോണമാക്കാൻ അണിഞ്ഞൊരുങ്ങി മലയാളികൾ
പണ്ട് ഓണ നാളുകളിൽ കരക്കാർക്ക് നെല്ല് അളന്നു കൊടുക്കുന്നതിന്റെ ചുമതല ക്ഷേത്ര കാരാഴ്മക്കാരായ ഈ തറവാട്ടുകാർക്കായിരുന്നു. അങ്ങനെ ഒരിക്കൽ ഓണത്തിന് നെല്ല് വാങ്ങാനെത്തിയ സ്ത്രീയ്ക്ക് കനത്ത മഴ കാരണം തറവാട്ട് വളപ്പിലേക്ക് പ്രവേശിക്കാനായില്ല. ഉറക്കെ കരഞ്ഞു വിളിച്ചെങ്കിലും മഴയുടെ ശക്തിയിൽ അതൊന്നും ആരും കേട്ടില്ല. അങ്ങനെ മഴയും കാറ്റുമേറ്റ് അവശയായതിനെത്തുടർന്ന് പടിപ്പുരയ്ക്ക് പുറത്ത് കിടന്ന് അവർ മരിച്ചെന്നാണ് കഥ. ഇതിന് പരിഹാരമായിട്ടാണ് കുടുംബങ്ങളിലെ കാരണവന്മാർ തിരുവോണത്തിന് ഉണ്ണാവ്രതം ആചരിക്കുന്നത്.
ALSO READ: ഉണ്ണാന്‍ മാത്രമല്ല, വിളമ്പാനും പഠിക്കണം; ഓണസദ്യയിലെ വിഭവങ്ങള്‍ ഇങ്ങനെ വിളമ്പണം
വിശ്വാസവും ഐതീഹ്യവുമെല്ലാം തലമുറകൾ കൈമാറി വന്ന ഈ ആചാരങ്ങൾക്ക് പിന്നിലുണ്ട്. കാലങ്ങൾക്ക് മുമ്പ് കാരാഴ്മ സ്ഥാനികളായിരുന്ന കുടുംബങ്ങൾക്ക് വന്നുഭവിച്ചെന്ന് വിശ്വസിക്കുന്ന ദൈവകോപവും അതുമായി ബന്ധപ്പെട്ട പ്രായശ്ചിത്ത പരിഹാരവുമാണ് നൂറ്റാണ്ടുകൾക്കിപ്പുറവും മാറ്റമില്ലാതെ തുടരുന്നത്.