ഇന്ന് പ്രധാനമന്ത്രിയുടെ വസതിയിൽ ചേർന്ന രാഷ്ട്രീയകാര്യ കാബിനറ്റ് കമ്മിറ്റിയാണ് നിർണായക തീരുമാനമെടുത്തതെന്നും കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് വിശദീകരിച്ചു.
അടുത്ത പൊതു സെൻസസിനൊപ്പം ജാതി സർവേ നടത്തുമെന്ന് കേന്ദ്ര സർക്കാർ. പ്രത്യേകമായി ജാതി സെൻസസ് നടത്തില്ലെന്നാണ് കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് ഇന്ന് വാർത്താസമ്മേളത്തിൽ അറിയിച്ചത്. ജാതി സർവേക്ക് മാത്രമായി പ്രത്യേക പ്രത്യേക ജാതി സെൻസസ് വേണ്ടതില്ലെന്നാണ് കേന്ദ്ര സർക്കാരിൻ്റെ തീരുമാനമെന്നും കേന്ദ്രമന്ത്രി വിശദീകരിച്ചു. ഇന്ന് പ്രധാനമന്ത്രിയുടെ വസതിയിൽ ചേർന്ന രാഷ്ട്രീയകാര്യ കാബിനറ്റ് കമ്മിറ്റിയാണ് നിർണായക തീരുമാനമെടുത്തതെന്നും അദ്ദേഹം വിശദീകരിച്ചു.
ചില സംസ്ഥാന സർക്കാരുകൾ ജാതി സർവേകൾ നടത്തിയിരുന്നു. എന്നാൽ അത് ശാസ്ത്രീയമല്ല, അപൂർണമാണ്. ആർട്ടിക്കിൾ 246 പ്രകാരം സെൻസസ് എന്നത് കേന്ദ്ര സർക്കാരിൻ്റെ അധികാരത്തിന് കീഴിലുള്ളതാണ്. ജാതി സർവേ നടത്താൻ കേന്ദ്ര സർക്കാരിന് മാത്രമെ അധികാരമുള്ളൂവെന്നും കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് കൂട്ടിച്ചേർത്തു. മുൻ കോൺഗ്രസ് സർക്കാരുകൾ ജാതിയെ ഉപയോഗിച്ചത് രാഷ്ട്രീയ ആയുധമായി മാറ്റാനാണെന്നും, കോൺഗ്രസ് എല്ലാക്കാലത്തും ജാതി സർവേയെ എതിർത്തവരാണെന്നും അശ്വിനി വൈഷ്ണവ് ആരോപിച്ചു.
"കോൺഗ്രസ് സർക്കാരുകൾ എല്ലായ്പ്പോഴും ജാതി സെൻസസിനെ എതിർത്തിട്ടുണ്ട്. 2010ൽ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിംഗ് പറഞ്ഞത് ജാതി സെൻസസ് കേന്ദ്രമന്ത്രിസഭയിൽ പരിഗണിക്കണമെന്നാണ്. അതിന് പിന്നാലെ ഈ വിഷയം പരിഗണിക്കുന്നതിനായി കേന്ദ്രമന്ത്രിമാരുടെ ഒരു സംഘം രൂപീകരിച്ചു. മിക്ക രാഷ്ട്രീയ പാർട്ടികളും ജാതി സെൻസസ് വേണമെന്നാണ് ശുപാർശ ചെയ്തത്. എങ്കിലും, കോൺഗ്രസ് സർക്കാർ ജാതി സർവേ നടത്താനാണ് തീരുമാനിച്ചത്. കോൺഗ്രസും അവരുടെ ഇന്ത്യ സഖ്യ പങ്കാളികളും ജാതി സെൻസസ് ഒരു രാഷ്ട്രീയ ഉപകരണമായി മാത്രമേ ഉപയോഗിച്ചിട്ടുള്ളൂ എന്ന് നന്നായി മനസിലാക്കാം," അശ്വിനി വൈഷ്ണവ് പറഞ്ഞു.
"ചില സംസ്ഥാനങ്ങൾ ജാതി സംബന്ധമായ കണക്കുകൾക്കായി സർവേകൾ നടത്തിയിട്ടുണ്ട്. ചില സംസ്ഥാനങ്ങൾ ഇത് നന്നായി ചെയ്തിട്ടുണ്ടെങ്കിലും, മറ്റു ചിലത് സുതാര്യമല്ലാത്ത രീതിയിൽ രാഷ്ട്രീയ കോണിൽ നിന്ന് മാത്രമാണ് അത്തരം സർവേകൾ നടത്തിയത്. അത്തരം സർവേകൾ സമൂഹത്തിൽ സംശയങ്ങൾ സൃഷ്ടിച്ചു. രാഷ്ട്രീയം നമ്മുടെ സാമൂഹിക ഘടനയെ അസ്വസ്ഥമാക്കുന്നില്ലെന്ന് ഉറപ്പാക്കാനായി സർവേകൾക്ക് പകരം ജാതി സർവേ കൂടി സെൻസസിൽ ഉൾപ്പെടുത്താനാണ് കേന്ദ്ര സർക്കാർ തീരുമാനിച്ചിരിക്കുന്നത്," അശ്വിനി വൈഷ്ണവ് പറഞ്ഞു.