
ഹേമ കമ്മിറ്റി മാതൃകയിൽ ബംഗാളി സിനിമാ മേഖലയിൽ അന്വേഷണ കമ്മിറ്റി രൂപീകരിക്കണമെന്ന ആവശ്യവുമായി നടി ഋതഭാരി ചക്രബർത്തി. നിരവധി പേർ ലൈംഗിക താത്പര്യത്തോടെ മോശമായി പെരുമാറിയിട്ടുണ്ടെന്ന് വെളിപ്പെടുത്തിയ നടി വിഷയത്തിൽ മമത സർക്കാർ ഇടപെടണമെന്നും ആവശ്യപ്പെട്ടു.
ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയെ ടാഗ് ചെയ്തുകൊണ്ടാണ് ഫേസ്ബുക്കിൽ നടി ഋതഭാരിയുടെ പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. തനിക്കെതിരെ അടക്കം നിരവധി പേർക്ക് ബംഗാളി സിനിമയിൽ മോശം അനുഭവങ്ങളുണ്ടായിട്ടുണ്ടെന്ന് നടി പറയുന്നു.
"എനിക്ക് അറിയാവുന്ന നടിമാര്‍ പലരും സമാനമായ പ്രശ്‌നങ്ങള്‍ ഉന്നയിക്കുന്നുണ്ട്. എനിക്കും സമാനമായ അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. വൃത്തികെട്ട മനസുള്ള നായകരും സംവിധായകരും നിര്‍മാതാക്കളുമെല്ലാം അവര്‍ ചെയ്യുന്ന പ്രവൃത്തിയില്‍ ഒരു പ്രത്യാഘാതവും നേരിടാതെ സിനിമയില്‍ തുടർന്നു പ്രവര്‍ത്തിക്കുന്നു. സ്ത്രീകളെ വെറും മാംസമായി മാത്രം കാണുന്ന ഇവര്‍ ആര്‍ജി കര്‍ ആശുപത്രിയില്‍ കൊല്ലപ്പെട്ട പെണ്‍കുട്ടിക്ക് വേണ്ടി കത്തിച്ച മെഴുകുതിരികളുമായി നില്‍ക്കുന്നത് വരെ കണ്ടു," നടി സോഷ്യൽ മീഡിയയിൽ കുറിച്ചു.
എന്തുകൊണ്ട് കേരളത്തിലെ ഹേമ കമ്മിറ്റി മാതൃകയിൽ സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ അന്വേഷിക്കാൻ ബംഗാളിൽ കമ്മീഷനെ നിയമിച്ചുകൂടാ എന്നും ഋതഭാരി ചക്രബർത്തി ചോദിക്കുന്നു.
ഒരുപാട് സ്വപ്നങ്ങളുമായി വന്ന പലർക്കും ഇത്തരം ഇരപിടിയൻമാരുടെ വലയത്തിൽ പെട്ടുപോകേണ്ടിവന്നിട്ടുണ്ട്. അതുകൊണ്ട് തന്നെ ഹേമ കമ്മിറ്റി മാതൃകയിൽ മോശം അനുഭവങ്ങൾ തുറന്നുപറയാനുള്ള സാഹചര്യം ബംഗാൾ സർക്കാർ ഒരുക്കണമെന്നാണ് നടി ആവശ്യപ്പെടുന്നത്.